എന്റെ അക്ഷര ലോകത്തേക്ക്‌ സ്വാഗതം..... !!!

കിനാവുകളുടെ പെരുമഴയും, നോവിന്റെ നീർ‍ക്കുടങ്ങളും, ആനന്ദത്തിന്റെ ആർ‍പ്പുവിളികളും ഇവിടെ നിങ്ങളെ തേടിയെത്തിയേക്കാം...

എന്റെ മിഴിത്തുമ്പിലുതിർ‍ന്ന പാതിപൊള്ളിയ അക്ഷരങ്ങളിലൂടെ...

"കവിത കഥ തന്നെയാണ്. 'കഥയമമ... കഥയമമ' എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി. കവിതകളിലൂടെയാണ് ഏറ്റവും നല്ല കഥകള്‍ വന്നത്. ഇപ്പോഴുള്ള കവിതകള്‍ സിനിമയിലെ എഡിറ്റിങ് പോലെയാണ്. കഥയ്ക്ക് പ്രചാരം ലഭിച്ചത് കവിതയിലൂടെയാണ്. സംഗീതമാണ് കഥ. രണ്ടിനും വേര്‍തിരിവില്ല -- പുനത്തില്‍ കുഞ്ഞബ്ദുള്ള~~~~~~~"ബാഹ്യവസ്തുക്കളെ പ്രാപ്തമാക്കുന്നതുകൊണ്ട് ആരും മഹാനായിത്തീരുകയില്ല. അതുപോലെ പുറമേനിന്ന് കിട്ടുന്ന അറിവുകൊണ്ട് ആര്‍ക്കും ജ്ഞാനം നേടാന്‍ കഴിയുന്നതുമല്ല. എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരേയൊരു മാര്‍ഗം മാത്രമേയുള്ളൂ-സ്വയത്തെ അറിയുക -- ഓഷോ" ~~~~~~ "ഒരു തെറ്റായ ഫ്രെയിം ഒരു തെറ്റായ കാഴ്ചയാണ്. അതു തിരുത്തിയേ പറ്റു. അത് അത്രയും cruel ആണ്. അത്രയും കൃത്യവും ആണ് --എം.എന്‍ വിജയന്‍" ~~~~~~~~~~~~ “യുദ്ധം അവസാനിക്കാൻ വേണ്ടി ഇന്നത്തെ എല്ലാ രാഷ്ട്രീയ നായകന്മാർക്കും, എല്ലാ മത പ്രതിനിധികൾക്കും, എല്ലാ ചിന്തകന്മാർക്കും, എല്ലാ പട്ടാളക്കാർക്കും, ഭൂമിയിലുള്ള ഓരോ സ്ത്രീ-പുരുഷന്മാർക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള നല്ല വരട്ടു ചൊറി വരണം. -- വൈക്കം മുഹമ്മദ് ബഷീർ” ~~~~~~~~~~~~ "പുരാണകഥകളും മിത്തുകളും കടങ്കഥകളും കവിതയിലുപയോഗിച്ചതുകൊണ്ട് കവിത മിത്തായിക്കൊള്ളണമെന്നില്ല. അഗാധവും അര്‍ത്ഥവത്തുമായ ഒരനുഭവ യാഥാര്‍ത്ഥ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു മിത്തുണ്ടായി എന്നുവരാം. മിത്തുണ്ടാക്കാന്‍ വേണ്ടി കവിത എഴുതിയാല്‍ മിത്തുണ്ടാവില്ല; കവിതയുമുണ്ടാവില്ല. ഒരു നഷ്ടക്കച്ചവടം മാത്രമായിത്തീരും" -- എന്‍ . എന്‍. കക്കാട് ~~~~~~~~~~~~ "ഒരു കലാകാരന്‍ ജീവിതം പിഴിഞ്ഞുപിഴിഞ്ഞ് ഇത്തിരി കണ്ണീരും ഇത്തിരി കിനാവും ചേര്‍ത്ത് വാക്കിന്‍കൂടില്‍ വായനക്കാരന് നല്‍കുകയാണ്. വായനക്കാരന് ചെയ്യാനുള്ളത് ഇത്രമാത്രം. വൃഥയുടെ ഒരു കമ്പ് മനസ്സില്‍നിന്ന് ഊരിയെടുത്ത് ആ വാക്കിന്‍കൂടില്‍ നിന്ന് ഇത്തരി തീ കൊളുത്തുക" --പി.കെ.പാറക്കടവ് ~~~~~~~~~~~~"തോടുടഞ്ഞ്‌ ഒരു കോഴിക്കുഞ്ഞ്‌ പുറത്തു വരും പോലെ, വിത്തു പൊട്ടി ഈരില വിരിയും പോലെ, ഒരു കവിത പിറക്കുന്നു. അത്‌ ആത്മാവില്‍ നിന്ന്‌ താളിലേക്ക്‌ പറിച്ചുവെക്കുന്നതിന്റെ വേദന കവി മാത്രമറിയുന്നു. കവിത മനസ്സിലിരുന്നു മൂക്കുന്നു, വിങ്ങിപ്പൊട്ടുന്നു. സ്വന്തം രൂപം തേടുന്നു. പിറന്നു കഴിഞ്ഞാലുള്ള സുഖാലസ്യവും കവി മാത്രമറിയുന്നു. കവിത എന്റെ സ്വപ്നമാണ്‌. യാഥാര്‍ത്ഥ്യമേല്‍പ്പിക്കുന്ന മുറിവുകളുടെ വേദന ശമിപ്പിക്കുന്ന സ്വപ്നം.കവിത എന്റെ ഓര്‍മ്മയാണ്‌. മരണത്തെ വെല്ലുന്ന ഓര്‍മ്മ. കവിത സ്നേഹമാണ്‌. ഏതു ദുരന്തത്തേയും ഒഴിവാക്കാനുള്ള ഔഷധമായ സ്നേഹം. കവി സ്നേഹത്തെ സ്നേഹിക്കുന്നു" --ഒ.എന്‍.വി *****

"വീടാക്കടം പോലൊരു യാത്ര"











ഇന്നുവരെ:
എന്റെയൊരു യാത്രയും 
തനിച്ചുള്ളതായിരുന്നില്ലല്ലോ?

ആത്മകഥകൾക്ക് പോലുമന്ന്യപ്പെട്ട്  
താളക്രമമില്ലാതെ
ഹിതങ്ങൾക്ക് വഴിപ്പെട്ട
യാത്രകളോരോന്നും
നിയോത്തായിരുന്നുവല്ലോ എന്നും?

നമ്മൾ മാത്രമാവുന്ന 
ഇടവഴികളിലെങ്കിലും 
നിന്റെ കൈ കോർത്തു നടക്കുവാൻ 
ഞാൻ കൊതിച്ചിരുന്നു.
അതൊരിക്കലും നീയറിഞ്ഞിരുന്നില്ലെന്നും 
ഞാൻ വിശ്വസിച്ചു.

അതുകൊണ്ട് തന്നെ -
നിന്റെ വിരലിലെ മുറിപ്പാടുകൾ 
ഞാൻ കണ്ടില്ലെന്നു നടിച്ചു.

നിന്നിലൂടെ ഒഴുകിയൊലിക്കുന്നത് 
എന്റെ കൂടെ പാപങ്ങളായിരുന്നു.

എന്നും:
അഹന്ത മാത്രം ആവേശിക്കപ്പെടുന്ന 
ആത്മകഥായനങ്ങളുടെ 
സർപ്പക്കളങ്ങളൊന്നിൽ 
മേൽവിലാസം മറന്നുവെക്കാൻ 
ഓർമ്മിച്ചത് 
നമ്മളിൽ ആരായിരുന്നു?

ചോദ്യങ്ങളേക്കാൾ മുന്നേ 
ഓടിയൊളിക്കുന്ന ഉത്തരങ്ങളിൽ 
നിന്റെ കണ്ണു നിറഞ്ഞൊഴുകുമ്പോൾ,
ഇടം കണ്ണിൽ 
ഞാൻ കണ്ടയുത്തരങ്ങളെ 
മറച്ച് വെച്ചത് മനഃപൂർവ്വമായിരുന്നു.

