ജാലകപ്പുറത്തെ മഴച്ചിത്രങ്ങളില്‍
ആര്‍ദ്രമായലിയുന്നു ഓര്‍മ്മകള്‍.
സ്വയം തീര്‍ത്ത കൈവഴികളിലൂടെ
നിയതമല്ലാതെയൊഴുകുന്നയീ മഴച്ചാലുകള്‍
എന്നിലൊന്നു കനിഞ്ഞിരുന്നുവെങ്കില്‍..!!
കണ്ണാടിച്ചില്ലിനുമപ്പുറത്തെനനുത്തയോര്മകളുടെ ഇന്നലേകളിലേക്കെന്നെ
തിരികെ നടത്തിച്ചിരുന്നുവെങ്കില്‍..!!
വെറുതെ.. വെറുതെയെന്നെറിഞ്ഞിട്ടും
ഒരോ മഴക്കാലരാത്രികളിലും
ഞാന്‍ കണ്ട സ്വപ്നങ്ങളെല്ലാം
ഒരു തിരിച്ചു പോക്കിനെക്കുറിച്ചായിരുന്നു.
അച്ചന്റെ വിരല്‍ത്തുമ്പില്‍ത്തൂങ്ങി
നടത്തം പടിച്ച വയല്‍ വരമ്പുകളിലേക്ക്,
തുലാമഴക്കാറിനുള്ളിലൂടെ
മിന്നിത്തെളിഞ്ഞ പ്രേതാത്മാക്കളില്‍ നിന്നും
ഓടിയൊളിച്ചിരുന്ന അമ്മയുടെ മടിത്തുമ്പിലേക്ക്,
ഒടിയനും, ചാത്തനും, കരിങ്കണ്ണനും
ഒളിച്ചിരുന്നയിടവഴികളിലേക്ക്,
തലവെട്ടിച്ചത്തൊരു കോമരപ്പണ്ടാരം
ഭീതിയുടെ ഭസ്മം മണപ്പിച്ച രാത്രികളിലേക്ക്,
മഴനനഞ്ഞയൊരു കണ്‍ചിമിഴു വെട്ടത്തില്‍
പ്രണയം പങ്കിട്ടയിടനാഴിയിലേക്ക്.
ഇന്നലെകളുടെ ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ പോലും
ഇന്നിണ്റ്റെ തീരാ നഷ്ടങ്ങളാവുമ്പോള്‍
ഒരോ മഴക്കാലരാത്രികളിലും
ഒരു തിരിച്ചുപോക്കിനായ് ഞാന്‍ കൊതിച്ചിരുന്നു.
ഒരു മണ്‍ചിരാതിന്റെയിത്തിരി വെട്ടത്തിനൊപ്പം
ഓര്‍മവഴികളില്‍ വെച്ചെനിക്കു നഷ്ടമായ
ഇന്നലേകളിലേക്കൊരു
തിരിച്ചുപോക്കുണ്ടായിരുന്നുവെങ്കില്‍....
നിയതമല്ലതെയൊഴുകുന്നയീ മഴച്ചാലുകള്‍
എന്നിലൊന്നു കനിഞ്ഞിരുന്നുവെങ്കില്‍...
ഷഹീര്‍.കെ.കെ.യു
1 comments:
ഇന്നലേകളിലേക്കൊരു
തിരിച്ചുപോക്കുണ്ടായിരുന്നുവെങ്കില്‍....!!!
Post a Comment