എന്റെ അക്ഷര ലോകത്തേക്ക്‌ സ്വാഗതം..... !!!

കിനാവുകളുടെ പെരുമഴയും, നോവിന്റെ നീർ‍ക്കുടങ്ങളും, ആനന്ദത്തിന്റെ ആർ‍പ്പുവിളികളും ഇവിടെ നിങ്ങളെ തേടിയെത്തിയേക്കാം...

എന്റെ മിഴിത്തുമ്പിലുതിർ‍ന്ന പാതിപൊള്ളിയ അക്ഷരങ്ങളിലൂടെ...

"കവിത കഥ തന്നെയാണ്. 'കഥയമമ... കഥയമമ' എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി. കവിതകളിലൂടെയാണ് ഏറ്റവും നല്ല കഥകള്‍ വന്നത്. ഇപ്പോഴുള്ള കവിതകള്‍ സിനിമയിലെ എഡിറ്റിങ് പോലെയാണ്. കഥയ്ക്ക് പ്രചാരം ലഭിച്ചത് കവിതയിലൂടെയാണ്. സംഗീതമാണ് കഥ. രണ്ടിനും വേര്‍തിരിവില്ല -- പുനത്തില്‍ കുഞ്ഞബ്ദുള്ള~~~~~~~"ബാഹ്യവസ്തുക്കളെ പ്രാപ്തമാക്കുന്നതുകൊണ്ട് ആരും മഹാനായിത്തീരുകയില്ല. അതുപോലെ പുറമേനിന്ന് കിട്ടുന്ന അറിവുകൊണ്ട് ആര്‍ക്കും ജ്ഞാനം നേടാന്‍ കഴിയുന്നതുമല്ല. എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരേയൊരു മാര്‍ഗം മാത്രമേയുള്ളൂ-സ്വയത്തെ അറിയുക -- ഓഷോ" ~~~~~~ "ഒരു തെറ്റായ ഫ്രെയിം ഒരു തെറ്റായ കാഴ്ചയാണ്. അതു തിരുത്തിയേ പറ്റു. അത് അത്രയും cruel ആണ്. അത്രയും കൃത്യവും ആണ് --എം.എന്‍ വിജയന്‍" ~~~~~~~~~~~~ “യുദ്ധം അവസാനിക്കാൻ വേണ്ടി ഇന്നത്തെ എല്ലാ രാഷ്ട്രീയ നായകന്മാർക്കും, എല്ലാ മത പ്രതിനിധികൾക്കും, എല്ലാ ചിന്തകന്മാർക്കും, എല്ലാ പട്ടാളക്കാർക്കും, ഭൂമിയിലുള്ള ഓരോ സ്ത്രീ-പുരുഷന്മാർക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള നല്ല വരട്ടു ചൊറി വരണം. -- വൈക്കം മുഹമ്മദ് ബഷീർ” ~~~~~~~~~~~~ "പുരാണകഥകളും മിത്തുകളും കടങ്കഥകളും കവിതയിലുപയോഗിച്ചതുകൊണ്ട് കവിത മിത്തായിക്കൊള്ളണമെന്നില്ല. അഗാധവും അര്‍ത്ഥവത്തുമായ ഒരനുഭവ യാഥാര്‍ത്ഥ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു മിത്തുണ്ടായി എന്നുവരാം. മിത്തുണ്ടാക്കാന്‍ വേണ്ടി കവിത എഴുതിയാല്‍ മിത്തുണ്ടാവില്ല; കവിതയുമുണ്ടാവില്ല. ഒരു നഷ്ടക്കച്ചവടം മാത്രമായിത്തീരും" -- എന്‍ . എന്‍. കക്കാട് ~~~~~~~~~~~~ "ഒരു കലാകാരന്‍ ജീവിതം പിഴിഞ്ഞുപിഴിഞ്ഞ് ഇത്തിരി കണ്ണീരും ഇത്തിരി കിനാവും ചേര്‍ത്ത് വാക്കിന്‍കൂടില്‍ വായനക്കാരന് നല്‍കുകയാണ്. വായനക്കാരന് ചെയ്യാനുള്ളത് ഇത്രമാത്രം. വൃഥയുടെ ഒരു കമ്പ് മനസ്സില്‍നിന്ന് ഊരിയെടുത്ത് ആ വാക്കിന്‍കൂടില്‍ നിന്ന് ഇത്തരി തീ കൊളുത്തുക" --പി.കെ.പാറക്കടവ് ~~~~~~~~~~~~"തോടുടഞ്ഞ്‌ ഒരു കോഴിക്കുഞ്ഞ്‌ പുറത്തു വരും പോലെ, വിത്തു പൊട്ടി ഈരില വിരിയും പോലെ, ഒരു കവിത പിറക്കുന്നു. അത്‌ ആത്മാവില്‍ നിന്ന്‌ താളിലേക്ക്‌ പറിച്ചുവെക്കുന്നതിന്റെ വേദന കവി മാത്രമറിയുന്നു. കവിത മനസ്സിലിരുന്നു മൂക്കുന്നു, വിങ്ങിപ്പൊട്ടുന്നു. സ്വന്തം രൂപം തേടുന്നു. പിറന്നു കഴിഞ്ഞാലുള്ള സുഖാലസ്യവും കവി മാത്രമറിയുന്നു. കവിത എന്റെ സ്വപ്നമാണ്‌. യാഥാര്‍ത്ഥ്യമേല്‍പ്പിക്കുന്ന മുറിവുകളുടെ വേദന ശമിപ്പിക്കുന്ന സ്വപ്നം.കവിത എന്റെ ഓര്‍മ്മയാണ്‌. മരണത്തെ വെല്ലുന്ന ഓര്‍മ്മ. കവിത സ്നേഹമാണ്‌. ഏതു ദുരന്തത്തേയും ഒഴിവാക്കാനുള്ള ഔഷധമായ സ്നേഹം. കവി സ്നേഹത്തെ സ്നേഹിക്കുന്നു" --ഒ.എന്‍.വി *****