ഇനി:
ഒരിക്കലെങ്കിലും 
കടംകൊണ്ട കാലത്തിൽ 
വീടാക്കടം പോലൊരു 
യാത്ര പോവേണമെനിക്ക്.
മേൽവിലാസം നെഞ്ചിൽ കോറിയിട്ട്,
ഇടവഴികൾ തിരയാതെയൊരു യാത്ര.
ചോദ്യങ്ങളും ഉത്തരങ്ങളും 
നമ്മൾ തന്നെയാവുന്നൊരു യാത്ര.
കാതങ്ങൾ താണ്ടി 
നിന്റെ ഗര്ഭമുഖത്തോടുങ്ങുന്നൊരു യാത്ര.

എന്നിട്ട് 
നിന്റെ പൊക്കിൾക്കൊടിയിലൂടെ 
നിന്റെ മടിയിൽ ഉയിരെടുക്കണം.
കടങ്കഥ പോലൊരു പുനർജന്മം....!!!

ഷഹീർ.കെ.കെ.യു.

"റൂമി; പറഞ്ഞു തന്നത്” "







പ്രണയ പറുദീസകളിൽ 
അടയാളപ്പെട്ടിട്ടില്ലാത്ത 
മൗനങ്ങളുടെ തുരുത്തൊന്നിൽ  
തിരകളെണ്ണി 
ഞാനും റൂമിയുമിരിക്കുന്നു.

കൂട്ടിന്,
മറന്ന പ്രണയത്തിന്റെ 
ചിലന്തി വലക്കുള്ളിലകപ്പെട്ട 
കുറേ സ്‌മൃതികുംഭങ്ങളും 
പിന്നെ,
വെറുതെയെന്റെ കാലിൽ
നക്കിയിരിക്കുന്ന 
ഒരൊച്ചിൻ കുഞ്ഞും മാത്രം.

"നിന്നെ" തിരഞ്ഞില്ലാതായ 
"എന്റെ" നീലാകാശങ്ങളിൽ 
രാക്കുയിലുകൾ പാടാതായിരിക്കുന്നു.
ചോരയൊലിക്കുന്ന ഞരമ്പുമായ്‌ 
കാലത്തിന്റെ സന്തൂറിലിപ്പോൾ 
ആജീവനത്തിന്റെ ശ്രുതി മാത്രം.

നൂറ്റാണ്ടുകൾക്കപ്പുറത്തെ 
നിദ്രയിൽ നിന്നുമുതിർന്ന്‌ 
റൂമിയുടെ മറ്റൊരീണം കൂടെ 
"ഷഹബാസ് അമൻ" പാടി നിർത്തുമ്പോൾ 
ഒരു തുടം കണ്ണീരു മാത്രം 
ബാക്കിയാവുന്നു.

ഹേ..മൗലാനാ...
ഹേ..ജാലാലുദ്ധീൻ മൗലാനാ...
ആ കാണുന്ന നക്ഷത്രങ്ങളിലൊന്ന് 
എനിക്കേറ്റവും പ്രിയപ്പെട്ടതാണ്.
സ്നേഹത്തിന്റെ അനുയാത്രയിൽ 
എരിഞ്ഞടരും മുൻപ്,
നീ ഒരിക്കൽ... 
ഒരിക്കലെങ്കിലും...
ഒറ്റപ്പെടലിന്റെ കഥ പറയുക. 

കൂടണയാൻ മറന്ന 
കടൽ പക്ഷികളിലൊന്ന് 
ഉപ്പിച്ച കാറ്റിനോട് കൊക്കുരുമ്മി.

മൗനമെരിയുന്ന ഇരുട്ടിൽ 
തിരസ്കാരത്തിന്റെ 
മറ്റൊരു കഥ കൂടെ 
റൂമി പറയുവാൻ തുടങ്ങവേ,
വേദനയുടെ പിൻവഴികളിലേക്ക് 
ഞാൻ നടക്കാൻ തുടങ്ങി..

എന്റെ പിന്നിൽ 
വഴിതെറ്റിയൊരു വാൽനക്ഷത്രം 
റൂമിയുടെ കണ്ണിൽ വീണുടഞ്ഞു.

ഷഹീർ കുഞ്ഞാപ്പ

“കബാബ് റൈസിന്റെ ദേശീയത”











കോൺക്രീറ്റ്‌ കെട്ടിടങ്ങളുടെ
ചരമക്കോളങ്ങളിൽ തൂങ്ങിക്കിടക്കുന്ന
വെള്ളിയാഴ്ച്ചയുടെ പകൽ,
ഫിഫ്ത് അവെന്യുവിലെ
മസ്ജിദിനു താഴെ നിറഞ്ഞൊഴുകുമ്പോൾ;
ഒരു 'പാക്കിസ്ഥാനി'യുടെ ഉന്തുവണ്ടിയിലെ
തിളക്കുന്ന എണ്ണച്ചട്ടിയിൽ
എന്റെ ദേശീയത
വെന്തു പാകമാവുകയാണ്‌ ...!

വണ്ടിച്ചക്രങ്ങളുരഞ്ഞ്
വികൃതമായ നടപ്പാതയൊന്നിൽ,
കറാച്ചിയും, കാശ്മീരും, കന്യാകുമാരിയും
ആറു ഡോളറിന്റെ കബാബ് റൈസിലെ
രുചിക്കൂട്ടുകളായി മാറുമ്പോൾ,
'ഖാലിദ് ബായ്' വിളമ്പിയ
തെളിച്ചമുള്ളയോർമ്മകളിൽ
ബോംബേയുടെ തെരുവുകളുണ്ട്.
വടാപാവും, ബക്‌രിയും ചിവ്ഡയുമുണ്ട്‌.
വിട്ടെറിഞ്ഞു പോരേണ്ടി വന്ന
മണ്ണിന്റെ മണമുണ്ട്.
പിടിച്ചു വാങ്ങിയ സ്വാതന്ത്ര്യം
നെഞ്ചു വെട്ടിപ്പൊളിക്കുന്നതിനും
മുൻപേയുള്ളയോർമ്മകളിൽ
നുഴഞ്ഞു കയറ്റിറക്കങ്ങളില്ലാത്ത,
കണ്ണീരിന്റെ നനവുണ്ട്‌...!

ഹേ ന്യൂയോർക്ക്‌...
നീ സുന്ദരിയാണ്‌..!!!
വശ്യതയുടെ മേലാപ്പിനുള്ളിൽ
കനവുകളൊളിപ്പിച്ചവൾ.
വന്യമായ രാവറുതികളിൽ
അണിഞ്ഞൊരുങ്ങിയൊരു
തെരുവുപെണ്ണിന്റെ വശ്യതയെങ്കിലും,
നീ കൂടുതൽ സുന്ദരിയാവുന്നത്
അതിർത്തികളില്ലാത്ത
നിന്റെ തെരുവുകളിലെവിടൊക്കെയോ
വീണുറങ്ങുന്ന തെണ്ടികളിൽ
ഞാനും ഖാലിദുമുള്ളതിനാലാണ്‌.
മഞ്ഞനിറമുള്ള ടാക്സിക്കാറുകളൊന്നിൽ
മറ്റൊരു ഖാലിദിന്റെ പുറകലിരുന്ന്‌
എനിക്കു യാത്രചെയ്യാനാവുമ്പോഴാണ്‌.
മുറിപ്പെട്ടു നേടിയ സ്വാതന്ത്ര്യത്തിനൊപ്പം
പടിയിറക്കപ്പെട്ട ഓർമകളെ
ഒരുന്തുവണ്ടിയിലെ രുചിക്കൂട്ടിനൊപ്പം
തിരിച്ചു നല്കുന്നതിനാലാണ്‌.

അതെ, ഈ നിമിഷത്തിൽ
നിന്റെ സൌന്ദര്യവും,
മുറിപ്പെടാത്തയെന്റെ ദേശീയതയും
ആറു ഡോളറിന്റെയീ കബാബ് റൈസിലാണ്‌.

ഷഹീർ കെ.കെ.യു

“പുഴക്കരയിലൊരുത്തൻ"










ഇന്നത്തെയീ പകലിനൊപ്പം

ചത്തൊടുങ്ങുന്ന

പുഴകളെല്ലാം കൂടിച്ചേർന്ന്

ഒരു മലയാകും.

മലമുകളിലൊരു

വയസ്സൻ കൊക്ക്‌

കാടു വളർത്താൻ 

ആദ്യം താടി വളർത്തും.

പിന്നെ കവിതകൾ ചൊല്ലും

ചൊൽപേച്ചും സ്വയം പേച്ചും

ഇല്ലാത്ത ചിലർ,

കവിപ്പേച്ചിലില്ലാത്ത

അതിർത്തികൾക്കപ്പുറവും

ഇപ്പുറവുമിരുന്ന്

വേലിപ്പുടവക്കായ്‌ പകിടയുരുട്ടും.

