എന്റെ അക്ഷര ലോകത്തേക്ക്‌ സ്വാഗതം..... !!!

കിനാവുകളുടെ പെരുമഴയും, നോവിന്റെ നീർ‍ക്കുടങ്ങളും, ആനന്ദത്തിന്റെ ആർ‍പ്പുവിളികളും ഇവിടെ നിങ്ങളെ തേടിയെത്തിയേക്കാം...

എന്റെ മിഴിത്തുമ്പിലുതിർ‍ന്ന പാതിപൊള്ളിയ അക്ഷരങ്ങളിലൂടെ...

"കവിത കഥ തന്നെയാണ്. 'കഥയമമ... കഥയമമ' എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി. കവിതകളിലൂടെയാണ് ഏറ്റവും നല്ല കഥകള്‍ വന്നത്. ഇപ്പോഴുള്ള കവിതകള്‍ സിനിമയിലെ എഡിറ്റിങ് പോലെയാണ്. കഥയ്ക്ക് പ്രചാരം ലഭിച്ചത് കവിതയിലൂടെയാണ്. സംഗീതമാണ് കഥ. രണ്ടിനും വേര്‍തിരിവില്ല -- പുനത്തില്‍ കുഞ്ഞബ്ദുള്ള~~~~~~~"ബാഹ്യവസ്തുക്കളെ പ്രാപ്തമാക്കുന്നതുകൊണ്ട് ആരും മഹാനായിത്തീരുകയില്ല. അതുപോലെ പുറമേനിന്ന് കിട്ടുന്ന അറിവുകൊണ്ട് ആര്‍ക്കും ജ്ഞാനം നേടാന്‍ കഴിയുന്നതുമല്ല. എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരേയൊരു മാര്‍ഗം മാത്രമേയുള്ളൂ-സ്വയത്തെ അറിയുക -- ഓഷോ" ~~~~~~ "ഒരു തെറ്റായ ഫ്രെയിം ഒരു തെറ്റായ കാഴ്ചയാണ്. അതു തിരുത്തിയേ പറ്റു. അത് അത്രയും cruel ആണ്. അത്രയും കൃത്യവും ആണ് --എം.എന്‍ വിജയന്‍" ~~~~~~~~~~~~ “യുദ്ധം അവസാനിക്കാൻ വേണ്ടി ഇന്നത്തെ എല്ലാ രാഷ്ട്രീയ നായകന്മാർക്കും, എല്ലാ മത പ്രതിനിധികൾക്കും, എല്ലാ ചിന്തകന്മാർക്കും, എല്ലാ പട്ടാളക്കാർക്കും, ഭൂമിയിലുള്ള ഓരോ സ്ത്രീ-പുരുഷന്മാർക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള നല്ല വരട്ടു ചൊറി വരണം. -- വൈക്കം മുഹമ്മദ് ബഷീർ” ~~~~~~~~~~~~ "പുരാണകഥകളും മിത്തുകളും കടങ്കഥകളും കവിതയിലുപയോഗിച്ചതുകൊണ്ട് കവിത മിത്തായിക്കൊള്ളണമെന്നില്ല. അഗാധവും അര്‍ത്ഥവത്തുമായ ഒരനുഭവ യാഥാര്‍ത്ഥ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു മിത്തുണ്ടായി എന്നുവരാം. മിത്തുണ്ടാക്കാന്‍ വേണ്ടി കവിത എഴുതിയാല്‍ മിത്തുണ്ടാവില്ല; കവിതയുമുണ്ടാവില്ല. ഒരു നഷ്ടക്കച്ചവടം മാത്രമായിത്തീരും" -- എന്‍ . എന്‍. കക്കാട് ~~~~~~~~~~~~ "ഒരു കലാകാരന്‍ ജീവിതം പിഴിഞ്ഞുപിഴിഞ്ഞ് ഇത്തിരി കണ്ണീരും ഇത്തിരി കിനാവും ചേര്‍ത്ത് വാക്കിന്‍കൂടില്‍ വായനക്കാരന് നല്‍കുകയാണ്. വായനക്കാരന് ചെയ്യാനുള്ളത് ഇത്രമാത്രം. വൃഥയുടെ ഒരു കമ്പ് മനസ്സില്‍നിന്ന് ഊരിയെടുത്ത് ആ വാക്കിന്‍കൂടില്‍ നിന്ന് ഇത്തരി തീ കൊളുത്തുക" --പി.കെ.പാറക്കടവ് ~~~~~~~~~~~~"തോടുടഞ്ഞ്‌ ഒരു കോഴിക്കുഞ്ഞ്‌ പുറത്തു വരും പോലെ, വിത്തു പൊട്ടി ഈരില വിരിയും പോലെ, ഒരു കവിത പിറക്കുന്നു. അത്‌ ആത്മാവില്‍ നിന്ന്‌ താളിലേക്ക്‌ പറിച്ചുവെക്കുന്നതിന്റെ വേദന കവി മാത്രമറിയുന്നു. കവിത മനസ്സിലിരുന്നു മൂക്കുന്നു, വിങ്ങിപ്പൊട്ടുന്നു. സ്വന്തം രൂപം തേടുന്നു. പിറന്നു കഴിഞ്ഞാലുള്ള സുഖാലസ്യവും കവി മാത്രമറിയുന്നു. കവിത എന്റെ സ്വപ്നമാണ്‌. യാഥാര്‍ത്ഥ്യമേല്‍പ്പിക്കുന്ന മുറിവുകളുടെ വേദന ശമിപ്പിക്കുന്ന സ്വപ്നം.കവിത എന്റെ ഓര്‍മ്മയാണ്‌. മരണത്തെ വെല്ലുന്ന ഓര്‍മ്മ. കവിത സ്നേഹമാണ്‌. ഏതു ദുരന്തത്തേയും ഒഴിവാക്കാനുള്ള ഔഷധമായ സ്നേഹം. കവി സ്നേഹത്തെ സ്നേഹിക്കുന്നു" --ഒ.എന്‍.വി *****

