എന്റെ അക്ഷര ലോകത്തേക്ക്‌ സ്വാഗതം..... !!!

കിനാവുകളുടെ പെരുമഴയും, നോവിന്റെ നീർ‍ക്കുടങ്ങളും, ആനന്ദത്തിന്റെ ആർ‍പ്പുവിളികളും ഇവിടെ നിങ്ങളെ തേടിയെത്തിയേക്കാം...

എന്റെ മിഴിത്തുമ്പിലുതിർ‍ന്ന പാതിപൊള്ളിയ അക്ഷരങ്ങളിലൂടെ...

"കവിത കഥ തന്നെയാണ്. 'കഥയമമ... കഥയമമ' എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി. കവിതകളിലൂടെയാണ് ഏറ്റവും നല്ല കഥകള്‍ വന്നത്. ഇപ്പോഴുള്ള കവിതകള്‍ സിനിമയിലെ എഡിറ്റിങ് പോലെയാണ്. കഥയ്ക്ക് പ്രചാരം ലഭിച്ചത് കവിതയിലൂടെയാണ്. സംഗീതമാണ് കഥ. രണ്ടിനും വേര്‍തിരിവില്ല -- പുനത്തില്‍ കുഞ്ഞബ്ദുള്ള~~~~~~~"ബാഹ്യവസ്തുക്കളെ പ്രാപ്തമാക്കുന്നതുകൊണ്ട് ആരും മഹാനായിത്തീരുകയില്ല. അതുപോലെ പുറമേനിന്ന് കിട്ടുന്ന അറിവുകൊണ്ട് ആര്‍ക്കും ജ്ഞാനം നേടാന്‍ കഴിയുന്നതുമല്ല. എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരേയൊരു മാര്‍ഗം മാത്രമേയുള്ളൂ-സ്വയത്തെ അറിയുക -- ഓഷോ" ~~~~~~ "ഒരു തെറ്റായ ഫ്രെയിം ഒരു തെറ്റായ കാഴ്ചയാണ്. അതു തിരുത്തിയേ പറ്റു. അത് അത്രയും cruel ആണ്. അത്രയും കൃത്യവും ആണ് --എം.എന്‍ വിജയന്‍" ~~~~~~~~~~~~ “യുദ്ധം അവസാനിക്കാൻ വേണ്ടി ഇന്നത്തെ എല്ലാ രാഷ്ട്രീയ നായകന്മാർക്കും, എല്ലാ മത പ്രതിനിധികൾക്കും, എല്ലാ ചിന്തകന്മാർക്കും, എല്ലാ പട്ടാളക്കാർക്കും, ഭൂമിയിലുള്ള ഓരോ സ്ത്രീ-പുരുഷന്മാർക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള നല്ല വരട്ടു ചൊറി വരണം. -- വൈക്കം മുഹമ്മദ് ബഷീർ” ~~~~~~~~~~~~ "പുരാണകഥകളും മിത്തുകളും കടങ്കഥകളും കവിതയിലുപയോഗിച്ചതുകൊണ്ട് കവിത മിത്തായിക്കൊള്ളണമെന്നില്ല. അഗാധവും അര്‍ത്ഥവത്തുമായ ഒരനുഭവ യാഥാര്‍ത്ഥ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു മിത്തുണ്ടായി എന്നുവരാം. മിത്തുണ്ടാക്കാന്‍ വേണ്ടി കവിത എഴുതിയാല്‍ മിത്തുണ്ടാവില്ല; കവിതയുമുണ്ടാവില്ല. ഒരു നഷ്ടക്കച്ചവടം മാത്രമായിത്തീരും" -- എന്‍ . എന്‍. കക്കാട് ~~~~~~~~~~~~ "ഒരു കലാകാരന്‍ ജീവിതം പിഴിഞ്ഞുപിഴിഞ്ഞ് ഇത്തിരി കണ്ണീരും ഇത്തിരി കിനാവും ചേര്‍ത്ത് വാക്കിന്‍കൂടില്‍ വായനക്കാരന് നല്‍കുകയാണ്. വായനക്കാരന് ചെയ്യാനുള്ളത് ഇത്രമാത്രം. വൃഥയുടെ ഒരു കമ്പ് മനസ്സില്‍നിന്ന് ഊരിയെടുത്ത് ആ വാക്കിന്‍കൂടില്‍ നിന്ന് ഇത്തരി തീ കൊളുത്തുക" --പി.കെ.പാറക്കടവ് ~~~~~~~~~~~~"തോടുടഞ്ഞ്‌ ഒരു കോഴിക്കുഞ്ഞ്‌ പുറത്തു വരും പോലെ, വിത്തു പൊട്ടി ഈരില വിരിയും പോലെ, ഒരു കവിത പിറക്കുന്നു. അത്‌ ആത്മാവില്‍ നിന്ന്‌ താളിലേക്ക്‌ പറിച്ചുവെക്കുന്നതിന്റെ വേദന കവി മാത്രമറിയുന്നു. കവിത മനസ്സിലിരുന്നു മൂക്കുന്നു, വിങ്ങിപ്പൊട്ടുന്നു. സ്വന്തം രൂപം തേടുന്നു. പിറന്നു കഴിഞ്ഞാലുള്ള സുഖാലസ്യവും കവി മാത്രമറിയുന്നു. കവിത എന്റെ സ്വപ്നമാണ്‌. യാഥാര്‍ത്ഥ്യമേല്‍പ്പിക്കുന്ന മുറിവുകളുടെ വേദന ശമിപ്പിക്കുന്ന സ്വപ്നം.കവിത എന്റെ ഓര്‍മ്മയാണ്‌. മരണത്തെ വെല്ലുന്ന ഓര്‍മ്മ. കവിത സ്നേഹമാണ്‌. ഏതു ദുരന്തത്തേയും ഒഴിവാക്കാനുള്ള ഔഷധമായ സ്നേഹം. കവി സ്നേഹത്തെ സ്നേഹിക്കുന്നു" --ഒ.എന്‍.വി *****