യമുനാപർവ്വമെന്നോ 

നിളാമലയെന്നോ,

കാവേരിക്കുന്നെന്നൊ,

കല്ലായി കൊടുമുടിയെന്നൊ

നിങ്ങളതിനെ ചൊല്ലിവിളിക്കും

പക്ഷെ...,

പേരല്ല പ്രശ്നം.

അതിന്റെ പേരോർത്തല്ല

എന്റെ ചങ്കിടിക്കുന്നത്‌.


എന്റെ പഴങ്കഥകൾ

കേട്ട്‌ കേട്ട്‌

പുഴക്കഥകളിലെ

പുഴമീൻ രുചിപുരാണം

കേട്ട്‌ കേട്ട്‌

പുഴമീൻ തിന്നാനെങ്കിലും

കൊതിയെടുത്ത നമ്മുടെ മക്കൾ;

 മലയുടെ മൂട്ടിൽ

തീ കൊളുത്തി,

മലവെട്ടി,

കല്ലുരുക്കി,

വീണ്ടും പുഴയൊഴുക്കാൻ

സേർച്ച്‌ എഞ്ചിനുകളിൽ

പരതിക്കുഴയുന്ന

കാഴ്ചയാണ്‌

എന്നെ കുഴക്കുന്ന പ്രശ്നം.

നീരൊഴുക്കറിഞ്ഞിട്ടില്ലാത്ത

 തലമുറ മക്കൾ

മലങ്കണ്ണീരിന്റെയറ്റത്ത്‌

എനിക്ക്‌

ഖബറൊരുക്കുന്ന

കാഴ്ച്ചയാണെന്റെ പ്രശ്നം.


ചുട്ടുപഴുത്ത മലഞ്ചെരുവിൽ

വേലിപ്പത്തലിന്റെ

വീതംവെപ്പിനായ്

പിന്നെയും പിന്നെയും വെടിയൊച്ചകൾ

മുഴങ്ങുമല്ലോയെന്നതാണ്

തുരുമ്പിച്ചയൊരു

ചൂണ്ടക്കൊളുത്തിൽ കുരുങ്ങി

പുഴക്കരയിലിരുന്ന്

വരണ്ടു പിടയുന്നയെന്റെ

ചിന്തകളെ കറുപ്പിക്കുന്നത്‌.


ഷഹീർ കുഞ്ഞാപ്പ

“ജയിച്ചത് അവൾ തന്നെയാണ്‌”








രക്തം മണക്കുന്ന
നീർച്ചോലകൾക്കപ്പുറത്തു നിന്നും
കരിമ്പാറകെട്ടുകൾ പോലെ
ഉറച്ചു പോയ ശബ്ദങ്ങൾ
അധികാരമുഷ്ക്കിന്റെ കാടിറങ്ങി വരുമെന്ന
കാത്തിരിപ്പിലാവണം
പെണ്ണ്‌ തോറ്റു പോയത്.

കാമത്തിന്റെ ചുരമിറങ്ങിയ
നപുംസകങ്ങൾ
അവളുടെ നാഭിക്കിരുവശമിരുന്ന്
ഇനിയേറെക്കാലം
പടയെടുക്കുമെന്ന സത്യം
തിരിച്ചറിയാതിരുന്നിടത്തവൾ
വീണ്ടും തോറ്റുപോയിരിക്കാം.

അധികാരമുകുരങ്ങളിലള്ളിപ്പിടിച്ചിരുന്ന്
ആയുസ്സൊടുങ്ങാറായ
‘ഷണ്ഠൻ ഭോഗി’ കളുടെ മുഖമറകൾ
വൈകിയെത്തുന്ന വെളിപ്പെടുത്തലുകളിൽ
ഉരിഞ്ഞു വീഴുമെന്നാശിച്ചയിടത്തും
അവൾ തോൽപ്പിക്കപ്പെട്ടിരിക്കാം.

ഒട്ടുപാലിന്റെ നാറ്റമുള്ള
ഒറ്റുകാരന്റെ വിയർപ്പിൽ മുക്കി
ദിവ്യസ്നാനം ചെയ്ത
അപ്പക്കഷണങ്ങളിലും,
വടിച്ചു കളഞ്ഞ താടിരോമത്തിലും,
പുഴുവരിക്കുന്ന തെളിവുകളിൽ
കടിച്ചു തൂങ്ങുമ്പോൾ
അവൾ വീണ്ടും വീണ്ടും തോൽപ്പിക്കപ്പെട്ടേക്കാം.

പക്ഷെ.....
ആണ്ടുകൾക്കിപ്പുറം
കപട നീതിയുടെ
സഹതാപങ്ങൾക്ക്‌
അവളുടെ പേരുപോലുമന്ന്യപ്പെട്ടിട്ടും,
നൂറു തവണയും തോറ്റയിടത്ത്,
ആത്മഹത്യയെന്ന തോൽവിയിൽ നിന്നും
പിന്തിരിഞ്ഞ്‌,
തളരാതെ ജീവിക്കുമ്പോൾ,
ജയിക്കുന്നത് അവൾ മാത്രമാണ്‌.
അവളുടെ മാത്രം വിജയം.
വേദനിപ്പിക്കുന്നതെങ്കിലും
ഉറപ്പുള്ള വിജയം!!!

ഷഹീർ.കെ.കെ.യു

ചോദ്യം










എന്റെ ചോദ്യം
അതു നീ കേട്ടില്ലെന്നു നടിക്കുക.
ഉത്തരമില്ലാത്തയാ
ചോദ്യമെങ്കിലും
എന്റേതായവശേഷിക്കട്ടെ.
ചില ചോദ്യങ്ങളങ്ങനെയാണ്‌
ഉത്തരങ്ങളേക്കാൾ
ഗാഢവും ശക്തവും,
വേദനിപ്പിക്കുന്നതുമായിരിക്കും.
എങ്കിലും
നീയാ ചോദ്യം കേട്ടിലെന്നു നടിക്കുക.
നിന്റെ വാക്കും
നിന്റെ മറുപടിയും
നിന്റെ മൌനം പോലെ
മാന്ത്രികമെങ്കിലും
നീയാ ചൊദ്യത്തിനുത്തരം
നല്കാതെ പോവുക.
നീയതിന്റെ
ഉത്തരം നല്കുന്ന നിമിഷം
നിന്നെ പോലെ ആ ചോദ്യവും
എന്റേതല്ലാതായിത്തീരും.
നഷ്ടങ്ങളിൽ നഷ്ട്ടപ്പെടാതെ
ഒരു ചോദ്യമെങ്കിലും...

ഷഹീർ.കെ.കെ.യു

“മോചനം”











കഴിയുമെങ്കിൽ,

ശവപ്പറമ്പുകളെല്ലാം

ഉഴുതുമറിക്കണം.

ചെമ്പട്ടു പുതപ്പിച്ചതും,

മൂന്നുമുഴം വെള്ള പുതപ്പിച്ചതിനേയും,

ശവപ്പെട്ടിയിലുറങ്ങുന്നതിനേയും

തിരഞ്ഞു പിടിക്കണം.

തീനാളങ്ങളിൽ നിന്നും

എല്ലിൻ തുണ്ടുകളെടുത്ത്‌ മാറ്റണം.

എന്നിട്ട്

എല്ലാത്തിനേയും

മോചിപ്പിക്കണം.

ഒസിയത്തുകളിൽ പറഞ്ഞിട്ടില്ലാത്ത

ആത്മാവുകളുടെ മോചനം.


ഓർമ്മയിൽ,

മോക്ഷം കാത്തു കിടക്കുന്നു

കുറേ മുഖങ്ങൾ.

പതിനഞ്ചു കൊല്ലം മുൻപ്

തെരുവുപട്ടിയോടൊപ്പം 

മരിച്ചു വീണ

ഒരു മാർവാടിയുടെ മുഖം,

പിന്നെയൊരു ഭ്രാന്തൻ ശങ്കരൻ,

പൊലീസിനൊപ്പം 

കോളറിലെ അഡ്രസ്സ് തിരഞ്ഞുപോയ

ഏതൊ ഒരു വഴിയാത്രക്കാരൻ,

കള്ളിമുള്ളുകൾക്കിടയിൽ കിടന്ന

പാതിയുടുപ്പില്ലാത്തയൊരു പെണ്ണ്‌,

ഇന്നലെയീ തെരുവിൽ

ആർത്തലച്ചു വന്ന ആമ്പുലൻസിൽ

കയറ്റിവിട്ട സായിപ്പച്ചായൻ,

പിന്നെയും ഒരുപാട് മുഖങ്ങൾ..!


