എന്റെ അക്ഷര ലോകത്തേക്ക്‌ സ്വാഗതം..... !!!

കിനാവുകളുടെ പെരുമഴയും, നോവിന്റെ നീർ‍ക്കുടങ്ങളും, ആനന്ദത്തിന്റെ ആർ‍പ്പുവിളികളും ഇവിടെ നിങ്ങളെ തേടിയെത്തിയേക്കാം...

എന്റെ മിഴിത്തുമ്പിലുതിർ‍ന്ന പാതിപൊള്ളിയ അക്ഷരങ്ങളിലൂടെ...

"കവിത കഥ തന്നെയാണ്. 'കഥയമമ... കഥയമമ' എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി. കവിതകളിലൂടെയാണ് ഏറ്റവും നല്ല കഥകള്‍ വന്നത്. ഇപ്പോഴുള്ള കവിതകള്‍ സിനിമയിലെ എഡിറ്റിങ് പോലെയാണ്. കഥയ്ക്ക് പ്രചാരം ലഭിച്ചത് കവിതയിലൂടെയാണ്. സംഗീതമാണ് കഥ. രണ്ടിനും വേര്‍തിരിവില്ല -- പുനത്തില്‍ കുഞ്ഞബ്ദുള്ള~~~~~~~"ബാഹ്യവസ്തുക്കളെ പ്രാപ്തമാക്കുന്നതുകൊണ്ട് ആരും മഹാനായിത്തീരുകയില്ല. അതുപോലെ പുറമേനിന്ന് കിട്ടുന്ന അറിവുകൊണ്ട് ആര്‍ക്കും ജ്ഞാനം നേടാന്‍ കഴിയുന്നതുമല്ല. എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരേയൊരു മാര്‍ഗം മാത്രമേയുള്ളൂ-സ്വയത്തെ അറിയുക -- ഓഷോ" ~~~~~~ "ഒരു തെറ്റായ ഫ്രെയിം ഒരു തെറ്റായ കാഴ്ചയാണ്. അതു തിരുത്തിയേ പറ്റു. അത് അത്രയും cruel ആണ്. അത്രയും കൃത്യവും ആണ് --എം.എന്‍ വിജയന്‍" ~~~~~~~~~~~~ “യുദ്ധം അവസാനിക്കാൻ വേണ്ടി ഇന്നത്തെ എല്ലാ രാഷ്ട്രീയ നായകന്മാർക്കും, എല്ലാ മത പ്രതിനിധികൾക്കും, എല്ലാ ചിന്തകന്മാർക്കും, എല്ലാ പട്ടാളക്കാർക്കും, ഭൂമിയിലുള്ള ഓരോ സ്ത്രീ-പുരുഷന്മാർക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള നല്ല വരട്ടു ചൊറി വരണം. -- വൈക്കം മുഹമ്മദ് ബഷീർ” ~~~~~~~~~~~~ "പുരാണകഥകളും മിത്തുകളും കടങ്കഥകളും കവിതയിലുപയോഗിച്ചതുകൊണ്ട് കവിത മിത്തായിക്കൊള്ളണമെന്നില്ല. അഗാധവും അര്‍ത്ഥവത്തുമായ ഒരനുഭവ യാഥാര്‍ത്ഥ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു മിത്തുണ്ടായി എന്നുവരാം. മിത്തുണ്ടാക്കാന്‍ വേണ്ടി കവിത എഴുതിയാല്‍ മിത്തുണ്ടാവില്ല; കവിതയുമുണ്ടാവില്ല. ഒരു നഷ്ടക്കച്ചവടം മാത്രമായിത്തീരും" -- എന്‍ . എന്‍. കക്കാട് ~~~~~~~~~~~~ "ഒരു കലാകാരന്‍ ജീവിതം പിഴിഞ്ഞുപിഴിഞ്ഞ് ഇത്തിരി കണ്ണീരും ഇത്തിരി കിനാവും ചേര്‍ത്ത് വാക്കിന്‍കൂടില്‍ വായനക്കാരന് നല്‍കുകയാണ്. വായനക്കാരന് ചെയ്യാനുള്ളത് ഇത്രമാത്രം. വൃഥയുടെ ഒരു കമ്പ് മനസ്സില്‍നിന്ന് ഊരിയെടുത്ത് ആ വാക്കിന്‍കൂടില്‍ നിന്ന് ഇത്തരി തീ കൊളുത്തുക" --പി.കെ.പാറക്കടവ് ~~~~~~~~~~~~"തോടുടഞ്ഞ്‌ ഒരു കോഴിക്കുഞ്ഞ്‌ പുറത്തു വരും പോലെ, വിത്തു പൊട്ടി ഈരില വിരിയും പോലെ, ഒരു കവിത പിറക്കുന്നു. അത്‌ ആത്മാവില്‍ നിന്ന്‌ താളിലേക്ക്‌ പറിച്ചുവെക്കുന്നതിന്റെ വേദന കവി മാത്രമറിയുന്നു. കവിത മനസ്സിലിരുന്നു മൂക്കുന്നു, വിങ്ങിപ്പൊട്ടുന്നു. സ്വന്തം രൂപം തേടുന്നു. പിറന്നു കഴിഞ്ഞാലുള്ള സുഖാലസ്യവും കവി മാത്രമറിയുന്നു. കവിത എന്റെ സ്വപ്നമാണ്‌. യാഥാര്‍ത്ഥ്യമേല്‍പ്പിക്കുന്ന മുറിവുകളുടെ വേദന ശമിപ്പിക്കുന്ന സ്വപ്നം.കവിത എന്റെ ഓര്‍മ്മയാണ്‌. മരണത്തെ വെല്ലുന്ന ഓര്‍മ്മ. കവിത സ്നേഹമാണ്‌. ഏതു ദുരന്തത്തേയും ഒഴിവാക്കാനുള്ള ഔഷധമായ സ്നേഹം. കവി സ്നേഹത്തെ സ്നേഹിക്കുന്നു" --ഒ.എന്‍.വി *****