“കബാബ് റൈസിന്റെ ദേശീയത”











കോൺക്രീറ്റ്‌ കെട്ടിടങ്ങളുടെ
ചരമക്കോളങ്ങളിൽ തൂങ്ങിക്കിടക്കുന്ന
വെള്ളിയാഴ്ച്ചയുടെ പകൽ,
ഫിഫ്ത് അവെന്യുവിലെ
മസ്ജിദിനു താഴെ നിറഞ്ഞൊഴുകുമ്പോൾ;
ഒരു 'പാക്കിസ്ഥാനി'യുടെ ഉന്തുവണ്ടിയിലെ
തിളക്കുന്ന എണ്ണച്ചട്ടിയിൽ
എന്റെ ദേശീയത
വെന്തു പാകമാവുകയാണ്‌ ...!

വണ്ടിച്ചക്രങ്ങളുരഞ്ഞ്
വികൃതമായ നടപ്പാതയൊന്നിൽ,
കറാച്ചിയും, കാശ്മീരും, കന്യാകുമാരിയും
ആറു ഡോളറിന്റെ കബാബ് റൈസിലെ
രുചിക്കൂട്ടുകളായി മാറുമ്പോൾ,
'ഖാലിദ് ബായ്' വിളമ്പിയ
തെളിച്ചമുള്ളയോർമ്മകളിൽ
ബോംബേയുടെ തെരുവുകളുണ്ട്.
വടാപാവും, ബക്‌രിയും ചിവ്ഡയുമുണ്ട്‌.
വിട്ടെറിഞ്ഞു പോരേണ്ടി വന്ന
മണ്ണിന്റെ മണമുണ്ട്.
പിടിച്ചു വാങ്ങിയ സ്വാതന്ത്ര്യം
നെഞ്ചു വെട്ടിപ്പൊളിക്കുന്നതിനും
മുൻപേയുള്ളയോർമ്മകളിൽ
നുഴഞ്ഞു കയറ്റിറക്കങ്ങളില്ലാത്ത,
കണ്ണീരിന്റെ നനവുണ്ട്‌...!