എല്ലാ ആത്മാക്കളെയും മോചിപ്പിക്കണം.

ഒസിയത്തുകളിൽ പറഞ്ഞിട്ടില്ലാത്ത

മോചനങ്ങൾ....മോക്ഷങ്ങൾ...!!!


ശേഷം,

കോടാനുകോടി

പ്രേതങ്ങളെ മോചിപ്പിച്ചൊഴുക്കിയിട്ടും

മോക്ഷമില്ലാത്ത

ഗംഗയുടെ തീരത്ത്

മോചനം” എന്ന പേരിൽ 

ഞാനൊരു മാടക്കട തുടങ്ങും.

പീടികത്തിണ്ണയിൽ,

സെക്കന്റ് ഹാൻഡ് ശവപ്പെട്ടികളും,

വെള്ളയുംകറുപ്പും

പിന്നെ ചെഞ്ചുകപ്പുള്ള

തുണിക്കഷണങ്ങളും

പാതി കത്തിയ അഗർബത്തി തുണ്ടുകളും

കരിഞ്ഞു തീർന്നിട്ടില്ലാത്ത 

വിറകുകൊള്ളികളും

നിരത്തിവെക്കും.

മോക്ഷമില്ലാതാവുന്നവർക്കായി

ഒരു മോചനശാല.


ഞാനവിടെയുണ്ടാവും

മറ്റൊരു ദിക്കിൽ നിന്നും

ഒരുത്തനോ

ഒരുത്തിയോ എത്തി

എന്റെയാത്മാവു മോചിപ്പിക്കും വരെ

 പീടികച്ചായ്പ്പിൽ ഞാനുണ്ടാവും.



ഷഹീർ.കെ.കെ.യു

“സദാചാര സർട്ടിഫിക്കറ്റ്”







അധാർമികതയുടെ കൂട്ടിക്കൊടുപ്പിനായ്‌
ജനാധിപത്യത്തിന്റെ കാവല്പ്പുരകൾ തുറന്നിരിക്കുമ്പോൾ
സദാചാരത്തിന്റെ കാഹളമൂതുന്ന വിഡ്ഡികൾ
വേട്ടമൃഗത്തിന്റെ തൊലിപ്പുറത്തിരുന്ന്‌
നിന്നെയും എന്നെയും നോക്കി
കൊഞ്ഞനം കുത്തും.

അയലത്തെ കിടപ്പുമുറിയിലെ നിശ്വാസങ്ങളിൽ,
നിഷ്കാസിത സത്യങ്ങളുടെ ഉള്ളറകളിൽ,
ആജീവനത്തിന്റെ മുറവിളികളിൽ,
അരാഷ്ട്രിയതയുടെ ഒളിഞ്ഞുനോട്ടങ്ങളിൽ,
അസഹിഷ്ണുതയുടെ തിരയിളക്കങ്ങളിൽ,
അങ്ങനെയെല്ലായിടത്തും
സദാചാരത്തിന്റെ ക്യാമറക്കണ്ണുകൾ
‘വിബ്ജിയോർ’ ന്റെ കണക്കെടുപ്പു നടത്തും.

പിച്ചിചീന്തിയെറിയപ്പെട്ട യൌവനങ്ങളിൽ
മൂല്യച്ച്യുതിയുടെ ആറാം വിരലുടക്കും.
ആറാം വിരലില്ലാത്ത കൈകളിലൊന്ന്‌
ഗർഭം തുരന്ന ലോഹച്ചീളുകളിലെത്തിപ്പിടിക്കും.
ചിന്നിച്ചിതറാതെപോയ തലയോട്ടികളിലൊന്നിൽ
കാരുണ്യത്തിന്റെ വാടകചീട്ടുകൾ പതിയും.
അപ്പോഴും
ദാസിപ്പുരയിൽ വെയിൽകായുന്ന നീതിക്ക്‌ കൂട്ടിരിക്കാൻ
തിരുത്തിയെഴുതപ്പെട്ട മരണമൊഴികളിൽ
ഒന്നെങ്കിലുമുണ്ടാവും.

നമുക്കു ചെയ്യാനൊന്നു മാത്രം.
ഇനിയെപ്പോഴും,
മുലപ്പാലിന്റെ ബന്ധം തെളിയിക്കാൻ
ജനന സർട്ടിഫിക്കറ്റു കരുതുക.
താലിയുടെ തണലിന്‌
കല്യാണ സർട്ടിഫിക്കറ്റും.
സദാചാരത്തിന്റെ കാവലാളുകൾ കാണാതെ മാത്രം
മകളുടെ നെറുകയിൽ ചുംബിക്കുക.
കാരണം
നമ്മൾ മലയാളികളാണ്‌.
ദൈവത്തിന്റെ സ്വന്തം മലയാളികൾ.
സദാചാരത്തിന്റെ കാവലാളുകൾ.

ഷഹീർ.കെ.കെ.യു

“ഭാര്യായനങ്ങൾ”

“തേപ്പുപെട്ടി”
ഓരോ ദിവസവും
വടിവൊത്ത മടക്കോടെ
എന്റെ ഷർട്ടും പാന്റും
തേച്ചുവെക്കുമ്പോഴും,
അവളുടെ ചിന്തയെല്ലാം
ചുളിവു നിവരാത്തയെന്റെ
മനസ്സിനെ കുറിച്ചായിരുന്നു.

“അടുക്കള”
ഫേസ്ബുക്കിലെ അടുക്കളയിൽ
വെച്ചും വിളമ്പിയും
രസിച്ചിരുന്നയവൾ,
തൊട്ടപ്പുറത്തെ
വറച്ചട്ടിയിലിരുന്ന്‌
നിലവിളിച്ച
എന്റെ വിശപ്പു മാത്രം
ഒരിക്കലും അറിഞ്ഞതേയില്ല.

“കലഹം”
കലഹങ്ങൾക്കൊപ്പം
മിടിച്ചില്ലാതായ നിമിഷങ്ങൾ തൂക്കി വിറ്റ്‌
ഞാനൊരു സാരി വാങ്ങി.
ഒന്നും പറയാതെ,
ചിരിയിൽ ചിരിക്കാതെ
അവളതെടുത്തുടുത്തു.
അന്നു വീണ്ടുമൊരിക്കൽക്കൂടെ
ഞങ്ങളുടെയിടം കണ്ണുകളിൽ
പ്രണയം പൂത്തുലഞ്ഞു.

ഷഹീർ.കെ.കെ.യു

“സ്വപ്നാടനം”













ഒരുറക്കത്തിനപ്പുറത്തെ
കൽപ്പിത കാഴ്ച്ചകളാണ്‌
നമുക്കിനിയുള്ള സ്വപ്നങ്ങൾ.
ഒരേ നിറമുള്ള സ്വപ്നങ്ങൾ.
നിന്റെ സ്വപ്നങ്ങളിൽ ഞാനും,
എന്റെ സ്വപ്നങ്ങളിൽ നീയും മാത്രം.

ഇണചേരാനറിയാത്ത
രണ്ടു സർപ്പജന്മങ്ങളായ്‌
നീയും ഞാനും.
ഞാനൂരിയിട്ട തോലെടുത്ത്‌
നീയുടുക്കുക.
നിന്റേതുകൊണ്ടെന്നെ ഉടുപ്പിക്കുക.
പുനർജന്മം പോലെ
നമുക്കോരോ പടം പൊഴിച്ചിലുകൾ.

കൊക്കുരുമ്മാനറിയാത്ത
രണ്ടു അടക്കാപക്ഷികളായ്‌
നീയും ഞാനും.
അപശകുനങ്ങളുടെ മാറിലേക്ക്‌
പൊഴിച്ചിടുന്ന തൂവലുകൾ.
ബാക്കിയുള്ളാറു ജന്മങ്ങളിലും
നിനക്കണിയാനെന്നും
എന്റെ തൂവലുടുപ്പുകൾ;
എനിക്ക്‌ നിന്റേതും.