നീണ്ട കിനാവുകള്‍ക്കൊടുവില്‍....



ചെറുതിലെന്റെ സ്വപ്നങ്ങളില്‍
നിറയെ കളിപ്പാട്ടങ്ങളായിരുന്നു.
കൈകൊട്ടിച്ചിരിക്കുന്ന പാവയും,
പുകയൊഴിഞ്ഞോടുന്ന കുകു വണ്ടിയും,
മരക്കുടവും മരക്കണ്ണാടിയും,
പിന്നെ ചിരട്ടക്കുള്ളില്‍ വെന്തുരുളുന്ന മണ്ണപ്പങ്ങളും.
പിന്നെ കുറേക്കാലം തണ്ണീര്‍ത്തണ്ടുകള്‍,
അവ വിറ്റു നേടുന്ന പെന്‍സില്‍ കഷണങ്ങള്‍,
(ഒരു പക്ഷെ ജീവിതത്തിലാദ്യത്തെ സമ്പാദ്യം)
ചോന്ന സൂര്യനും കള്ളക്കാറും കാണാതെ
ഏടുകള്‍ക്കുള്ളിലൊളിക്കുന്ന മയില്‍പീലികള്‍,
ആഴ്ചതോറും പെറ്റുപെരുകുന്ന പീലിത്തുണ്ടുകള്‍,
വാടകക്കോടുന്ന സൈക്കിളുകള്‍,
മാനം കീഴടക്കാന്‍ കുതിക്കുന്ന പട്ടങ്ങള്‍,
പാട്ടു പാടിയൊഴുകുന്ന പുഴ,
പുഴയിലൊഴുകുന്ന മത്സ്യകന്യകകള്‍,
പൂത്തു നില്‍ക്കുന്ന കൊന്നമരങ്ങള്‍,
കണികണ്ടു തിരയുന്ന മത്താപ്പു കൊള്ളികള്‍.......!!