“സ്വപ്നാടനം”













ഒരുറക്കത്തിനപ്പുറത്തെ
കൽപ്പിത കാഴ്ച്ചകളാണ്‌
നമുക്കിനിയുള്ള സ്വപ്നങ്ങൾ.
ഒരേ നിറമുള്ള സ്വപ്നങ്ങൾ.
നിന്റെ സ്വപ്നങ്ങളിൽ ഞാനും,
എന്റെ സ്വപ്നങ്ങളിൽ നീയും മാത്രം.

ഇണചേരാനറിയാത്ത
രണ്ടു സർപ്പജന്മങ്ങളായ്‌
നീയും ഞാനും.
ഞാനൂരിയിട്ട തോലെടുത്ത്‌
നീയുടുക്കുക.
നിന്റേതുകൊണ്ടെന്നെ ഉടുപ്പിക്കുക.
പുനർജന്മം പോലെ
നമുക്കോരോ പടം പൊഴിച്ചിലുകൾ.

കൊക്കുരുമ്മാനറിയാത്ത
രണ്ടു അടക്കാപക്ഷികളായ്‌
നീയും ഞാനും.
അപശകുനങ്ങളുടെ മാറിലേക്ക്‌
പൊഴിച്ചിടുന്ന തൂവലുകൾ.
ബാക്കിയുള്ളാറു ജന്മങ്ങളിലും
നിനക്കണിയാനെന്നും
എന്റെ തൂവലുടുപ്പുകൾ;
എനിക്ക്‌ നിന്റേതും.

ചുണ്ടു നനക്കാനറിയാത്ത
രണ്ടു പരൽമീനുകളായ്‌
നീയും ഞാനും.
നിന്റെയടയാത്ത മിഴികൾക്കടിയിൽ
എന്റെ പ്രാണനൊളിപ്പിക്കുക.
നിനക്കൊളിക്കാനെന്റെ മിഴികൾ.
അകക്കാഴ്ച്ചകൾക്കുമപ്പുറം
പുണ്യം പൊലെ പുലരികൾ
നമുക്കായ് മാത്രം.

