നീ ദ്രവിച്ചിരിക്കുന്നു..
പാപങ്ങളില്ലാതാക്കാനൊഴുകിയ രക്തത്തില്‍ കുതിര്‍ന്ന്,
പഴയതും പുതിയതുമായ നിയമങ്ങളുടെ വേലിയേറ്റങ്ങളില്‍ പെട്ട്,
ഒറ്റുകൊടുപ്പിന്റെ വെള്ളിക്കാശുകള്‍ പങ്കിട്ടെടുക്കുന്ന മണിമേടകളിലെ
അസത്യങ്ങളുടെ തീച്ചൂളയില്‍ നീറി,
നീ തളര്‍ന്നിരിക്കുന്നു..
നിനക്കു കൂട്ടായി വിശുദ്ധമാക്കപ്പെട്ട കുറേ ജന്‍മങ്ങള്‍ മാത്രം.
നിയമങ്ങള്‍ പലതുണ്ടായിട്ടും
പഴയതിന്റേയും പുതിയതിന്റേയും പാപച്ചുമയെന്നും നിനക്കു സ്വന്തം.
പന്ത്രണ്ടില്‍ കുറയാത്ത അപ്പോസ്തലന്‍മാരുടെ സുവിശേഷങ്ങള്‍ക്കോ,
മണ്ണുപറ്റാത്ത തിരുവസ്ത്രക്കോലങ്ങള്‍ ഓശാന പാടിയിറക്കിയ ഇടയലേഖനങ്ങള്‍ക്കോ,
ഒരു ജാതിയും, ജാതികളുടെ കൂട്ടവുമായിത്തീര്‍ന്ന യാക്കോബിന്റെ സന്താന പരമ്പരക്കോ
നിന്റെ മോചനമെന്നും അപ്രാപ്യം തന്നെയോ?
'ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍' പലതു കഴിഞ്ഞു.
മുള്‍ക്കിരീടം തലയില്‍ പേറി, ധൂമ്രവസ്ത്രം ധരിച്ച്,
എല്ലാ പാപങ്ങളുമേറ്റുവാങ്ങിയൊരു ദൈവദൂതന്‍ ആദ്യം.
ചോരപുരണ്ട നിനക്കരികെ, അവന്റെ അമ്മയും,
അമ്മ സഹോദരിയുമുണ്ടായിരുന്നു।
പിന്നെ ഒരു മഗ്ദലക്കാരത്തി മറിയയും.
അവന്റെ ശരീരമിറക്കിവെച്ചപ്പോഴും,
മൂന്നാം നാള്‍ അവനുയിര്‍ത്തെഴുന്നേറ്റപ്പൊഴും,
അന്നു തൊട്ടിന്നു വരെ നിന്റെ തിരുക്കോലം നെഞ്ചേറ്റി
ഒട്ടേറെ 'ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍' ഉണ്ടായപ്പോഴും,
നിന്റെ മോചനം മാത്രമെന്തേ അസംഭവ്യമായത്... ?
വെളിപാടില്‍ ഒരു വചനം കൂടെ.
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
(കൂടെ ഒരു കുരിശും.... ഒരു പുത്തന്‍ കുരിശ്.... )
ഷഹീര്‍.കെ.കെ.യു.
4 comments:
അവന്റെ ശരീരമിറക്കിവെച്ചപ്പോഴും,
മൂന്നാം നാള്‍ അവനുയിര്‍ത്തെഴുന്നേറ്റപ്പൊഴും,
അന്നു തൊട്ടിന്നു വരെ നിന്റെ തിരുക്കോലം നെഞ്ചേറ്റി
ഒട്ടേറെ 'ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍' ഉണ്ടായപ്പോഴും,
നിന്റെ മോചനം മാത്രമെന്തേ അസംഭവ്യമായത്... ?
ഈ വരികള്‍ നന്നായി...
സുഹൃത്തേ മനോഹരമായ കവിത ...
ശരിയാണ് ഖലീല്‍ജിബ്രാന്‍പറഞ്ഞതുപോലെ
നെഞ്ചില്‍ ഒരന്പുമായാണ് പിറവി
അതവിടെ കിടക്കുന്നതും
വലിച്ചൂരുന്നതും പ്രയാസം തന്നെ...
ഇവിടെ
വെളിപാടില്‍ ഒരു വചനം കൂടെ.
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
കൂടെ ഒരു കുരിശും....
സസ്നേഹം.
ഒരു പുതുകാലക്കവിത...
ഹൃദയത്തില്‍ കൊള്ളുന്ന വരികള്‍...
ആശംസകള്‍
Post a Comment