എന്റെ അക്ഷര ലോകത്തേക്ക്‌ സ്വാഗതം..... !!!

കിനാവുകളുടെ പെരുമഴയും, നോവിന്റെ നീർ‍ക്കുടങ്ങളും, ആനന്ദത്തിന്റെ ആർ‍പ്പുവിളികളും ഇവിടെ നിങ്ങളെ തേടിയെത്തിയേക്കാം...

എന്റെ മിഴിത്തുമ്പിലുതിർ‍ന്ന പാതിപൊള്ളിയ അക്ഷരങ്ങളിലൂടെ...

"കവിത കഥ തന്നെയാണ്. 'കഥയമമ... കഥയമമ' എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി. കവിതകളിലൂടെയാണ് ഏറ്റവും നല്ല കഥകള്‍ വന്നത്. ഇപ്പോഴുള്ള കവിതകള്‍ സിനിമയിലെ എഡിറ്റിങ് പോലെയാണ്. കഥയ്ക്ക് പ്രചാരം ലഭിച്ചത് കവിതയിലൂടെയാണ്. സംഗീതമാണ് കഥ. രണ്ടിനും വേര്‍തിരിവില്ല -- പുനത്തില്‍ കുഞ്ഞബ്ദുള്ള~~~~~~~"ബാഹ്യവസ്തുക്കളെ പ്രാപ്തമാക്കുന്നതുകൊണ്ട് ആരും മഹാനായിത്തീരുകയില്ല. അതുപോലെ പുറമേനിന്ന് കിട്ടുന്ന അറിവുകൊണ്ട് ആര്‍ക്കും ജ്ഞാനം നേടാന്‍ കഴിയുന്നതുമല്ല. എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരേയൊരു മാര്‍ഗം മാത്രമേയുള്ളൂ-സ്വയത്തെ അറിയുക -- ഓഷോ" ~~~~~~ "ഒരു തെറ്റായ ഫ്രെയിം ഒരു തെറ്റായ കാഴ്ചയാണ്. അതു തിരുത്തിയേ പറ്റു. അത് അത്രയും cruel ആണ്. അത്രയും കൃത്യവും ആണ് --എം.എന്‍ വിജയന്‍" ~~~~~~~~~~~~ “യുദ്ധം അവസാനിക്കാൻ വേണ്ടി ഇന്നത്തെ എല്ലാ രാഷ്ട്രീയ നായകന്മാർക്കും, എല്ലാ മത പ്രതിനിധികൾക്കും, എല്ലാ ചിന്തകന്മാർക്കും, എല്ലാ പട്ടാളക്കാർക്കും, ഭൂമിയിലുള്ള ഓരോ സ്ത്രീ-പുരുഷന്മാർക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള നല്ല വരട്ടു ചൊറി വരണം. -- വൈക്കം മുഹമ്മദ് ബഷീർ” ~~~~~~~~~~~~ "പുരാണകഥകളും മിത്തുകളും കടങ്കഥകളും കവിതയിലുപയോഗിച്ചതുകൊണ്ട് കവിത മിത്തായിക്കൊള്ളണമെന്നില്ല. അഗാധവും അര്‍ത്ഥവത്തുമായ ഒരനുഭവ യാഥാര്‍ത്ഥ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു മിത്തുണ്ടായി എന്നുവരാം. മിത്തുണ്ടാക്കാന്‍ വേണ്ടി കവിത എഴുതിയാല്‍ മിത്തുണ്ടാവില്ല; കവിതയുമുണ്ടാവില്ല. ഒരു നഷ്ടക്കച്ചവടം മാത്രമായിത്തീരും" -- എന്‍ . എന്‍. കക്കാട് ~~~~~~~~~~~~ "ഒരു കലാകാരന്‍ ജീവിതം പിഴിഞ്ഞുപിഴിഞ്ഞ് ഇത്തിരി കണ്ണീരും ഇത്തിരി കിനാവും ചേര്‍ത്ത് വാക്കിന്‍കൂടില്‍ വായനക്കാരന് നല്‍കുകയാണ്. വായനക്കാരന് ചെയ്യാനുള്ളത് ഇത്രമാത്രം. വൃഥയുടെ ഒരു കമ്പ് മനസ്സില്‍നിന്ന് ഊരിയെടുത്ത് ആ വാക്കിന്‍കൂടില്‍ നിന്ന് ഇത്തരി തീ കൊളുത്തുക" --പി.കെ.പാറക്കടവ് ~~~~~~~~~~~~"തോടുടഞ്ഞ്‌ ഒരു കോഴിക്കുഞ്ഞ്‌ പുറത്തു വരും പോലെ, വിത്തു പൊട്ടി ഈരില വിരിയും പോലെ, ഒരു കവിത പിറക്കുന്നു. അത്‌ ആത്മാവില്‍ നിന്ന്‌ താളിലേക്ക്‌ പറിച്ചുവെക്കുന്നതിന്റെ വേദന കവി മാത്രമറിയുന്നു. കവിത മനസ്സിലിരുന്നു മൂക്കുന്നു, വിങ്ങിപ്പൊട്ടുന്നു. സ്വന്തം രൂപം തേടുന്നു. പിറന്നു കഴിഞ്ഞാലുള്ള സുഖാലസ്യവും കവി മാത്രമറിയുന്നു. കവിത എന്റെ സ്വപ്നമാണ്‌. യാഥാര്‍ത്ഥ്യമേല്‍പ്പിക്കുന്ന മുറിവുകളുടെ വേദന ശമിപ്പിക്കുന്ന സ്വപ്നം.കവിത എന്റെ ഓര്‍മ്മയാണ്‌. മരണത്തെ വെല്ലുന്ന ഓര്‍മ്മ. കവിത സ്നേഹമാണ്‌. ഏതു ദുരന്തത്തേയും ഒഴിവാക്കാനുള്ള ഔഷധമായ സ്നേഹം. കവി സ്നേഹത്തെ സ്നേഹിക്കുന്നു" --ഒ.എന്‍.വി *****