ഭ്രാന്തന്‍....(നീയോ..ഞാനോ.....???)



സര്‍ക്കാരു മതിലെന്റെയീ കൊച്ചുകോണില്‍
ഭ്രാന്താ...നീ വരച്ചിടുന്നതെന്തിങ്ങനെ?
സമരനോട്ടീസുകാര്‍ പണ്ടേ നശിപ്പിച്ചതല്ലെ
കാവി പൂശിപ്പായലരിച്ചയീ ചുമരിനെ...?

നിന്റെ കൈവെള്ളയില്‍ ഞെരിഞ്ഞ പച്ചിലകള്‍
തീര്‍ക്കുന്നത്‌ ഒരു യുഗത്തിന്റെ നഷ്‌ടഹരിതമോ?
കരിക്കട്ട തന്‍ മാറില്‍ തുപ്പലിട്ടു നീയുരക്കുന്നത്‌
വെള്ളമില്ലാത്തൊരു നാളെയുടെ നാഭിയിലോ?
ചോക്കിന്റെ ചുണ്ടിലെ ചുകപ്പിലുദിക്കുന്നത്‌
അക്ഷരമില്ലാത്ത നൂറു കുഞ്ഞു പുലരികളൊ?

കണ്ണിമക്കാതെ നോക്കി നില്‍ക്കുന്നു കാണികള്‍,
മാന്യന്മാര്‍-വെള്ളയുടുത്തവര്‍-ഭ്രാന്തില്ലാത്തവര്‍.
നിന്റെ കൈകളിലെ ചങ്ങല തേടുന്നൂ ചിലര്‍,
ചങ്ങലയിടാത്ത നിയമത്തെ പഴിക്കുന്നൂ ചിലര്‍.
ഒന്നുമുരിയാടാതെ നോക്കി നില്‍ക്കുന്നു ഞാനും
പുകയൊഴിഞ്ഞു കത്തുന്ന സിഗരറ്റുകുറ്റിയും.