ചുണ്ടു നനക്കാനറിയാത്ത
രണ്ടു പരൽമീനുകളായ്‌
നീയും ഞാനും.
നിന്റെയടയാത്ത മിഴികൾക്കടിയിൽ
എന്റെ പ്രാണനൊളിപ്പിക്കുക.
നിനക്കൊളിക്കാനെന്റെ മിഴികൾ.
അകക്കാഴ്ച്ചകൾക്കുമപ്പുറം
പുണ്യം പൊലെ പുലരികൾ
നമുക്കായ് മാത്രം.

പാതിയുടഞ്ഞ ചിന്തകളിൽ
മരണം കോരിയെടുക്കും മുൻപ്‌
നമുക്കൊന്നുറങ്ങാം;
അതിനു മുൻപ്‌,
ഒരുറക്കത്തിനപ്പുറത്തെ
അവസാന പിടച്ചിലിനു മുൻപ്‌,
ഒരു തവണ കൂടെ
നിന്റെ പ്രണയമെന്നൊടു പറയുക.
എന്നിട്ട്‌...,
എനിക്കു പകരം നീ മരിക്കുക.
നിനക്കു പകരം ഞാനും.


ഷഹീർ.കെ.കെ.യു

"ഇരുളാഴങ്ങളിൽ "




പ്രിയനേ...
പതിയെ നിലത്തൂർന്നു വീണ
നിഴൽത്തുരുത്തിലൊന്നിൽ
നീയും ഞാനും
അപരിചിതരല്ലാതായിത്തീരാം.
നെടുകെ പിളർത്തിയ
ഒരൊറ്റ രാത്രിയുടെ
സ്നേഹസമ്പന്നതക്ക്‌
ഒരു ജീവിതം പകരം തരാം.
ഇരുളാഴങ്ങളില്‍ 
ഒരു കല്‍ചിരാതെങ്കിലും
കൊളുത്തി വെക്കാം.
മൃഗീയമായ ലജ്ജക്കൊപ്പം
കിതക്കുന്ന മൌനത്തിന്‌
രാത്രിയുടെ മൂന്നം യാമത്തില്‍
അച്ചാരമൊരുക്കാം.
മേല്‍ച്ചുണ്ടിലെ വിയര്‍പ്പില്‍
കാമിച്ചു തളര്‍ന്ന
നിണ്റ്റെ വാക്കുകളെ
ഞാന്‍ തലോടിയുറക്കാം.

പുലരാനായി മാത്രം
രാത്രികള്‍ ഇരുളാതിരുന്നെങ്കില്‍,
നാട്യമില്ലാത്തയീ നാണത്തിന്‌
നിണ്റ്റെ വിരലുകള്‍
വില പറയാതിരുന്നെങ്കില്‍,
നിണ്റ്റെ നിര്‍വ്രിതിയിലുരഞ്ഞ്‌
ഞാനില്ലാതാവുമ്പോള്‍,
എനിക്കന്ന്യമാവുന്ന
പുലരിയിലേക്കൊരു ജാലകം
പാതിയെങ്കിലും തുറന്നു വെക്കാന്‍
‍നീ.. മറക്കാതിരിക്കുക..!!!

ഷഹീര്‍.കെ.കെ. യു

"താളങ്ങൾ"





ഖബറിലെ പച്ചമണ്ണില്‍
മുലപ്പാലിണ്റ്റെ അവസാനതുള്ളിയും വിട്ടുപോരുമ്പോള്‍
നെഞ്ചില്‍ പെയ്തിറങ്ങിയത്‌
അനാഥത്വത്തിണ്റ്റെ ക്രൂരതാളങ്ങള്‍

വിശപ്പാര്‍ന്ന രാത്രികളില്‍
ഒരുപിടിച്ചോറന്ന്യമായ ബാല്യത്തിന്‌
കാലം ചിരട്ടച്ചട്ടിയില്‍ വിളമ്പി വെച്ചത്‌
തിരിച്ചുപോക്കില്ലാത്ത അസുരതാളങ്ങള്‍

കാരുണ്യം കടലെടുത്ത ജന്‍മം
വക്കുടഞ്ഞ സ്ളേറ്റു കഷണത്തില്‍
പെന്‍സിലിട്ടുരച്ചപ്പോള്‍ കേട്ടതെല്ലാം
അതിജീവനത്തിണ്റ്റെ പരിഹാസതാളങ്ങള്‍

ഒതുക്കമില്ലാത്തയോര്‍മകളില്‍
കിതച്ചെത്തുന്ന മുഖങ്ങളോരോന്നിലും
പാതിബോധത്തില്‍ കാതോര്‍ത്തിരുന്നത്‌
കടുകോളം കനിവിണ്റ്റെ ആര്‍ദ്രതാളങ്ങള്‍

ക്രുദ്ധയൌവ്വനത്തിണ്റ്റെ കല്‍പ്പടവുകളില്‍
ചിതറിയ ശിഥിലബിംബങ്ങള്‍ക്കൊപ്പം
പാഴായെന്നുറപ്പായ ജന്‍മം ബാക്കിവെച്ചത്‌
ആത്മഗതങ്ങളില്‍ കുരുത്ത മരണതാളങ്ങള്‍

നൊമ്പരങ്ങളില്‍ പണയപ്പെട്ട വാക്കുകളപ്പൊഴും
ജ്വരവേഗത്തില്‍ തേടിയലഞ്ഞത്‌
പൊടുന്നനെ മാഞ്ഞൊരു ശ്രുതിക്കൊപ്പം
ശാപശിഖരങ്ങളില്‍ വീണുടഞ്ഞ പാപതാളങ്ങള്‍.


ഷഹീര്‍.കെ.കെ.യു.

മഴച്ചാലുകൾ കനിഞ്ഞിരുന്നുവെങ്കിൽ...










ജാലകപ്പുറത്തെ മഴച്ചിത്രങ്ങളില്‍
ആര്‍ദ്രമായലിയുന്നു ഓര്‍മ്മകള്‍.
സ്വയം തീര്‍ത്ത കൈവഴികളിലൂടെ
നിയതമല്ലാതെയൊഴുകുന്നയീ മഴച്ചാലുകള്‍
എന്നിലൊന്നു കനിഞ്ഞിരുന്നുവെങ്കില്‍..!!
കണ്ണാടിച്ചില്ലിനുമപ്പുറത്തെ
നനുത്തയോര്‍മകളുടെ ഇന്നലേകളിലേക്കെന്നെ
തിരികെ നടത്തിച്ചിരുന്നുവെങ്കില്‍..!!

വെറുതെ.. വെറുതെയെന്നെറിഞ്ഞിട്ടും
ഒരോ മഴക്കാലരാത്രികളിലും
ഞാന്‍ കണ്ട സ്വപ്നങ്ങളെല്ലാം
ഒരു തിരിച്ചു പോക്കിനെക്കുറിച്ചായിരുന്നു.

അച്ചന്റെ വിരല്‍ത്തുമ്പില്‍ത്തൂങ്ങി
നടത്തം പടിച്ച വയല്‍ വരമ്പുകളിലേക്ക്‌,
തുലാമഴക്കാറിനുള്ളിലൂടെ
മിന്നിത്തെളിഞ്ഞ പ്രേതാത്മാക്കളില്‍ നിന്നും
ഓടിയൊളിച്ചിരുന്ന അമ്മയുടെ മടിത്തുമ്പിലേക്ക്‌,
ഒടിയനും, ചാത്തനും, കരിങ്കണ്ണനും
ഒളിച്ചിരുന്നയിടവഴികളിലേക്ക്‌,
തലവെട്ടിച്ചത്തൊരു കോമരപ്പണ്ടാരം
ഭീതിയുടെ ഭസ്മം മണപ്പിച്ച രാത്രികളിലേക്ക്‌,
മഴനനഞ്ഞയൊരു കണ്‍ചിമിഴു വെട്ടത്തില്‍
പ്രണയം പങ്കിട്ടയിടനാഴിയിലേക്ക്‌.

ഇന്നലെകളുടെ ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ പോലും
ഇന്നിണ്റ്റെ തീരാ നഷ്ടങ്ങളാവുമ്പോള്‍
ഒരോ മഴക്കാലരാത്രികളിലും
ഒരു തിരിച്ചുപോക്കിനായ്‌ ഞാന്‍ കൊതിച്ചിരുന്നു.