പാതിയുടഞ്ഞ ചിന്തകളിൽ
മരണം കോരിയെടുക്കും മുൻപ്‌
നമുക്കൊന്നുറങ്ങാം;
അതിനു മുൻപ്‌,
ഒരുറക്കത്തിനപ്പുറത്തെ
അവസാന പിടച്ചിലിനു മുൻപ്‌,
ഒരു തവണ കൂടെ
നിന്റെ പ്രണയമെന്നൊടു പറയുക.
എന്നിട്ട്‌...,
എനിക്കു പകരം നീ മരിക്കുക.
നിനക്കു പകരം ഞാനും.


ഷഹീർ.കെ.കെ.യു

"ഇരുളാഴങ്ങളിൽ "




പ്രിയനേ...
പതിയെ നിലത്തൂർന്നു വീണ
നിഴൽത്തുരുത്തിലൊന്നിൽ
നീയും ഞാനും
അപരിചിതരല്ലാതായിത്തീരാം.
നെടുകെ പിളർത്തിയ
ഒരൊറ്റ രാത്രിയുടെ
സ്നേഹസമ്പന്നതക്ക്‌
ഒരു ജീവിതം പകരം തരാം.
ഇരുളാഴങ്ങളില്‍ 
ഒരു കല്‍ചിരാതെങ്കിലും
കൊളുത്തി വെക്കാം.
മൃഗീയമായ ലജ്ജക്കൊപ്പം
കിതക്കുന്ന മൌനത്തിന്‌
രാത്രിയുടെ മൂന്നം യാമത്തില്‍
അച്ചാരമൊരുക്കാം.
മേല്‍ച്ചുണ്ടിലെ വിയര്‍പ്പില്‍
കാമിച്ചു തളര്‍ന്ന
നിണ്റ്റെ വാക്കുകളെ
ഞാന്‍ തലോടിയുറക്കാം.

പുലരാനായി മാത്രം
രാത്രികള്‍ ഇരുളാതിരുന്നെങ്കില്‍,
നാട്യമില്ലാത്തയീ നാണത്തിന്‌
നിണ്റ്റെ വിരലുകള്‍
വില പറയാതിരുന്നെങ്കില്‍,
നിണ്റ്റെ നിര്‍വ്രിതിയിലുരഞ്ഞ്‌
ഞാനില്ലാതാവുമ്പോള്‍,
എനിക്കന്ന്യമാവുന്ന
പുലരിയിലേക്കൊരു ജാലകം
പാതിയെങ്കിലും തുറന്നു വെക്കാന്‍
‍നീ.. മറക്കാതിരിക്കുക..!!!

ഷഹീര്‍.കെ.കെ. യു

"താളങ്ങൾ"





ഖബറിലെ പച്ചമണ്ണില്‍
മുലപ്പാലിണ്റ്റെ അവസാനതുള്ളിയും വിട്ടുപോരുമ്പോള്‍
നെഞ്ചില്‍ പെയ്തിറങ്ങിയത്‌
അനാഥത്വത്തിണ്റ്റെ ക്രൂരതാളങ്ങള്‍

വിശപ്പാര്‍ന്ന രാത്രികളില്‍
ഒരുപിടിച്ചോറന്ന്യമായ ബാല്യത്തിന്‌
കാലം ചിരട്ടച്ചട്ടിയില്‍ വിളമ്പി വെച്ചത്‌
തിരിച്ചുപോക്കില്ലാത്ത അസുരതാളങ്ങള്‍

കാരുണ്യം കടലെടുത്ത ജന്‍മം
വക്കുടഞ്ഞ സ്ളേറ്റു കഷണത്തില്‍
പെന്‍സിലിട്ടുരച്ചപ്പോള്‍ കേട്ടതെല്ലാം
അതിജീവനത്തിണ്റ്റെ പരിഹാസതാളങ്ങള്‍

ഒതുക്കമില്ലാത്തയോര്‍മകളില്‍
കിതച്ചെത്തുന്ന മുഖങ്ങളോരോന്നിലും
പാതിബോധത്തില്‍ കാതോര്‍ത്തിരുന്നത്‌
കടുകോളം കനിവിണ്റ്റെ ആര്‍ദ്രതാളങ്ങള്‍