ഹേ ന്യൂയോർക്ക്‌...
നീ സുന്ദരിയാണ്‌..!!!
വശ്യതയുടെ മേലാപ്പിനുള്ളിൽ
കനവുകളൊളിപ്പിച്ചവൾ.
വന്യമായ രാവറുതികളിൽ
അണിഞ്ഞൊരുങ്ങിയൊരു
തെരുവുപെണ്ണിന്റെ വശ്യതയെങ്കിലും,
നീ കൂടുതൽ സുന്ദരിയാവുന്നത്
അതിർത്തികളില്ലാത്ത
നിന്റെ തെരുവുകളിലെവിടൊക്കെയോ
വീണുറങ്ങുന്ന തെണ്ടികളിൽ
ഞാനും ഖാലിദുമുള്ളതിനാലാണ്‌.
മഞ്ഞനിറമുള്ള ടാക്സിക്കാറുകളൊന്നിൽ
മറ്റൊരു ഖാലിദിന്റെ പുറകലിരുന്ന്‌
എനിക്കു യാത്രചെയ്യാനാവുമ്പോഴാണ്‌.
മുറിപ്പെട്ടു നേടിയ സ്വാതന്ത്ര്യത്തിനൊപ്പം
പടിയിറക്കപ്പെട്ട ഓർമകളെ
ഒരുന്തുവണ്ടിയിലെ രുചിക്കൂട്ടിനൊപ്പം
തിരിച്ചു നല്കുന്നതിനാലാണ്‌.

അതെ, ഈ നിമിഷത്തിൽ
നിന്റെ സൌന്ദര്യവും,
മുറിപ്പെടാത്തയെന്റെ ദേശീയതയും
ആറു ഡോളറിന്റെയീ കബാബ് റൈസിലാണ്‌.

ഷഹീർ കെ.കെ.യു

“പുഴക്കരയിലൊരുത്തൻ"










ഇന്നത്തെയീ പകലിനൊപ്പം

ചത്തൊടുങ്ങുന്ന

പുഴകളെല്ലാം കൂടിച്ചേർന്ന്

ഒരു മലയാകും.

മലമുകളിലൊരു

വയസ്സൻ കൊക്ക്‌

കാടു വളർത്താൻ 

ആദ്യം താടി വളർത്തും.

പിന്നെ കവിതകൾ ചൊല്ലും

ചൊൽപേച്ചും സ്വയം പേച്ചും

ഇല്ലാത്ത ചിലർ,

കവിപ്പേച്ചിലില്ലാത്ത

അതിർത്തികൾക്കപ്പുറവും

ഇപ്പുറവുമിരുന്ന്

വേലിപ്പുടവക്കായ്‌ പകിടയുരുട്ടും.

യമുനാപർവ്വമെന്നോ 

നിളാമലയെന്നോ,

കാവേരിക്കുന്നെന്നൊ,

കല്ലായി കൊടുമുടിയെന്നൊ

നിങ്ങളതിനെ ചൊല്ലിവിളിക്കും

പക്ഷെ...,

പേരല്ല പ്രശ്നം.

അതിന്റെ പേരോർത്തല്ല

എന്റെ ചങ്കിടിക്കുന്നത്‌.


എന്റെ പഴങ്കഥകൾ

കേട്ട്‌ കേട്ട്‌

പുഴക്കഥകളിലെ

പുഴമീൻ രുചിപുരാണം

കേട്ട്‌ കേട്ട്‌

പുഴമീൻ തിന്നാനെങ്കിലും

കൊതിയെടുത്ത നമ്മുടെ മക്കൾ;

 മലയുടെ മൂട്ടിൽ

തീ കൊളുത്തി,

മലവെട്ടി,

കല്ലുരുക്കി,

വീണ്ടും പുഴയൊഴുക്കാൻ

സേർച്ച്‌ എഞ്ചിനുകളിൽ

പരതിക്കുഴയുന്ന

കാഴ്ചയാണ്‌

എന്നെ കുഴക്കുന്ന പ്രശ്നം.

നീരൊഴുക്കറിഞ്ഞിട്ടില്ലാത്ത

 തലമുറ മക്കൾ

മലങ്കണ്ണീരിന്റെയറ്റത്ത്‌

എനിക്ക്‌

ഖബറൊരുക്കുന്ന

കാഴ്ച്ചയാണെന്റെ പ്രശ്നം.


ചുട്ടുപഴുത്ത മലഞ്ചെരുവിൽ

വേലിപ്പത്തലിന്റെ

വീതംവെപ്പിനായ്

പിന്നെയും പിന്നെയും വെടിയൊച്ചകൾ

മുഴങ്ങുമല്ലോയെന്നതാണ്

തുരുമ്പിച്ചയൊരു

ചൂണ്ടക്കൊളുത്തിൽ കുരുങ്ങി

പുഴക്കരയിലിരുന്ന്

വരണ്ടു പിടയുന്നയെന്റെ

ചിന്തകളെ കറുപ്പിക്കുന്നത്‌.