ഒരു മണ്‍ചിരാതിന്റെയിത്തിരി വെട്ടത്തിനൊപ്പം
ഓര്‍മവഴികളില്‍ വെച്ചെനിക്കു നഷ്ടമായ
ഇന്നലേകളിലേക്കൊരു
തിരിച്ചുപോക്കുണ്ടായിരുന്നുവെങ്കില്‍....
നിയതമല്ലതെയൊഴുകുന്നയീ മഴച്ചാലുകള്‍
എന്നിലൊന്നു കനിഞ്ഞിരുന്നുവെങ്കില്‍...

ഷഹീര്‍.കെ.കെ.യു

" ഒരോ മരണവും തിരിച്ചറിവുകളാണ്‌ "










ഖബറടക്കാന്‍ ആറടിക്കുഴിയിലേക്കെടുക്കുന്നതിനും
വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ മരിച്ചിരുന്നു.
ഒരു പതിനാലിഞ്ചു ചതുരത്തിനുള്ളില്‍
ജീവനുള്ള 'ശവ'മായി ജീര്‍ണിച്ചഴുകിയിരുന്നു.

മയ്യത്തു കട്ടിലില്‍ വിറങ്ങലിച്ചു കിടന്നവന്‌
ഒരിക്കലീ പള്ളിത്തൊടിയും പുഴക്കരയും പരിചിതങ്ങളായിരുന്നു;
പരിചിതമല്ലാത്ത പരിചയങ്ങളിലേക്കാഴ്ന്നിറങ്ങും വരെ,
പതിനാലിഞ്ചു ചതുരസ്ക്രീനിനുള്ളിലേക്ക്‌
ജീവിതത്തെ സ്വയം പറിച്ചുനടും വരെ.

നിസ്കാരത്തഴമ്പുള്ള പാഴ്‌വാക്കുകളുടെ മേച്ചില്‍പ്പുറങ്ങളില്‍
മരണം കൊണ്ടു ഞാന്‍ സനാഥനാക്കപ്പെടുന്നു.
തിരിച്ചറിവിണ്റ്റെ വിയര്‍പ്പുതുള്ളികള്‍ക്കൊപ്പം
ഒരായിരം മണ്‍തരികള്‍ നെഞ്ചിലേക്കടര്‍ന്നുവീഴുന്നു.
ഭ്രഷ്ട്ടു കല്‍പ്പിച്ചു നിര്‍ത്തിയ ഇന്നലെകള്
‍പുനര്‍ജന്‍മത്തിനായി വാവിട്ടലറുന്നു.

വിഷുപ്പുലരിയിലെ മത്താപ്പുകൊള്ളികളും,
ചെറിയപെരുന്നാളിണ്റ്റെ മയിലാഞ്ചി മണവും,
തെക്കേകോലായിലെ വെറ്റിലക്കറയുള്ള കോളാമ്പിക്കഥകളും,
കനകാമരച്ചോട്ടില്‍ ചിതറിവീണ കുസൃതിച്ചിരികളും
പതിനാലിഞ്ചു സ്ക്രീനിലൂടെ പുനര്‍ജനിച്ചിരുന്നില്ലല്ലോ, ഒരിക്കലും?

ഒരോ മരണവും തിരിച്ചറിവുകളാണ്‌.
മരണം കൊണ്ട്‌ മാത്രം സനാഥനാക്കപ്പെടുന്നവണ്റ്റെ
അനാഥമായ ഇന്നലെകള്‍ക്കു വഴിപ്പെടുന്ന തിരിച്ചറിവുകള്‍
അതെ,
തിരിച്ചറിവില്ലാതാവുന്ന വെളിപാടുകള്‍ക്ക്‌
ഒരോ മരണവും തിരിച്ചറിവുകളാവണം.

പതിനാലിഞ്ചു സ്ക്രീനിനുള്ളിലെ പൊയ്ക്കാഴ്ച്ചകളില്
‍സ്വത്വം പോലുമന്യപ്പെടുത്തുന്ന നിണ്റ്റെ ഊഴമാണിനി.
അവസാനത്തെ മണ്‍തരിയും ഖബറിലമര്‍ന്നുകഴിയുമ്പോള്‍,
മൌനത്തിലലിയുന്ന അവസാനത്തെ ദിഖ്‌റും തീരുമ്പോള്
‍എണ്റ്റെ മരണം പൂര്‍ണമാവുന്നു.
ഇനി നിണ്റ്റെ ഊഴമാണ്‌.

--- ഷഹീര്‍.കെ.കെ.യു.

"നാലിഞ്ചു നീളത്തിലൊരു ഇരുമ്പാണി"










ക്ലാവു പിടിച്ച സിംഹാസനങ്ങളൊക്കെയും
തകര്‍ന്നുടഞ്ഞു.
സ്വയം ഛര്‍ദ്ദിച്ചു തുപ്പിയ ആശയങ്ങളില്‍
പഴയ വേദക്കരൊക്കെയും അഴുകിത്തീര്‍ന്നു.
പല്ലുകൊഴിഞ്ഞ കിഴട്ടു സിംഹങ്ങളുടെ
ദിശയറ്റ പ്രത്യയശാസ്ത്രങ്ങള്‍,
ഉള്‍പ്പോരിന്റെ കുരുതിത്തറകളില്‍ ചത്തുമലച്ചു.

മട്ടുപ്പാവുകളിലേക്ക്‌ വിപ്ലവം പറിച്ചു നടാന്‍
തീസീസ്‌ എഴുതിത്തളര്‍ന്ന കുട്ടി സഖാക്കള്‍,
പേനകളേക്കാള്‍ ശക്തി വടിവാളുകള്‍ക്കാണെന്ന്
പടിച്ചും പടിപ്പിച്ചുമിറങ്ങുന്ന കുരുന്നുകള്‍,
'ഇസ'-ങ്ങളുടെ അതിര്‍വരമ്പുകളിലിന്നും
മുട്ടിലിഴഞ്ഞു പടിക്കുന്ന വിപ്ലവാചാര്യന്മാര്‍.

മരണം സുനിശ്ചിതം.
കപട രാഷ്ട്രിയത്തിന്റെ തൂലികകള്‍ക്ക്‌ തിരുത്തിയെഴുതാന്‍
ചരിത്രങ്ങള്‍ ബാക്കിയുണ്ടാവില്ല്ല.
അശരണന്റേയും, ചൂഷിതന്റേയും
വേട്ടയാടപ്പെട്ട പ്രതീക്ഷകളില്‍ വെളിച്ചം വിതറാന്‍
മാനിഫെസ്റ്റോയുടെ ആശയ'സമ്പനത'ക്കിനിയുമാവുമോ?
ചെഞ്ചുകപ്പിന്റെ തീജ്വാലകള്‍ക്ക്‌ ചുട്ടെരിക്കാന്‍
ഒരു തരിത്തണലും ബാക്കിയില്ലല്ലോ?

ഇനി വേണ്ടത്‌,
നാലിഞ്ചു നീളത്തിലൊരിരുമ്പാണി.
തെമ്മാടിക്കുഴിയിലടക്കം ചെയ്യും മുന്നേ
കാലം തീര്‍ത്ത ശവപ്പെട്ടിയിലടിച്ചുറപ്പിക്കാന്‍
അവസാനത്തെ ഒരിരുമ്പാണി.

ഷഹീര്‍.കെ.കെ.യു.

കടം തരിക... ഒരു തോക്കെനിക്കും.

ഹരിത വിപ്ളവത്തിന്റെ അവസാന തുള്ളിക്ക്‌
കാവലിരിക്കുന്ന സോദരാ,
നിന്റെ തോക്കിന്‍ കുഴലുകള്‍ക്ക്‌ വിപ്ളവങ്ങളന്ന്യം!!?
ഇനിയെങ്കിലും നീ തിരിച്ചറിയുക;
നീയും, നിന്റെ നീരുറവകളും വെറും പണയപ്പണ്ടങ്ങളെന്ന്‌.
നിന്റെ കുരുതിത്തറകളും വ്രതവഴിപാടുകളും വ്യര്‍ത്ഥമെന്ന്‌.

ചതിച്ചൂത്‌ തിരിച്ചറിയാതെ രാജ്യവും,
ഉരിഞ്ഞെടുത്ത ചേലത്തുമ്പില്‍ അഭിമാനവും,
 ചതിക്കുഴികളില്‍ ധാര്‍മികതയും നഷ്ടപ്പെടുത്തിയവര്‍
നിന്റെ ദാഹം തീര്‍ക്കുന്നതെങ്ങനെ?
അവരുടെ കുരുക്ഷേത്രഭൂമിയില്‍,
സോദരാ, നിന്റെ തോക്കിന്‍ കുഴലുകള്‍ക്ക്‌
വിപ്ളവമന്ന്യം തന്നെയോ??