പിന്നെയെപ്പൊഴോ...
വട്ടത്തിലും അല്ലാതെയും ചുരുണ്ടുയരുന്ന പുക,
നുരഞ്ഞു പൊന്തുന്ന ഗ്ലാസ്സുകള്‍,
കാതില്‍ ജാക്സന്റെയും സ്പിയറിന്റെയും കൂവല്‍,
കണ്ണിലെപ്പൊഴും അണിഞ്ഞൊരിങ്ങിയ കിളികള്‍,
(രാത്രികള്‍ അവരുടെ മാദക നൃത്തങ്ങള്‍ക്കു സ്വന്തം...)
ചൂണ്ടുവിരലില്‍ മുന്നില്‍ തിരിയുന്ന ലോകം,
സൗഹൃദത്തിന്റാഴമളക്കാന്‍ സ്വിസ്‌ പെണ്‍കൊടികള്‍,
അടുത്ത ചാറ്റിങ്ങിന്റെ സമയമന്വേഷിച്ച്‌
തമ്മില്‍ത്തല്ലിയോടുന്ന സൂചികളുടെ വേഗതക്കുറവ്‌,
പ്രകാശവേഗതയില്‍ കറങ്ങുന്ന വണ്ടിച്ചക്രങ്ങള്‍,
അണ്ണാക്കിലേക്കാഴ്‌ന്നിറങ്ങുന്ന കോലകള്‍,
അടിവയറ്റില്‍ സ്ഥിരതാമസക്കാരായ പിസ്സകള്‍,
അങ്ങിനെ കാലത്തിനൊത്ത കോലങ്ങളേറെ...

ഉണര്‍ന്നപ്പോള്‍,
എന്റെ നെഞ്ചു നിറയെ മണ്‍ചിരാതിന്റെ കൂടുകള്‍,
എന്റെ മസ്തിഷ്ക്കം കാര്‍ന്നു തിന്നു വളരുന്നതോ - തേരട്ടകളും,
എന്റെ കവിളിലൊച്ചിറങ്ങുന്നത്‌,
തണുത്തുറഞ്ഞ കണ്ണുനീര്‍ത്തുള്ളികള്‍,
എന്റെ പാദങ്ങള്‍ പുണര്‍ന്നലയുന്നതോ കനല്‍ക്കട്ടയുടെ മെതിയടികള്‍.......
എന്റെ നെഞ്ചത്തണഞ്ഞുറങ്ങുന്നതോ
ഗതികിട്ടാതെയലയുന്നൊരാത്മാവും..............!!!!!

--->> ഷഹീര്‍ കെ.കെ.യു <<---

വീണ്ടും (വെറുതെ) നിനക്കായ്‌........!!!?


വിണ്ടുകീറിയ സന്ധ്യയും,
വരണ്ടുണങ്ങിയ കാറ്റും,
നിറക്കൂട്ടുകള്‍ പരതുന്ന ആകാശവും
ഇന്നെന്നെ അലോസരപ്പെടുത്തുന്നില്ല.
ഇല്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക്‌,
വ്യര്‍ത്ഥമായ പൂര്‍ണതയിലേക്ക്‌ എത്തിപ്പെടാനുള്ള
ചിറകു കുഴഞ്ഞ ഒരു പ്രാവിന്റെ ശ്രമം
എന്നെ അത്ഭുതപ്പെടുത്തുന്നില്ല.

മറ്റൊരു തിരക്കു കുരുതികൊടുക്കാന്‍
‍വീണ്ടുമൊരു കളിവീടൊരുക്കുന്ന
കൂട്ടുകാരിയുടെ കരവിരുതിനോട്‌
എനിക്കൊട്ടും മതിപ്പു തോന്നുന്നില്ല.