“സദാചാര സർട്ടിഫിക്കറ്റ്”







അധാർമികതയുടെ കൂട്ടിക്കൊടുപ്പിനായ്‌
ജനാധിപത്യത്തിന്റെ കാവല്പ്പുരകൾ തുറന്നിരിക്കുമ്പോൾ
സദാചാരത്തിന്റെ കാഹളമൂതുന്ന വിഡ്ഡികൾ
വേട്ടമൃഗത്തിന്റെ തൊലിപ്പുറത്തിരുന്ന്‌
നിന്നെയും എന്നെയും നോക്കി
കൊഞ്ഞനം കുത്തും.

അയലത്തെ കിടപ്പുമുറിയിലെ നിശ്വാസങ്ങളിൽ,
നിഷ്കാസിത സത്യങ്ങളുടെ ഉള്ളറകളിൽ,
ആജീവനത്തിന്റെ മുറവിളികളിൽ,
അരാഷ്ട്രിയതയുടെ ഒളിഞ്ഞുനോട്ടങ്ങളിൽ,
അസഹിഷ്ണുതയുടെ തിരയിളക്കങ്ങളിൽ,
അങ്ങനെയെല്ലായിടത്തും
സദാചാരത്തിന്റെ ക്യാമറക്കണ്ണുകൾ
‘വിബ്ജിയോർ’ ന്റെ കണക്കെടുപ്പു നടത്തും.

പിച്ചിചീന്തിയെറിയപ്പെട്ട യൌവനങ്ങളിൽ
മൂല്യച്ച്യുതിയുടെ ആറാം വിരലുടക്കും.
ആറാം വിരലില്ലാത്ത കൈകളിലൊന്ന്‌
ഗർഭം തുരന്ന ലോഹച്ചീളുകളിലെത്തിപ്പിടിക്കും.
ചിന്നിച്ചിതറാതെപോയ തലയോട്ടികളിലൊന്നിൽ
കാരുണ്യത്തിന്റെ വാടകചീട്ടുകൾ പതിയും.
അപ്പോഴും
ദാസിപ്പുരയിൽ വെയിൽകായുന്ന നീതിക്ക്‌ കൂട്ടിരിക്കാൻ
തിരുത്തിയെഴുതപ്പെട്ട മരണമൊഴികളിൽ
ഒന്നെങ്കിലുമുണ്ടാവും.

