നിങ്ങള്‍ക്കെന്റെ വരികളെ കീറിമുറിക്കാം,
ആഴങ്ങള്‍ തീര്‍ക്കാന്‍ പിറന്ന വാക്കുകളില്‍
ഏറെ ആഴത്തിലല്ലാത്ത നഖക്ഷതങ്ങള്‍ തീര്‍ക്കാം.
ഓരോ അക്ഷരങ്ങളേയും പ്രത്യേകം പ്രത്യേകം മാറ്റി നിര്‍ത്തി
അകക്കണ്ണുകളിലേക്കു നോക്കി പ്രിതൃത്വത്തെക്കുറിച്ചാരായാം.
തെളിച്ചിട്ട വഴികളിലൂടെ നടന്ന് ഇന്നലെകളില്‍ വ്യഭിചരിച്ചവയെന്ന് മുദ്ര കുത്താം,
മോഡേര്‍ണിസവും പോസ്റ്റ്മോഡേര്‍ണിസവും കേട്ടുകേള്‍വി പോലുമില്ലാത്ത അവരെ,
അവയുടെ പേരില്‍ തന്നെ വിഭജിക്കാം,
വേണമെങ്കില്‍ പുറംതള്ളുകയും ആവാം.
ഗണ, ലക്ഷണ, വൃത്ത വിന്ന്യാസങ്ങള്‍ തേടി പരാജിതരാവാം.
വെറുക്കപ്പെടേണ്ടവയെന്നു മുദ്ര കുത്താം.
ചവറ്റുകൊട്ടകളിലേക്കു വലിച്ചെറിയുകയും ആവാം.
നിരൂപണക്കളരികളില്‍ ബിരുദമെടുക്കാന്‍ കോപ്പുകൂട്ടുന്ന യുവത്വമേ..
നീ ഓര്‍ത്തുവെക്കുക,
നിന്റെ നഘച്ചീളിനുള്ളില്‍ വരണ്ടിരിക്കുന്ന രക്തക്കറ എന്റേതാണ്;
ജീവനോടെ പോസ്റ്റ് മോര്‍ട്ടം ചെയ്തില്ലാതാക്കാന്‍ ശ്രമിച്ച എന്റെ വാക്കുകളുടേതാണ്.
നിന്റെ ഭാഷാപുസ്തകത്തിലെ പുത്തന്‍ താളുകളിലൂടെ
അവര്‍ പുനര്‍ജനിക്കും.
ഏറെ താമസിയാതെ. നീ കരുതിയിരിക്കുക...
'ശിവശിവ'യിതു കലികാലമെന്നുഴറുന്ന വാര്‍ദ്ധക്ക്യമേ..
ചവറ്റുകൊട്ടകളുടെ കാരാഗൃഹത്തിലേക്കു തള്ളിവിടാന്‍ ശ്രമിച്ച,
നീ തിരസ്കരിച്ചതും, അപൂര്‍വ്വമായ് സ്വീകരിച്ചതുമായ എന്റെ വാക്കുകള്‍
വീണ്ടും നിങ്ങളെ തേടിയെത്തും;
നിങ്ങള്‍ക്ക് മുറിപ്പെടുത്തി, വെട്ടിമുറിച്ചാസ്വദിക്കാന്‍..
എന്റെ വാക്കുകളില്‍ പ്രണയമുണ്ടായിരുന്നു,
അഗ്നിച്ചിറകുള്ള ഭീകരതയും, അലറുന്ന അനാഥ ജന്‍മങ്ങളും ഉണ്ടായിരുന്നു..
നന്‍മ കിനിഞ്ഞിറങ്ങുന്ന നിലാവുകളും,
മകുട മോഹങ്ങളില്‍ തകര്‍ന്ന തെരുവുകളും ഉണ്ടായിരുന്നു.
അതൊന്നും നിങ്ങള്‍ കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിച്ചിരിക്കാം,
അതുമല്ലെങ്കില്‍ നിങ്ങളുടേതു മാത്രമായ അകക്കാഴ്ച്ചകളുടെ ഉയരത്തിനൊപ്പം പറക്കാന്‍
അവക്കാവതില്ലായിരുന്നിരിക്കാം.
പക്ഷെ, എന്റെ വാക്കുകള്‍ക്ക് പിന്തിരിഞ്ഞോടാനാവില്ല.
രക്തക്കറകളില്‍ വഴിവിളക്കുകളായ് തീര്‍ന്ന ജന്‍മങ്ങളും,
പറഞ്ഞതും, പറഞ്ഞു മുഴുമിപ്പിച്ചിട്ടില്ലാത്തവയും ഇനിയും പിറക്കും.
എന്റേതായ ഭാഷയില്‍, എന്റെ വിരല്‍ത്തുമ്പിലൂടെ...
കാരണം, അവ എന്റെ വാക്കുകളാണ്,
ഞാന്‍ തെല്ലൊരഹങ്കാരത്തോടെ നെഞ്ചേറ്റിയ എന്റെ വാക്കുകള്‍....
ഷഹീര്‍.കെ.കെ.യു.
1 comments:
good.....!!
roshamanu vikaram...?
kollam...!!
Post a Comment