ഞാന്‍ പട്ടുടുപ്പിച്ചു കിടത്തിയ സുഹൃത്തിന്റെ കൊലച്ചിരിയും,
ഇന്നെന്റെ പട്ടുടുപ്പിക്കലിനായ്‌
നിര്‍ത്താതെയലറുന്ന മരണമണികളും
എന്നെ ഭയപ്പെടുത്തുന്നില്ല.

കനവിന്റെ തീരങ്ങളിലെക്കുള്ള എന്റെയീ യാത്രയില്‍
‍ഞാന്‍ ചവിട്ടിയരച്ചു കളഞ്ഞ
ജീവിതങ്ങളുടെ നിലവിളി
എന്നെയൊട്ടും തളര്‍ത്തുന്നില്ല.

മറ്റൊരു നൊസ്റ്റാള്‍ജിയന്‍ തുരുത്തിലേക്ക്
‌വീണ്ടുമൊരു പ്രയാണത്തിന്‌ ത്രാണിയറ്റ
എന്റെ കാലുകളുടെ ദീനരോദനം
എന്നെ തീരെ പിന്തിരിപ്പിക്കുന്നില്ല.

കാരണം
ജന്മജന്മാന്തരങ്ങള്‍ക്കപ്പുറത്തെ വന്യനിഘൂഡതയിലാണ്ട
നിശബ്ദ സൗന്ദര്യമായിരുന്നല്ലൊ എന്നുമെന്റെ സൗപ്നം.

പലവട്ടം കാലം തലയറുത്തു കളഞ്ഞ
എന്റെ മുഗ്ദസ്വപ്നങ്ങളും പേറിയലയുന്ന
ഞാന്‍,
നിനക്കായ്‌ (വെറുതെ) വീണ്ടുമൊരു
യാത്രാമൊഴി കുറിക്കാന്‍ ഒരുങ്ങുമ്പോള്‍
എന്നെയെന്തിനി തളര്‍ത്താന്‍?
എന്നെയെന്തിനി കൊതിപ്പിക്കാന്‍??
എന്നെയെന്തിനി വേദനിപ്പിക്കാന്‍???


--->> ഷഹീര്‍ .കെ.കെ.യു <<---

നന്ദിത......!!!!


" നേര്‍ത്ത വിരലുകള്‍ കൊണ്ട്‌
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..." ---നന്ദിത

" നിന്റെ വാക്കുകള്‍ക്ക്‌ വഴിപിഴച്ചിരുന്നുവൊ?
പിറക്കാതെ പോയ നിന്റെ കിനാവുകള്‍....
നിന്റേതു മാത്രമായി നീ പുണര്‍ന്നുറങ്ങിയവ.
നീ കാത്തിരുന്നതാരെ?
കണ്ണിലെ ചുവപ്പില്‍ നീ കണ്ടെടുത്തത്‌... ഓര്‍മകളെ,
പക്ഷെ,
നിന്റെ ഓര്‍മ്മകളില്‍ കാലം ചുട്ടെടുക്കുന്നത്‌ കറുപ്പും -- മരണത്തിന്റെ കറുപ്പ്‌...
നിന്റെ ആത്മാവിനെ തൊട്ടുണര്‍ത്തേണ്ട വിരലുകള്‍
‍ഒരു പക്ഷെ നിന്റെ ആയുസ്സില്‍ എരിഞ്ഞടര്‍ന്നിരിക്കാം.
വിവേകം നഷ്ടപ്പെട്ടെന്നുറപ്പായ കണ്ണാടിയില്‍
‍വെറുതെ നീ നോക്കിയിരുന്നതെന്തിനാവാം?
എങ്ങുമെത്താതെ നീ അവസാനിപ്പിച്ച നിന്റെ യാത്ര
നിന്റെ വേരുകള്‍ തേടിയുള്ളതായിരുന്നുവോ?
നിന്റെ ചിന്താശകലങ്ങളെ വലിച്ചെറിയാന്‍
‍തീപ്പൊരിയന്വേഷിച്ചതെന്തിനു നീ?
അടങ്ങാത്ത ദാഹത്തിനു നീട്ടിയ കൈക്കുടന്നയില്‍
‍തീര്‍ത്ഥമായി ഒരു തുള്ളി കനിവ്‌ ചോദിച്ചതെന്തിനു നീ?
പടിഞ്ഞാറന്‍ ചുവപ്പില്‍ തിളക്കുന്നതാരകമെന്ന്
നീ കള്ളം പറഞ്ഞതല്ലയൊ?
നീയുണരാന്‍ കൊതിച്ച പുലരികളും
നീയുറങ്ങാന്‍ കൊതിച്ച രാത്രികളും
ഇന്നും അനന്തമായി ഒഴുകുന്നതെന്തിനാവാം?
ഇന്നെന്റെ പുസ്തകത്തിന്റെ പുറം ചട്ടയില്‍
‍കറുത്ത പൊട്ടും, ഒറ്റക്കണ്ണുമായി
നീയെന്നെ നോക്കി ഉരിയാടുന്നതെന്താവാം?