ഷഹീർ കുഞ്ഞാപ്പ

“ജയിച്ചത് അവൾ തന്നെയാണ്‌”








രക്തം മണക്കുന്ന
നീർച്ചോലകൾക്കപ്പുറത്തു നിന്നും
കരിമ്പാറകെട്ടുകൾ പോലെ
ഉറച്ചു പോയ ശബ്ദങ്ങൾ
അധികാരമുഷ്ക്കിന്റെ കാടിറങ്ങി വരുമെന്ന
കാത്തിരിപ്പിലാവണം
പെണ്ണ്‌ തോറ്റു പോയത്.

കാമത്തിന്റെ ചുരമിറങ്ങിയ
നപുംസകങ്ങൾ
അവളുടെ നാഭിക്കിരുവശമിരുന്ന്
ഇനിയേറെക്കാലം
പടയെടുക്കുമെന്ന സത്യം
തിരിച്ചറിയാതിരുന്നിടത്തവൾ
വീണ്ടും തോറ്റുപോയിരിക്കാം.

അധികാരമുകുരങ്ങളിലള്ളിപ്പിടിച്ചിരുന്ന്
ആയുസ്സൊടുങ്ങാറായ
‘ഷണ്ഠൻ ഭോഗി’ കളുടെ മുഖമറകൾ
വൈകിയെത്തുന്ന വെളിപ്പെടുത്തലുകളിൽ
ഉരിഞ്ഞു വീഴുമെന്നാശിച്ചയിടത്തും
അവൾ തോൽപ്പിക്കപ്പെട്ടിരിക്കാം.

ഒട്ടുപാലിന്റെ നാറ്റമുള്ള
ഒറ്റുകാരന്റെ വിയർപ്പിൽ മുക്കി
ദിവ്യസ്നാനം ചെയ്ത
അപ്പക്കഷണങ്ങളിലും,
വടിച്ചു കളഞ്ഞ താടിരോമത്തിലും,
പുഴുവരിക്കുന്ന തെളിവുകളിൽ
കടിച്ചു തൂങ്ങുമ്പോൾ
അവൾ വീണ്ടും വീണ്ടും തോൽപ്പിക്കപ്പെട്ടേക്കാം.

പക്ഷെ.....
ആണ്ടുകൾക്കിപ്പുറം
കപട നീതിയുടെ
സഹതാപങ്ങൾക്ക്‌
അവളുടെ പേരുപോലുമന്ന്യപ്പെട്ടിട്ടും,
നൂറു തവണയും തോറ്റയിടത്ത്,
ആത്മഹത്യയെന്ന തോൽവിയിൽ നിന്നും
പിന്തിരിഞ്ഞ്‌,
തളരാതെ ജീവിക്കുമ്പോൾ,
ജയിക്കുന്നത് അവൾ മാത്രമാണ്‌.
അവളുടെ മാത്രം വിജയം.
വേദനിപ്പിക്കുന്നതെങ്കിലും
ഉറപ്പുള്ള വിജയം!!!

ഷഹീർ.കെ.കെ.യു

ചോദ്യം










എന്റെ ചോദ്യം
അതു നീ കേട്ടില്ലെന്നു നടിക്കുക.
ഉത്തരമില്ലാത്തയാ
ചോദ്യമെങ്കിലും
എന്റേതായവശേഷിക്കട്ടെ.
ചില ചോദ്യങ്ങളങ്ങനെയാണ്‌
ഉത്തരങ്ങളേക്കാൾ
ഗാഢവും ശക്തവും,
വേദനിപ്പിക്കുന്നതുമായിരിക്കും.
എങ്കിലും
നീയാ ചോദ്യം കേട്ടിലെന്നു നടിക്കുക.
നിന്റെ വാക്കും
നിന്റെ മറുപടിയും
നിന്റെ മൌനം പോലെ
മാന്ത്രികമെങ്കിലും
നീയാ ചൊദ്യത്തിനുത്തരം
നല്കാതെ പോവുക.
നീയതിന്റെ
ഉത്തരം നല്കുന്ന നിമിഷം
നിന്നെ പോലെ ആ ചോദ്യവും
എന്റേതല്ലാതായിത്തീരും.
നഷ്ടങ്ങളിൽ നഷ്ട്ടപ്പെടാതെ
ഒരു ചോദ്യമെങ്കിലും...

ഷഹീർ.കെ.കെ.യു