ഒരുറക്കത്തിനപ്പുറത്തെ
കൽപ്പിത കാഴ്ച്ചകളാണ്
നമുക്കിനിയുള്ള സ്വപ്നങ്ങൾ.
ഒരേ നിറമുള്ള സ്വപ്നങ്ങൾ.
നിന്റെ സ്വപ്നങ്ങളിൽ ഞാനും,
എന്റെ സ്വപ്നങ്ങളിൽ നീയും മാത്രം.
ഇണചേരാനറിയാത്ത
രണ്ടു സർപ്പജന്മങ്ങളായ്
നീയും ഞാനും.
ഞാനൂരിയിട്ട തോലെടുത്ത്
നീയുടുക്കുക.
നിന്റേതുകൊണ്ടെന്നെ ഉടുപ്പിക്കുക.
പുനർജന്മം പോലെ
നമുക്കോരോ പടം പൊഴിച്ചിലുകൾ.
കൊക്കുരുമ്മാനറിയാത്ത
രണ്ടു അടക്കാപക്ഷികളായ്
നീയും ഞാനും.
അപശകുനങ്ങളുടെ മാറിലേക്ക്
പൊഴിച്ചിടുന്ന തൂവലുകൾ.
ബാക്കിയുള്ളാറു ജന്മങ്ങളിലും
നിനക്കണിയാനെന്നും
എന്റെ തൂവലുടുപ്പുകൾ;
എനിക്ക് നിന്റേതും.
ചുണ്ടു നനക്കാനറിയാത്ത
രണ്ടു പരൽമീനുകളായ്
നീയും ഞാനും.
നിന്റെയടയാത്ത മിഴികൾക്കടിയിൽ
എന്റെ പ്രാണനൊളിപ്പിക്കുക.
നിനക്കൊളിക്കാനെന്റെ മിഴികൾ.
അകക്കാഴ്ച്ചകൾക്കുമപ്പുറം
പുണ്യം പൊലെ പുലരികൾ
നമുക്കായ് മാത്രം.
പാതിയുടഞ്ഞ ചിന്തകളിൽ
മരണം കോരിയെടുക്കും മുൻപ്
നമുക്കൊന്നുറങ്ങാം;
അതിനു മുൻപ്,
ഒരുറക്കത്തിനപ്പുറത്തെ
അവസാന പിടച്ചിലിനു മുൻപ്,
ഒരു തവണ കൂടെ
നിന്റെ പ്രണയമെന്നൊടു പറയുക.
എന്നിട്ട്...,
എനിക്കു പകരം നീ മരിക്കുക.
നിനക്കു പകരം ഞാനും.
ഷഹീർ.കെ.കെ.യു