ഇന്നത്തെയീ പകലിനൊപ്പം
ചത്തൊടുങ്ങുന്ന
പുഴകളെല്ലാം കൂടിച്ചേർന്ന്
ഒരു മലയാകും.
മലമുകളിലൊരു
വയസ്സൻ കൊക്ക്
കാടു വളർത്താൻ
ആദ്യം താടി വളർത്തും.
പിന്നെ കവിതകൾ ചൊല്ലും.
ചൊൽപേച്ചും സ്വയം പേച്ചും
ഇല്ലാത്ത ചിലർ,
കവിപ്പേച്ചിലില്ലാത്ത
അതിർത്തികൾക്കപ്പുറവും
ഇപ്പുറവുമിരുന്ന്
വേലിപ്പുടവക്കായ് പകിടയുരുട്ടും.
യമുനാപർവ്വമെന്നോ
നിളാമലയെന്നോ,
കാവേരിക്കുന്നെന്നൊ,
കല്ലായി കൊടുമുടിയെന്നൊ
നിങ്ങളതിനെ ചൊല്ലിവിളിക്കും.
പക്ഷെ...,
പേരല്ല പ്രശ്നം.
അതിന്റെ പേരോർത്തല്ല
എന്റെ ചങ്കിടിക്കുന്നത്.
എന്റെ പഴങ്കഥകൾ
കേട്ട് കേട്ട്
പുഴക്കഥകളിലെ
പുഴമീൻ രുചിപുരാണം
കേട്ട് കേട്ട്
പുഴമീൻ തിന്നാനെങ്കിലും
കൊതിയെടുത്ത നമ്മുടെ മക്കൾ;
ആ മലയുടെ മൂട്ടിൽ
തീ കൊളുത്തി,
മലവെട്ടി,
കല്ലുരുക്കി,
വീണ്ടും പുഴയൊഴുക്കാൻ
സേർച്ച് എഞ്ചിനുകളിൽ
പരതിക്കുഴയുന്ന
കാഴ്ചയാണ്
എന്നെ കുഴക്കുന്ന പ്രശ്നം.
നീരൊഴുക്കറിഞ്ഞിട്ടില്ലാത്ത
ആ തലമുറ മക്കൾ
മലങ്കണ്ണീരിന്റെയറ്റത്ത്
എനിക്ക്
ഖബറൊരുക്കുന്ന
കാഴ്ച്ചയാണെന്റെ പ്രശ്നം.
ചുട്ടുപഴുത്ത മലഞ്ചെരുവിൽ
വേലിപ്പത്തലിന്റെ
വീതംവെപ്പിനായ്
പിന്നെയും പിന്നെയും വെടിയൊച്ചകൾ
മുഴങ്ങുമല്ലോയെന്നതാണ്
തുരുമ്പിച്ചയൊരു
ചൂണ്ടക്കൊളുത്തിൽ കുരുങ്ങി
പുഴക്കരയിലിരുന്ന്
വരണ്ടു പിടയുന്നയെന്റെ
ചിന്തകളെ കറുപ്പിക്കുന്നത്.
3 comments:
അതുകാണാന്‍ ഞാനുണ്ടാവുകയില്ലല്ലോ എന്നതാണെന്റെ ആശ്വാസം
ഭാരതപ്പുഴ ഈ വര്‍ഷം പതിവിലും നേരത്തെ വറ്റിയെന്ന വാര്‍ത്ത ഇതിനോട് കൂട്ടി വായിക്കുമ്പോള്‍.. കവിയുടെ നിശ്വാസത്തിനൊപ്പം
എന്നില്‍ ബാക്കിയാവുന്നത് ഒരു നെടുവീര്‍പ്പ് കൂടെയാണ് .........
മനുഷ്യൻ അവൻറെ കുഴി അവൻ തന്നെ കുഴിച്ചു . പ്രക്രതിയെ മനുഷ്യൻ അവന്റെ സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി നശിപിച്ചുകൊണ്ടിരിക്കുകയാണ് പിന്നെ ഇതല്ല ഇതിനപ്പുറം സംഭവിക്കും
Post a Comment