തെല്ലുനേരം കൊണ്ടു പിറന്നതൊരുകൊച്ചു ചിത്രം
ഏഴുവര്‍ണ്ണങ്ങളും വിടര്‍ത്തി ചിരിക്കുന്ന ചിത്രം.
നിന്റെ ചിത്രത്തിലെ പുഴയിലെന്തേയിത്ര വെള്ളം?
നിന്റെ ചിത്രത്തിലെ കിളികള്‍ മാത്രമെങ്ങിനെ പാടുന്നു?
ആ മലയിടുക്കിലൊളിപ്പൊച്ചുവോ നീയാ ഭ്രാന്തന്‍ ചങ്ങല?
നട്ടുച്ചനേരത്തീ സര്‍ക്കാരു കാന്‍വാസില്‍
നീ പറിച്ചുവച്ചതെന്റെ നാടിന്റെയിന്നലെയൊ?
ഭ്രാന്തില്ലാത്തവര്‍ പട്ടയമിട്ടുമല്ലാതെയും പകുത്ത നാടിന്റെ
മരണം പോലുമന്യമാവുമിന്നലെയൊ?

ഭാണ്ഠമേറ്റി നീ നടക്കുന്നതെങ്ങോട്ടു സോദരാ..?
സ്വീകരിച്ചാലുമെന്റെയീ നാണയത്തുട്ടുകള്‍.
നിന്റെ കണ്ണില്‍ തെളിഞ്ഞതേതു വികാരമേ?
എന്റെ നെഞ്ചില്‍ പിടച്ചതേതു കാലന്‍കിളി?
നീ തട്ടിത്തെറിപ്പിച്ച നാണയത്തുട്ടുകള്‍
എന്റെ ബോധതന്ത്രികളെ പ്രകമ്പനം കൊള്ളിക്കുമ്പോള്‍
ഭ്രന്തനെന്നാരെ പിന്‍വിളിക്കുന്നു...
നിന്നെയോ..... അതോ എന്നെ തന്നെയോ....?

ഷഹീര്‍.കെ.കെ.യു.

എന്റെ വളപ്പൊട്ടുകള്‍....



തെന്നലേ..
നെഞ്ചോടടക്കിപ്പിടിച്ച തേങ്ങലോടെ
പണ്ടന്നു നാം ചൊല്ലിപ്പിരിഞ്ഞതാണ്‌.
മിഴിവഴിഞ്ഞൊഴുകിയ കണ്ണുനീര്‍ത്തുള്ളികള്‍ക്കൊപ്പം
നം സ്വപ്നങ്ങളും ഒഴുകിയൊലിച്ചിരിക്കണം.
ഞാനുമൊരു ചക്രവര്‍ത്തിയായിരുന്നെങ്കില്‍
മറ്റൊരു പ്രണയകുടീരം കൂടെ പിറന്നേനെ.
(വെറുതെ ഒരു വ്യാമോഹം)

പണ്ട്‌
ക്യാമ്പസ്സിന്റെ ഇടവഴികളൊന്നില്‍
ചിതറിത്തെറിച്ച വളപ്പൊട്ടുകളായൊരുന്നല്ലൊ
നമ്മുടെ പ്രണയത്തിന്റെ മൂക സാക്ഷികള്‍.
പൂര്‍ണത നഷ്ടപ്പെട്ട ചുവന്ന വളപ്പൊട്ടുകള്‍....
‍അതിനാല്‍ തന്നെയാവണം ഞാനവയെ കരുതലോടെ കാക്കുന്നതും.
ആരാരും കാണാതെ ഒരു കടലാസുപൊതിക്കുള്ളില്‍
‍അവയിരുന്ന് വിങ്ങുന്നത്‌ ഞാനിന്നുമറിയുന്നു.
"തകര്‍ന്നുടഞ്ഞ പ്രണയത്തിന്റെ വിങ്ങുന്ന സാക്ഷികള്‍"

അന്ന്
ഉറുമ്പ്‌ അന്നം ചേര്‍ക്കുന്ന പോലെ ഞാന്‍ കരുതി വെച്ചിരുന്ന
പ്രണയം മുഴുവനും നിനക്കര്‍പ്പിച്ചതാണ്‌.
നമ്മളതിനെ പങ്കിട്ടു രസിച്ചതുമാണ്‌.
പക്ഷെ കാലത്തിന്റെ ചുഴലികളൊന്നില്‍
‍എവിടെയോ വെച്ചു നമുക്കവയെ നഷ്ടപ്പെട്ടു.
അല്ലെങ്കില്‍, നമ്മള്‍ നഷ്ടപ്പെടുത്തി.