നമുക്കു ചെയ്യാനൊന്നു മാത്രം.
ഇനിയെപ്പോഴും,
മുലപ്പാലിന്റെ ബന്ധം തെളിയിക്കാൻ
ജനന സർട്ടിഫിക്കറ്റു കരുതുക.
താലിയുടെ തണലിന്‌
കല്യാണ സർട്ടിഫിക്കറ്റും.
സദാചാരത്തിന്റെ കാവലാളുകൾ കാണാതെ മാത്രം
മകളുടെ നെറുകയിൽ ചുംബിക്കുക.
കാരണം
നമ്മൾ മലയാളികളാണ്‌.
ദൈവത്തിന്റെ സ്വന്തം മലയാളികൾ.
സദാചാരത്തിന്റെ കാവലാളുകൾ.

ഷഹീർ.കെ.കെ.യു

7 comments:

ഉദയപ്രഭന്‍ said...

പോലിസ്‌കാരെപ്പോലെ എല്ലാം സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന ഒരു മലയാളി സമൂഹമാണ് ഇവിടെയുള്ളത്. സമൂഹത്തിന്റെ വേലിക്കെട്ടുകള്‍ പോലിച്ചുള്ള ഒരു സൌഹൃദവും ഇടപഴക്കലും അവര്‍ അന്ഗീകരിക്കില്ല.

പടന്നക്കാരൻ said...

Truth....

നിസാരന്‍ .. said...

നന്നായി എഴുതി.. ഒരു പക്ഷെ അന്യന്റെ സദാചാരം കാത്തു സൂക്ഷിക്കാന്‍ ഇത്രയും വെമ്പല്‍ കൊള്ളുന്ന ഒരു സമൂഹം മലയാളികള്‍ മാത്രമാകും. ഇന്ത്യയില്‍ തന്നെ മറ്റിടങ്ങളിലോ വിദേശ രാജ്യങ്ങളിലോ നമിക്കിങ്ങനെ കാണാനാകില്ല. എന്ത് കൊണ്ടായിരിക്കും ഇത്??

shabeer said...

ഇന്നിന്റെ നേർക്കാഴ്ച്ച...ഇഷ്ടായീ...സെരിക്കിനും...

Shaheer Kunhappa.K.U said...

ഇനിയുമൊരുപാടു തലമുറകളിലൂടെ, പരിവര്‍ത്തനങ്ങളിലൂടെ മാത്രമേ അതു മാറു. അത്രയ്ക്ക് ആഴത്തില്‍ അതു നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്നു.

മണ്ടൂസന്‍ said...

നമുക്കു ചെയ്യാനൊന്നു മാത്രം.
ഇനിയെപ്പോഴും,
മുലപ്പാലിന്റെ ബന്ധം തെളിയിക്കാൻ
ജനന സർട്ടിഫിക്കറ്റു കരുതുക.
താലിയുടെ തണലിന്‌
കല്യാണ സർട്ടിഫിക്കറ്റും.
സദാചാരത്തിന്റെ കാവലാളുകൾ കാണാതെ മാത്രം
മകളുടെ നെറുകയിൽ ചുംബിക്കുക.
കാരണം
നമ്മൾ മലയാളികളാണ്‌.
ദൈവത്തിന്റെ സ്വന്തം മലയാളികൾ.
സദാചാരത്തിന്റെ കാവലാളുകൾ.

വളരെ നന്നായിയെഴുതീ ട്ടോ. മറ്റുള്ളവരുടെ സദാചാരം സംരക്ഷിക്കാൻ ഇത്രയധികം ആഗ്രഹവും ത്വരയുമുള്ള ഒരു വിഭാഗം മലയാളികൾ മാത്രമായിരിക്കും. അതൊക്കെ വളരെ നന്നായിയെഴുതീട്ടുണ്ട്. ആശംസകൾ.

ajith said...

സദാചാരമില്ലാത്ത മനുഷ്യര്‍..

Post a Comment