ക്രുദ്ധയൌവ്വനത്തിണ്റ്റെ കല്‍പ്പടവുകളില്‍
ചിതറിയ ശിഥിലബിംബങ്ങള്‍ക്കൊപ്പം
പാഴായെന്നുറപ്പായ ജന്‍മം ബാക്കിവെച്ചത്‌
ആത്മഗതങ്ങളില്‍ കുരുത്ത മരണതാളങ്ങള്‍

നൊമ്പരങ്ങളില്‍ പണയപ്പെട്ട വാക്കുകളപ്പൊഴും
ജ്വരവേഗത്തില്‍ തേടിയലഞ്ഞത്‌
പൊടുന്നനെ മാഞ്ഞൊരു ശ്രുതിക്കൊപ്പം
ശാപശിഖരങ്ങളില്‍ വീണുടഞ്ഞ പാപതാളങ്ങള്‍.


ഷഹീര്‍.കെ.കെ.യു.

മഴച്ചാലുകൾ കനിഞ്ഞിരുന്നുവെങ്കിൽ...










ജാലകപ്പുറത്തെ മഴച്ചിത്രങ്ങളില്‍
ആര്‍ദ്രമായലിയുന്നു ഓര്‍മ്മകള്‍.
സ്വയം തീര്‍ത്ത കൈവഴികളിലൂടെ
നിയതമല്ലാതെയൊഴുകുന്നയീ മഴച്ചാലുകള്‍
എന്നിലൊന്നു കനിഞ്ഞിരുന്നുവെങ്കില്‍..!!
കണ്ണാടിച്ചില്ലിനുമപ്പുറത്തെ
നനുത്തയോര്‍മകളുടെ ഇന്നലേകളിലേക്കെന്നെ
തിരികെ നടത്തിച്ചിരുന്നുവെങ്കില്‍..!!

വെറുതെ.. വെറുതെയെന്നെറിഞ്ഞിട്ടും
ഒരോ മഴക്കാലരാത്രികളിലും
ഞാന്‍ കണ്ട സ്വപ്നങ്ങളെല്ലാം
ഒരു തിരിച്ചു പോക്കിനെക്കുറിച്ചായിരുന്നു.

അച്ചന്റെ വിരല്‍ത്തുമ്പില്‍ത്തൂങ്ങി
നടത്തം പടിച്ച വയല്‍ വരമ്പുകളിലേക്ക്‌,
തുലാമഴക്കാറിനുള്ളിലൂടെ
മിന്നിത്തെളിഞ്ഞ പ്രേതാത്മാക്കളില്‍ നിന്നും
ഓടിയൊളിച്ചിരുന്ന അമ്മയുടെ മടിത്തുമ്പിലേക്ക്‌,
ഒടിയനും, ചാത്തനും, കരിങ്കണ്ണനും
ഒളിച്ചിരുന്നയിടവഴികളിലേക്ക്‌,
തലവെട്ടിച്ചത്തൊരു കോമരപ്പണ്ടാരം
ഭീതിയുടെ ഭസ്മം മണപ്പിച്ച രാത്രികളിലേക്ക്‌,
മഴനനഞ്ഞയൊരു കണ്‍ചിമിഴു വെട്ടത്തില്‍
പ്രണയം പങ്കിട്ടയിടനാഴിയിലേക്ക്‌.

ഇന്നലെകളുടെ ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ പോലും
ഇന്നിണ്റ്റെ തീരാ നഷ്ടങ്ങളാവുമ്പോള്‍
ഒരോ മഴക്കാലരാത്രികളിലും
ഒരു തിരിച്ചുപോക്കിനായ്‌ ഞാന്‍ കൊതിച്ചിരുന്നു.

ഒരു മണ്‍ചിരാതിന്റെയിത്തിരി വെട്ടത്തിനൊപ്പം
ഓര്‍മവഴികളില്‍ വെച്ചെനിക്കു നഷ്ടമായ
ഇന്നലേകളിലേക്കൊരു
തിരിച്ചുപോക്കുണ്ടായിരുന്നുവെങ്കില്‍....
നിയതമല്ലതെയൊഴുകുന്നയീ മഴച്ചാലുകള്‍
എന്നിലൊന്നു കനിഞ്ഞിരുന്നുവെങ്കില്‍...