നിന്റെ ശരികളില്‍ വിപ്ളവം നിറയട്ടെ.
അതിര്‍ത്തികള്‍ ഗ്രാമങ്ങളിലേക്കു ചുരുങ്ങട്ടെ.
പതിയെ വീടുകളിലെക്കും പിന്നെ അവനവനിലേക്കും.
നിന്റെ നീരുറവകളെ നീ കാത്തുകൊള്‍ക.
അന്യന്റെ ദാഹം കാണാതിരിക്കുക.
തോക്കിന്‍ കുഴലുകള്‍ക്കു തീര്‍ക്കാന്‍
ദാഹങ്ങള്‍ ബാക്കിവെക്കരുത്‌.

 ഇതു,
അമൃതേത്താല്‍ തളര്‍ന്നവരുടെ തലമുറ.
നിന്റെ നിലവിളിയും,
നിണ്റ്റെ കുഞ്ഞിണ്റ്റെ പട്ടിണിയുമവര്‍ കാണില്ല.
നിന്റെ മണ്ണില്‍ പ്രതീക്ഷകളായ്‌ പെയ്തിറങ്ങില്ല.
വരണ്ടുണങ്ങിയ നിന്റെ കണ്ണുകളില്‍ പോലും ഉറവ തേടുമവര്‍.
അതിനു നിന്റെ ആത്മാവിനെ പണയപ്പെടുത്തും.
പങ്കുകച്ചവടത്തിന്റെ കണക്കെടുപ്പിനായ്‌
അസുരരാജാക്കന്‍മാര്‍
കുപ്പിവെള്ളങ്ങള്‍ക്കു ചുറ്റും കാത്തിരിപ്പുണ്ട്‌.
ഏറെ വൈകും മുന്‍പേ,
അവരെന്നെ കാണും മുന്‍പേ,
ഞാന്‍ തിരികെ നടക്കട്ടെ
എനിക്കെന്റെ കണ്ണുനീരെങ്കിലും കാത്തു വെക്കണം.
കടം തരിക. ഒരു തോക്കെനിക്കും.

ഷഹീര്‍.കെ.കെ.യു.

" തണല്‍ക്കുട "


ആകാശത്തിനു താഴെ
ഒരു കൊച്ചു തണല്‍.
താഴെ...
മറന്നുവെക്കാന്‍ വിധിക്കപ്പെട്ട വഴിക്കാഴ്ച്ചകളും,
വെയില്‍ കായുന്ന കുറേ ജന്‍മങ്ങളും.

പിഴക്കുന്ന കണക്കുകള്‍,
ശരിക്കായുള്ള തിരുത്തലുകള്‍.
മടിക്കുത്തഴിച്ചും, അഴിക്കപ്പെട്ടും തളര്‍ന്നവര്‍.
തിരകളില്ലാതീരത്ത്‌ തിരകളെണ്ണി ജീവിച്ചവര്‍.
മായ്ച്ചിട്ടും മായാത്ത രക്തപ്പൊട്ടുകള്‍ക്കു താഴെ
ചില്ലറകളാല്‍ കയ്യൊപ്പിട്ടവര്‍.
ഈറനണിയുന്ന ചുണ്ടുകളില്‍
കണിവെള്ളരി മുളപ്പിച്ചവര്‍.
ഇല്ലാത്ത തിരിച്ചു പോക്കിനായ്‌
ഒരിക്കലെങ്കിലും കൊതിച്ചവര്‍.

ആകാശത്തിനു താഴെ
ഒരു കൊച്ചു തണല്‍ക്കുട.
അവരുടെ... നിങ്ങളുടെ...
ഒരിക്കലെന്റേയും....

ഷഹീര്‍.കെ.കെ.യു.

കുരിശ്‌ ( പഴഞ്ചനൊരെണ്ണം )


നീ ദ്രവിച്ചിരിക്കുന്നു..
പാപങ്ങളില്ലാതാക്കാനൊഴുകിയ രക്തത്തില്‍ കുതിര്‍‍ന്ന്,
പഴയതും പുതിയതുമായ നിയമങ്ങളുടെ വേലിയേറ്റങ്ങളില്‍ പെട്ട്‌,
ഒറ്റുകൊടുപ്പിന്റെ വെള്ളിക്കാശുകള്‍ പങ്കിട്ടെടുക്കുന്ന മണിമേടകളി‍ലെ
അസത്യങ്ങളുടെ തീച്ചൂളയില്‍ നീറി,
നീ തളര്‍ന്നിരിക്കുന്നു..
നിനക്കു കൂട്ടായി വിശുദ്ധമാക്കപ്പെട്ട കുറേ ജന്‍മങ്ങള്‍ മാത്രം.

നിയമങ്ങള്‍ പലതുണ്ടായിട്ടും
പഴയതിന്റേയും പുതിയതിന്റേയും പാപച്ചുമയെന്നും നിനക്കു സ്വന്തം.
പന്ത്രണ്ടില്‍ കുറയാത്ത അപ്പോസ്തലന്‍മാരുടെ സുവിശേഷങ്ങള്‍ക്കോ,
മണ്ണുപറ്റാത്ത തിരുവസ്ത്രക്കോലങ്ങള്‍ ഓശാന പാടിയിറക്കിയ ഇടയലേഖനങ്ങള്‍ക്കോ,
ഒരു ജാതിയും, ജാതികളുടെ കൂട്ടവുമായിത്തീര്‍ന്ന യാക്കോബിന്റെ സന്താന പരമ്പരക്കോ
നിന്റെ മോചനമെന്നും അപ്രാപ്യം തന്നെയോ?

'ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍' പലതു കഴിഞ്ഞു.
മുള്‍ക്കിരീടം തലയില്‍ പേറി, ധൂമ്രവസ്ത്രം ധരിച്ച്‌,
എല്ലാ പാപങ്ങളുമേറ്റുവാങ്ങിയൊരു ദൈവദൂതന്‍ ആദ്യം.
ചോരപുരണ്ട നിനക്കരികെ, അവന്റെ അമ്മയും,
അമ്മ സഹോദരിയുമുണ്ടായിരുന്നു।
പിന്നെ ഒരു മഗ്ദലക്കാരത്തി മറിയയും.
അവന്റെ ശരീരമിറക്കിവെച്ചപ്പോഴും,
മൂന്നാം നാള്‍ അവനുയിര്‍ത്തെഴുന്നേറ്റപ്പൊഴും,
അന്നു തൊട്ടിന്നു വരെ നിന്റെ തിരുക്കോലം നെഞ്ചേറ്റി
ഒട്ടേറെ 'ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍' ഉണ്ടായപ്പോഴും,
നിന്റെ മോചനം മാത്രമെന്തേ അസംഭവ്യമായത്‌... ?

വെളിപാടില്‍ ഒരു വചനം കൂടെ.
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
(കൂടെ ഒരു കുരിശും.... ഒരു പുത്തന്‍ കുരിശ്‌.... )

ഷഹീര്‍.കെ.കെ.യു.

" നിരൂപിച്ചത്‌ "


നിങ്ങള്‍ക്കെന്റെ വരികളെ കീറിമുറിക്കാം,
ആഴങ്ങള്‍ തീര്‍ക്കാന്‍ പിറന്ന വാക്കുകളില്‍
‍ഏറെ ആഴത്തിലല്ലാത്ത നഖക്ഷതങ്ങള്‍ തീര്‍ക്കാം.
ഓരോ അക്ഷരങ്ങളേയും പ്രത്യേകം പ്രത്യേകം മാറ്റി നിര്‍ത്തി
അകക്കണ്ണുകളിലേക്കു നോക്കി പ്രിതൃത്വത്തെക്കുറിച്ചാരായാം.
തെളിച്ചിട്ട വഴികളിലൂടെ നടന്ന്‌ ഇന്നലെകളില്‍ വ്യഭിചരിച്ചവയെന്ന്‌ മുദ്ര കുത്താം,
മോഡേര്‍ണിസവും പോസ്റ്റ്മോഡേര്‍ണിസവും കേട്ടുകേള്‍വി പോലുമില്ലാത്ത അവരെ,
അവയുടെ പേരില്‍ തന്നെ വിഭജിക്കാം,
വേണമെങ്കില്‍ പുറംതള്ളുകയും ആവാം.
ഗണ, ലക്ഷണ, വൃത്ത വിന്ന്യാസങ്ങള്‍ തേടി പരാജിതരാവാം.
വെറുക്കപ്പെടേണ്ടവയെന്നു മുദ്ര കുത്താം.
ചവറ്റുകൊട്ടകളിലേക്കു വലിച്ചെറിയുകയും ആവാം.
നിരൂപണക്കളരികളില്‍ ബിരുദമെടുക്കാന്‍ കോപ്പുകൂട്ടുന്ന യുവത്വമേ..
നീ ഓര്‍ത്തുവെക്കുക,
നിന്റെ നഘച്ചീളിനുള്ളില്‍ വരണ്ടിരിക്കുന്ന രക്തക്കറ എന്റേതാണ്‌;
ജീവനോടെ പോസ്റ്റ്‌ മോര്‍ട്ടം ചെയ്തില്ലാതാക്കാന്‍ ശ്രമിച്ച എന്റെ വാക്കുകളുടേതാണ്‌.
നിന്റെ ഭാഷാപുസ്തകത്തിലെ പുത്തന്‍ താളുകളിലൂടെ
അവര്‍ പുനര്‍ജനിക്കും.
ഏറെ താമസിയാതെ. നീ കരുതിയിരിക്കുക...