ചിന്തകളെ പുതപ്പിക്കന്‍ നീ തേടിയത്‌
ഒരു മഞ്ഞപ്പട്ടെങ്കില്‍,
വെറുമൊരു 'കാകു' വായി എന്നിലവശേഷിക്കുന്ന
നിന്റെ ചിന്തകളെ പുതപ്പിക്കാന്‍
‍ഞാന്‍ എന്തു തേടണം.....???


--->> ഷഹീര്‍ കെ.കെ.യു <<---

മഴ... മഴ മാത്രമാവുമ്പോള്‍....!!!???


അന്നൊരിക്കല്‍,
നിന്റെ വിരല്‍ തുമ്പിലൂടൂര്‍ന്നിറങ്ങിയ മഴത്തുള്ളികള്‍
‍എന്റെ കണ്‍പോളകള്‍ക്കിടയില്‍ കോരിയിട്ടുകൊണ്ട്‌
നീ പറഞ്ഞു....
"ഇതെന്റെ ആത്മാവാണ്‌, കാത്തുകൊള്‍ക.."
പിന്നീടൊരിക്കല്‍,
കരുതിവെച്ച നിറക്കൂട്ടുകള്‍കൊണ്ട്‌ ഞാന്‍ തീര്‍ത്തവക്കൊന്നും
ആത്മാവില്ലെന്ന് നീ പറഞ്ഞപ്പോള്‍,
കരിമേഘങ്ങള്‍ തകര്‍ത്തു പെയ്തിരുന്ന ഒരു രാത്രിയില്‍
‍എന്നോടു യാത്ര പറഞ്ഞപ്പോള്‍,
ഞാന്‍ പാടുപെടുകയായിരുന്നു....
എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...
ഇന്ന്,
മറ്റൊരു മഴക്കാല രാത്രിയില്‍,
ഏകാന്തമായ എന്റെ ഇടനാഴിയിലെ ജനലഴികളിലൂടെ
അരിച്ചെത്തുന്ന നിന്റെ ഒര്‍മകളില്‍
‍എന്റെ ഹൃദയം വിങ്ങിപ്പൊട്ടുമ്പോഴും
ഞാന്‍ പാടു പെടുകയാണ്‌.......
എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...
നീയെന്നെ ഏല്‍പ്പിച്ച നിന്റെ ആത്മാവ്‌ നഷ്ട്ടപ്പെടാതിരിക്കാന്‍....!!!


--->> ഷഹീര്‍ കെ.കെ.യു <<---

ഒറ്റവാക്ക്‌....( നീ എന്റേതുമാത്രം...!!! )


നിന്നോടു ഞാന്‍ പറയാന്‍ കൊതിച്ചതെല്ലം
ഒരു വാക്കു മാത്രം
നിന്നില്‍ നിന്നു ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചതും
ഒരു വാക്കു മാത്രം
ഇന്നിന്റെയും ഇന്നലെയുടെയും,
വഴി വരമ്പുകളില്‍ ഞാന്‍ ഉരുവിട്ടു നടന്നതും
ആ വാക്കു മാത്രം...!!!