ലോകത്തെ ഒരോ പ്രണയകുടീരങ്ങളും
നഷ്ടപ്രണയത്തിന്റെ സാക്ഷികളാണല്ലൊ?
ഷേക്‌സ്പിയറിന്റെ കൃതികളും താജ്‌മഹാലും
പിന്നെ എന്റെയീ വളപ്പൊട്ടുകളും....

അതെ
ഈ വളപ്പൊട്ടുകള് ‍നമ്മുടെ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മയാണ്‌.
മറ്റാര്‍ക്കും അറിവില്ലാത്ത ഒരു കൊച്ചു പ്രണയകുടീരം.
ഇനി അവയെ ഉപേക്ഷിക്കാന്‍ എനിക്കാവില്ല.
ആ കടലാസു പൊതിക്കുള്ളില്‍ അവയെന്നുമിങ്ങനെയുണ്ടാവും
നമ്മുടെ പ്രണയത്തിന്റെ വിങ്ങുന്ന ഓര്‍മകളും പേറിക്കൊണ്ട്‌...
എന്നും.... എന്റെ മരണം വരേക്കും....


ഷഹീര്‍.കെ.കെ.യു.

നിന്റെ മൗനം....


ഇന്നു നിന്റെയീ മൗനം എന്നെ നോക്കി പല്ലിളിക്കുന്നു.
പരിഹാസത്തോടെ...
തുരുമ്പെടുത്ത്‌ തുടങ്ങിയിരുന്ന മനസ്സിന്റെ കോണിലെങ്ങോ
കടലെടുപ്പു കാത്തിരുന്ന കിനാവുകള്‍ക്ക്‌
വര്‍ണ്ണച്ചിറകുകള്‍ നല്‍കിയതു നിന്റെ വാചാലതയായിരുന്നു.
വാക്കുകള്‍ പതിയിരുന്ന മനസ്സിന്റെ ഇടവഴികളില്‍
‍ഒരായിരം കൊലുസുകള്‍ കിലുക്കി നടന്നതും
അതിലൊരു മുത്തു അടര്‍ത്തിയൊളിപ്പിച്ചതും
നിന്റെ വാചാലതക്കു വേണ്ടിയായിരുന്നില്ലെ?

പക്ഷെ...
ഇന്നു നിന്റെയീ മൗനം എന്നെ നോക്കി പല്ലിളിക്കുന്നു.

മഴ...കടല്‍...കാട്‌...
നിന്റെ ഇഷ്‌ടങ്ങളില്‍ ഞാനെന്റെ ഇഷ്‌ടങ്ങള്‍ തേടിപ്പിടിച്ചതും
എന്റെ നിഴലിനെ പോലും
ചെത്തിമിനുക്കി കനം കുറച്ച്‌ സുന്ദരനാക്കിയതും...,
പറിച്ചു നീട്ടിയ പൂക്കള്‍ക്ക്‌
മരണത്തിന്റെ ഗന്ധമില്ലെന്നു വാശിപിടിച്ചതും...,
മിടിപ്പകലുന്ന ഹൃദയത്തിന്റെ കോണുകളില്‍
‍മിന്നിമറയുന്ന ഒരായിരം മിന്നല്‍പ്പിണരുകള്‍ക്കിടയില്‍
‍നീ നീട്ടിയ ആശയുടെ ഒരു കൊച്ചു തിരിനാളം പൊലിയാതിരിക്കാന്‍
‍എന്റെ വേരുപോലും പിഴുതെടുത്ത്‌ ഞാനിരുന്നതും...,
കഥയെന്തെന്നറിഞ്ഞിട്ടും....
ഒടുവില്‍ പേരുപോലും അന്യമാവുമെന്നറിഞ്ഞിട്ടും
ഈ വിഡ്ഡിവേഷം കെട്ടിയാടിയതും...,
എല്ലാം നിന്റെ വാചാലതക്കു വേണ്ടിമാത്രമായിരുന്നില്ലെ?

പക്ഷെ
ഇന്നു നിന്റെയീ മരണമൗനത്തിന്റെ കാല്‍ച്ചുവട്ടില്‍ ഞാന്‍ പിടയുന്നു...
ഇന്നു നിന്റെയീ മൗനം എന്നെ നോക്കി പല്ലിളിക്കുന്നു.!!???
---> ഷഹീര്‍.കെ.കെ.യു <<---