ഷഹീര്‍.കെ.കെ.യു

" ഒരോ മരണവും തിരിച്ചറിവുകളാണ്‌ "










ഖബറടക്കാന്‍ ആറടിക്കുഴിയിലേക്കെടുക്കുന്നതിനും
വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ മരിച്ചിരുന്നു.
ഒരു പതിനാലിഞ്ചു ചതുരത്തിനുള്ളില്‍
ജീവനുള്ള 'ശവ'മായി ജീര്‍ണിച്ചഴുകിയിരുന്നു.

മയ്യത്തു കട്ടിലില്‍ വിറങ്ങലിച്ചു കിടന്നവന്‌
ഒരിക്കലീ പള്ളിത്തൊടിയും പുഴക്കരയും പരിചിതങ്ങളായിരുന്നു;
പരിചിതമല്ലാത്ത പരിചയങ്ങളിലേക്കാഴ്ന്നിറങ്ങും വരെ,
പതിനാലിഞ്ചു ചതുരസ്ക്രീനിനുള്ളിലേക്ക്‌
ജീവിതത്തെ സ്വയം പറിച്ചുനടും വരെ.

നിസ്കാരത്തഴമ്പുള്ള പാഴ്‌വാക്കുകളുടെ മേച്ചില്‍പ്പുറങ്ങളില്‍
മരണം കൊണ്ടു ഞാന്‍ സനാഥനാക്കപ്പെടുന്നു.
തിരിച്ചറിവിണ്റ്റെ വിയര്‍പ്പുതുള്ളികള്‍ക്കൊപ്പം
ഒരായിരം മണ്‍തരികള്‍ നെഞ്ചിലേക്കടര്‍ന്നുവീഴുന്നു.
ഭ്രഷ്ട്ടു കല്‍പ്പിച്ചു നിര്‍ത്തിയ ഇന്നലെകള്
‍പുനര്‍ജന്‍മത്തിനായി വാവിട്ടലറുന്നു.

വിഷുപ്പുലരിയിലെ മത്താപ്പുകൊള്ളികളും,
ചെറിയപെരുന്നാളിണ്റ്റെ മയിലാഞ്ചി മണവും,
തെക്കേകോലായിലെ വെറ്റിലക്കറയുള്ള കോളാമ്പിക്കഥകളും,
കനകാമരച്ചോട്ടില്‍ ചിതറിവീണ കുസൃതിച്ചിരികളും
പതിനാലിഞ്ചു സ്ക്രീനിലൂടെ പുനര്‍ജനിച്ചിരുന്നില്ലല്ലോ, ഒരിക്കലും?

ഒരോ മരണവും തിരിച്ചറിവുകളാണ്‌.
മരണം കൊണ്ട്‌ മാത്രം സനാഥനാക്കപ്പെടുന്നവണ്റ്റെ
അനാഥമായ ഇന്നലെകള്‍ക്കു വഴിപ്പെടുന്ന തിരിച്ചറിവുകള്‍
അതെ,
തിരിച്ചറിവില്ലാതാവുന്ന വെളിപാടുകള്‍ക്ക്‌
ഒരോ മരണവും തിരിച്ചറിവുകളാവണം.

പതിനാലിഞ്ചു സ്ക്രീനിനുള്ളിലെ പൊയ്ക്കാഴ്ച്ചകളില്
‍സ്വത്വം പോലുമന്യപ്പെടുത്തുന്ന നിണ്റ്റെ ഊഴമാണിനി.
അവസാനത്തെ മണ്‍തരിയും ഖബറിലമര്‍ന്നുകഴിയുമ്പോള്‍,
മൌനത്തിലലിയുന്ന അവസാനത്തെ ദിഖ്‌റും തീരുമ്പോള്
‍എണ്റ്റെ മരണം പൂര്‍ണമാവുന്നു.
ഇനി നിണ്റ്റെ ഊഴമാണ്‌.

--- ഷഹീര്‍.കെ.കെ.യു.