രാശിച്ചക്ക്രങ്ങള്‍ തിരിക്കുന്നവനും,
അതിനൊപ്പം തിരിയുന്ന 'സൈക്ലോപ്സുകളും,
അന്തതയുടെ ചിലന്തിവല കെട്ടിയ വായ കൊണ്ടുരുവിട്ട
മന്ത്രമൊഴികളാല്‍ ‍നിന്റെ കഴുത്തിലിട്ടു മുറുക്കിയ
മൂന്നു കുരുക്കുകളെ
വിധി എന്ന മറ്റൊരു ഒറ്റ വാക്കില്‍
‍നമ്മള്‍ ഒതുക്കിയപ്പോള്‍
‍അതിനുള്ളിലാണ്ടു പോയതും
ഞാന്‍ നിന്നോടു പറയാന്‍ കൊതിച്ചതും
നീ എന്നോടു പറയാന്‍ കൊതിച്ചതുമായ
ആ ഒറ്റ വാക്കാണ്‌.......!!!!


--->> ഷഹീര്‍ കുഞ്ഞാപ്പ <<---

വെറുതെ വ്യര്‍ത്ഥമായവ...!!!???


കൂട്ടുകാരാ....
വാരിക്കുഴികളൊരുക്കി ഞാന്‍ കാത്തിരുന്നത്‌,
നിന്റെ അന്ത്യത്തിനായിരുന്നില്ല...
സ്വപ്നക്കൊട്ടാരത്തിനകത്ത്‌ നിനക്കൊരാറടി ഇടമൊഴിച്ചിട്ടത്‌,
നിന്റെ അന്ത്യ നിദ്രക്കായിരുന്നില്ല....
നീ ലോകത്തെ അറിയുന്നതിനു മുന്‍പ്‌,
ലോകം നിന്നിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നതിനു മുന്‍പ്‌,
എന്റെ കൈവെള്ളയിലിട്ട്‌ നിനക്കു യാത്രാമൊഴി ചൊല്ലിയത്‌,
നിന്നോടുള്ള വെറുപ്പു കൊണ്ടായിരുന്നില്ല....
മറിച്ച്‌,
നീ ഇതൊന്നും കാണാതിരിക്കുന്നതായിരുന്നു നല്ലത്‌...
നീ ഇതിലൂടെ ഒഴുകാതിരിക്കുന്നതായിരുന്നു നല്ലത്‌...
നീ എന്നും എനിക്കു പ്രിയപ്പെട്ടവന്‍ തന്നെയല്ലെ..???

പിന്‍ കുറിപ്പ്‌ : (എന്റെ കൂട്ടുകാരനോട്‌)
കൊഴിയുന്നതിന്‌ മുന്‍പ്‌ എന്റെ പുസ്തകതാളുകള്‍ക്കിടയില്‍
‍നിന്നെ പോലെ വേറേയും ഒരുപാടു കൂട്ടുകാര്‍ ഇടം കണ്ടെത്തിയിട്ടുണ്ട്‌..
വരണ്ടുണങ്ങി, കടലാസു പോലെയായ പൂവുകളെ
ഞാന്‍ ശേഖരിച്ചു വെച്ചത്‌
അവയോടുള്ള ഭ്രമം കൊണ്ടുതന്നെയാണല്ലൊ...???
ഇനി നീ ഉറങ്ങുക..
എന്റെ ഹൃദയത്തിനകത്ത്‌...
എന്റെ പുസ്തകത്താളിനകത്ത്‌...
എന്നേക്കുമായി.... ഉറങ്ങുക....!!!

--->> ഷഹീര്‍ കെ.കെ.യു <<---