'ശിവശിവ'യിതു കലികാലമെന്നുഴറുന്ന വാര്‍ദ്ധക്ക്യമേ..
ചവറ്റുകൊട്ടകളുടെ കാരാഗൃഹത്തിലേക്കു തള്ളിവിടാന്‍ ശ്രമിച്ച,
നീ തിരസ്കരിച്ചതും, അപൂര്‍വ്വമായ്‌ സ്വീകരിച്ചതുമായ എന്റെ വാക്കുകള്‍
വീണ്ടും നിങ്ങളെ തേടിയെത്തും;
നിങ്ങള്‍ക്ക്‌ മുറിപ്പെടുത്തി, വെട്ടിമുറിച്ചാസ്വദിക്കാന്‍..

എന്റെ വാക്കുകളില്‍ പ്രണയമുണ്ടായിരുന്നു,
അഗ്നിച്ചിറകുള്ള ഭീകരതയും, അലറുന്ന അനാഥ ജന്‍മങ്ങളും ഉണ്ടായിരുന്നു..
നന്‍മ കിനിഞ്ഞിറങ്ങുന്ന നിലാവുകളും,
മകുട മോഹങ്ങളില്‍ തകര്‍ന്ന തെരുവുകളും ഉണ്ടായിരുന്നു.
അതൊന്നും നിങ്ങള്‍ കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിച്ചിരിക്കാം,
അതുമല്ലെങ്കില്‍ നിങ്ങളുടേതു മാത്രമായ അകക്കാഴ്ച്ചകളുടെ ഉയരത്തിനൊപ്പം പറക്കാന്‍
‍അവക്കാവതില്ലായിരുന്നിരിക്കാം.

പക്ഷെ, എന്റെ വാക്കുകള്‍ക്ക്‌ പിന്തിരിഞ്ഞോടാനാവില്ല.
രക്തക്കറകളില്‍ വഴിവിളക്കുകളായ്‌ തീര്‍ന്ന ജന്‍മങ്ങളും,
പറഞ്ഞതും, പറഞ്ഞു മുഴുമിപ്പിച്ചിട്ടില്ലാത്തവയും ഇനിയും പിറക്കും.
എന്റേതായ ഭാഷയില്‍, എന്റെ വിരല്‍ത്തുമ്പിലൂടെ...
കാരണം, അവ എന്റെ വാക്കുകളാണ്‌,
ഞാന്‍ തെല്ലൊരഹങ്കാരത്തോടെ നെഞ്ചേറ്റിയ എന്റെ വാക്കുകള്‍....

ഷഹീര്‍.കെ.കെ.യു.

"ഒരു കൊളാഷിയന്‍ സ്വപ്നം"



കാഴ്ചക്കപ്പുറത്തെ
നിഴല്‍ക്കൂട്ടങ്ങളിലെവിടൊക്കയോ
അവര്‍ പതിയിരിക്കുന്നുണ്ട്‌..
നഷ്ടസ്വപ്നങ്ങള്‍...
എന്റെ സന്തത സഹചാരികള്‍.
ജീവിതം മുന്നില്‍ തെളിച്ചിട്ട
വേനല്‍ വഴികളില്‍
എന്റെ കൈപിടിച്ചു
നടത്തം പഠിപ്പിച്ചവര്‍,
മഴച്ചാലോരങ്ങളില്‍
എന്നോടൊപ്പം കളിവഞ്ചി തുഴഞ്ഞവര്‍,
കണ്ണീരില്‍ പോലും
മഴവില്ല്‌ വിടര്‍ത്തി രസിക്കാന്‍ പഠിപ്പിച്ചവര്‍,
നഷ്ടസ്വപ്നങ്ങള്‍...
എന്റെ സന്തത സഹചാരികള്‍.
 
മുലപ്പാലിന്‌ വേണ്ടി ഒഴുക്കിയ കണ്ണുനീരിനെ
അമ്മയുടെ പട്ടട കൊണ്ടു തുടച്ചു തന്നവര്‍,
വിശന്നുപൊരിഞ്ഞ വയറിലേക്കാറ്റിയ വിഷത്തുള്ളികളെ
തൊണ്ടക്കുഴിയില്‍ വെച്ചു തന്നെ പുറന്തള്ളാന്‍
കരുക്കള്‍ നീക്കിയവര്‍,
ഗണിച്ചെടുത്ത്‌ നിരത്തിയ ജന്‍മസത്യങ്ങളില്‍
ഒരു പൊള്ളലായ്‌ രമിച്ചവര്‍,
പിടിവിട്ടു ചിതറിയ കളിപ്പാട്ടച്ചില്ലില്‍
കിടന്നെന്നെനോക്കി ചിരിച്ചവര്‍,
പാപച്ചിതയിലെന്റെ കര്‍മഫലങ്ങള്‍
എരിഞ്ഞു തീരും മുന്‍പേ
നെഞ്ചെല്ലിന്‍ കഷണങ്ങള്‍ക്കായ്‌ പരതിയവര്‍,
നഷ്ടസ്വപ്നങ്ങള്‍...
എന്റെ സന്തത സഹചാരികള്‍.

ഒരു പനിനീര്‍പൂവിനായ്‌
മുറിപ്പെട്ട വിരല്‍തുമ്പില്‍ നിന്നും
പ്രണയത്തിന്റെ അവസാന തുള്ളി രക്തവും
ഊറ്റിയെടുത്തവര്‍,
കരിവളക്കയ്യാല്‍ കരിമഷിയിട്ടു കറുപ്പിച്ച കണ്ണുകള്‍ക്ക്‌
എന്റെ മെയ്‌ കറുപ്പ്‌ അപ്രിയമായപ്പോള്‍
ആര്‍ത്തട്ടഹസിച്ചവര്‍,
എന്റെ ശലഭച്ചിറകില്‍
ബാധ്യതകളുടെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട്‌
ഒരായിരം വ്യര്‍ത്ഥ കൊളാഷുകള്‍ തീര്‍ക്കാന്‍
പതിയിരിക്കുന്നവര്‍..
മടുത്തു മരവിച്ച മൌനത്തിണ്റ്റെ കടക്കല്‍
പതിയിരുന്നൊരം വെക്കുന്നവര്‍..
നഷ്ടസ്വപ്നങ്ങള്‍...
എന്റെ സന്തത സഹചാരികള്‍.

ഇല്ല,
അവര്‍ക്കും മുന്നേ പറക്കും ഞാന്‍..
എരിഞ്ഞു തീരാറായ
എന്റെയീ ശലഭച്ചിറകുകള്‍ വീശി,
ഒരു ഫീനിക്സ്‌ പക്ഷിയെപ്പോലെ
എന്നൊന്നും ഞാന്‍ പറയില്ല..
പക്ഷെ എന്റെ മോക്ഷം ഞാന്‍ തന്നെ നേടിയെടുക്കും
നഷ്ടങ്ങളുടെ ഈ പേമാരിയിലെ
അവസാന തുള്ളിയെങ്കിലും
മണ്ണിലലിഞ്ഞില്ലാതാവും മുന്‍പേ...
അതെനിക്കുറപ്പാണ്‌... !!!
ഷഹീര്‍.കെ.കെ. യു