കോൺക്രീറ്റ് കെട്ടിടങ്ങളുടെ
ചരമക്കോളങ്ങളിൽ തൂങ്ങിക്കിടക്കുന്ന
വെള്ളിയാഴ്ച്ചയുടെ പകൽ,
ഫിഫ്ത് അവെന്യുവിലെ
മസ്ജിദിനു താഴെ നിറഞ്ഞൊഴുകുമ്പോൾ;
ഒരു 'പാക്കിസ്ഥാനി'യുടെ ഉന്തുവണ്ടിയിലെ
തിളക്കുന്ന എണ്ണച്ചട്ടിയിൽ
എന്റെ ദേശീയത
വെന്തു പാകമാവുകയാണ് ...!
വണ്ടിച്ചക്രങ്ങളുരഞ്ഞ്
വികൃതമായ നടപ്പാതയൊന്നിൽ,
കറാച്ചിയും, കാശ്മീരും, കന്യാകുമാരിയും
ആറു ഡോളറിന്റെ കബാബ് റൈസിലെ
രുചിക്കൂട്ടുകളായി മാറുമ്പോൾ,
'ഖാലിദ് ബായ്' വിളമ്പിയ
തെളിച്ചമുള്ളയോർമ്മകളിൽ
ബോംബേയുടെ തെരുവുകളുണ്ട്.
വടാപാവും, ബക്‌രിയും ചിവ്ഡയുമുണ്ട്.
വിട്ടെറിഞ്ഞു പോരേണ്ടി വന്ന
മണ്ണിന്റെ മണമുണ്ട്.
പിടിച്ചു വാങ്ങിയ സ്വാതന്ത്ര്യം
നെഞ്ചു വെട്ടിപ്പൊളിക്കുന്നതിനും
മുൻപേയുള്ളയോർമ്മകളിൽ
നുഴഞ്ഞു കയറ്റിറക്കങ്ങളില്ലാത്ത,
കണ്ണീരിന്റെ നനവുണ്ട്...!
ഹേ ന്യൂയോർക്ക്...
നീ സുന്ദരിയാണ്..!!!
വശ്യതയുടെ മേലാപ്പിനുള്ളിൽ
കനവുകളൊളിപ്പിച്ചവൾ.
വന്യമായ രാവറുതികളിൽ
അണിഞ്ഞൊരുങ്ങിയൊരു
തെരുവുപെണ്ണിന്റെ വശ്യതയെങ്കിലും,
നീ കൂടുതൽ സുന്ദരിയാവുന്നത്
അതിർത്തികളില്ലാത്ത
നിന്റെ തെരുവുകളിലെവിടൊക്കെയോ
വീണുറങ്ങുന്ന തെണ്ടികളിൽ
ഞാനും ഖാലിദുമുള്ളതിനാലാണ്.
മഞ്ഞനിറമുള്ള ടാക്സിക്കാറുകളൊന്നിൽ
മറ്റൊരു ഖാലിദിന്റെ പുറകലിരുന്ന്
എനിക്കു യാത്രചെയ്യാനാവുമ്പോഴാണ്.
മുറിപ്പെട്ടു നേടിയ സ്വാതന്ത്ര്യത്തിനൊപ്പം
പടിയിറക്കപ്പെട്ട ഓർമകളെ
ഒരുന്തുവണ്ടിയിലെ രുചിക്കൂട്ടിനൊപ്പം
തിരിച്ചു നല്കുന്നതിനാലാണ്.
അതെ, ഈ നിമിഷത്തിൽ
നിന്റെ സൌന്ദര്യവും,
മുറിപ്പെടാത്തയെന്റെ ദേശീയതയും
ആറു ഡോളറിന്റെയീ കബാബ് റൈസിലാണ്.
ഷഹീർ കെ.കെ.യു
6 comments:
ദൂരെ വിദേശത്ത് പോയി വസിച്ചാലും......
അതിരുകളില്ലാത്ത സ്നേഹം..
മനുഷ്യനെ അറിയുക എനിട്ടല്ലെ രാജ്യ സ്നേഹം അല്ലേ
നന്നായി എഴുതി
കെട്ടി അടക്കുന്ന അതിരുകൾ ...
എല്ലാ അതിരുകളെയും ഭേദിക്കുന്ന ചിലതുണ്ട്.
അതിരാണി പാടം
Post a Comment