കഴിയുമെങ്കിൽ,
ശവപ്പറമ്പുകളെല്ലാം
ഉഴുതുമറിക്കണം.
ചെമ്പട്ടു പുതപ്പിച്ചതും,
മൂന്നുമുഴം വെള്ള പുതപ്പിച്ചതിനേയും,
ശവപ്പെട്ടിയിലുറങ്ങുന്നതിനേയും
തിരഞ്ഞു പിടിക്കണം.
തീനാളങ്ങളിൽ നിന്നും
എല്ലിൻ തുണ്ടുകളെടുത്ത് മാറ്റണം.
എന്നിട്ട്
എല്ലാത്തിനേയും
മോചിപ്പിക്കണം.
ഒസിയത്തുകളിൽ പറഞ്ഞിട്ടില്ലാത്ത
ആത്മാവുകളുടെ മോചനം.
ഓർമ്മയിൽ,
മോക്ഷം കാത്തു കിടക്കുന്നു
കുറേ മുഖങ്ങൾ.
പതിനഞ്ചു കൊല്ലം മുൻപ്
തെരുവുപട്ടിയോടൊപ്പം
മരിച്ചു വീണ
ഒരു മാർവാടിയുടെ മുഖം,
പിന്നെയൊരു ഭ്രാന്തൻ ശങ്കരൻ,
പൊലീസിനൊപ്പം
കോളറിലെ അഡ്രസ്സ് തിരഞ്ഞുപോയ
ഏതൊ ഒരു വഴിയാത്രക്കാരൻ,
കള്ളിമുള്ളുകൾക്കിടയിൽ കിടന്ന
പാതിയുടുപ്പില്ലാത്തയൊരു പെണ്ണ്,
ഇന്നലെയീ തെരുവിൽ
ആർത്തലച്ചു വന്ന ആമ്പുലൻസിൽ
കയറ്റിവിട്ട സായിപ്പച്ചായൻ,
പിന്നെയും ഒരുപാട് മുഖങ്ങൾ..!
എല്ലാ ആത്മാക്കളെയും മോചിപ്പിക്കണം.
ഒസിയത്തുകളിൽ പറഞ്ഞിട്ടില്ലാത്ത
മോചനങ്ങൾ....മോക്ഷങ്ങൾ...!!!
ശേഷം,
കോടാനുകോടി
പ്രേതങ്ങളെ മോചിപ്പിച്ചൊഴുക്കിയിട്ടും
മോക്ഷമില്ലാത്ത
ഗംഗയുടെ തീരത്ത്
“മോചനം” എന്ന പേരിൽ
ഞാനൊരു മാടക്കട തുടങ്ങും.
പീടികത്തിണ്ണയിൽ,
സെക്കന്റ് ഹാൻഡ് ശവപ്പെട്ടികളും,
വെള്ളയും, കറുപ്പും,
പിന്നെ ചെഞ്ചുകപ്പുള്ള
തുണിക്കഷണങ്ങളും
പാതി കത്തിയ അഗർബത്തി തുണ്ടുകളും
കരിഞ്ഞു തീർന്നിട്ടില്ലാത്ത
വിറകുകൊള്ളികളും
നിരത്തിവെക്കും.
മോക്ഷമില്ലാതാവുന്നവർക്കായി
ഒരു മോചനശാല.
ഞാനവിടെയുണ്ടാവും
മറ്റൊരു ദിക്കിൽ നിന്നും
ഒരുത്തനോ
ഒരുത്തിയോ എത്തി
എന്റെയാത്മാവു മോചിപ്പിക്കും വരെ
ആ പീടികച്ചായ്പ്പിൽ ഞാനുണ്ടാവും.
ഷഹീർ.കെ.കെ.യു
5 comments:
മോക്ഷപ്രാപ്തിക്കായി....
കൊള്ളാം നല്ല വരികള്
മോക്ഷം തേടുന്നവരെ തേടിയിറങ്ങിയ വരികള്‍..
ഇത് മാത്രം മനസ്സിലായില്ല
പാതിയുടുപ്പില്ലാത്തയൊരു æÉHí
തേതാ ഭാഷ :D
കള്ളിമുള്ളുകൾക്കിടയിൽ കിടന്ന
പാതിയുടുപ്പില്ലാത്തയൊരു പെണ്ണ്
എന്നാണ് ഉദ്ധേശിച്ചത്
ഈ വഴി വന്ന എല്ലാവർക്കും നന്ദി.
Good One.
Post a Comment