എന്റെ അക്ഷര ലോകത്തേക്ക്‌ സ്വാഗതം..... !!!

കിനാവുകളുടെ പെരുമഴയും, നോവിന്റെ നീർ‍ക്കുടങ്ങളും, ആനന്ദത്തിന്റെ ആർ‍പ്പുവിളികളും ഇവിടെ നിങ്ങളെ തേടിയെത്തിയേക്കാം...

എന്റെ മിഴിത്തുമ്പിലുതിർ‍ന്ന പാതിപൊള്ളിയ അക്ഷരങ്ങളിലൂടെ...

"കവിത കഥ തന്നെയാണ്. 'കഥയമമ... കഥയമമ' എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി. കവിതകളിലൂടെയാണ് ഏറ്റവും നല്ല കഥകള്‍ വന്നത്. ഇപ്പോഴുള്ള കവിതകള്‍ സിനിമയിലെ എഡിറ്റിങ് പോലെയാണ്. കഥയ്ക്ക് പ്രചാരം ലഭിച്ചത് കവിതയിലൂടെയാണ്. സംഗീതമാണ് കഥ. രണ്ടിനും വേര്‍തിരിവില്ല -- പുനത്തില്‍ കുഞ്ഞബ്ദുള്ള~~~~~~~"ബാഹ്യവസ്തുക്കളെ പ്രാപ്തമാക്കുന്നതുകൊണ്ട് ആരും മഹാനായിത്തീരുകയില്ല. അതുപോലെ പുറമേനിന്ന് കിട്ടുന്ന അറിവുകൊണ്ട് ആര്‍ക്കും ജ്ഞാനം നേടാന്‍ കഴിയുന്നതുമല്ല. എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരേയൊരു മാര്‍ഗം മാത്രമേയുള്ളൂ-സ്വയത്തെ അറിയുക -- ഓഷോ" ~~~~~~ "ഒരു തെറ്റായ ഫ്രെയിം ഒരു തെറ്റായ കാഴ്ചയാണ്. അതു തിരുത്തിയേ പറ്റു. അത് അത്രയും cruel ആണ്. അത്രയും കൃത്യവും ആണ് --എം.എന്‍ വിജയന്‍" ~~~~~~~~~~~~ “യുദ്ധം അവസാനിക്കാൻ വേണ്ടി ഇന്നത്തെ എല്ലാ രാഷ്ട്രീയ നായകന്മാർക്കും, എല്ലാ മത പ്രതിനിധികൾക്കും, എല്ലാ ചിന്തകന്മാർക്കും, എല്ലാ പട്ടാളക്കാർക്കും, ഭൂമിയിലുള്ള ഓരോ സ്ത്രീ-പുരുഷന്മാർക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള നല്ല വരട്ടു ചൊറി വരണം. -- വൈക്കം മുഹമ്മദ് ബഷീർ” ~~~~~~~~~~~~ "പുരാണകഥകളും മിത്തുകളും കടങ്കഥകളും കവിതയിലുപയോഗിച്ചതുകൊണ്ട് കവിത മിത്തായിക്കൊള്ളണമെന്നില്ല. അഗാധവും അര്‍ത്ഥവത്തുമായ ഒരനുഭവ യാഥാര്‍ത്ഥ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു മിത്തുണ്ടായി എന്നുവരാം. മിത്തുണ്ടാക്കാന്‍ വേണ്ടി കവിത എഴുതിയാല്‍ മിത്തുണ്ടാവില്ല; കവിതയുമുണ്ടാവില്ല. ഒരു നഷ്ടക്കച്ചവടം മാത്രമായിത്തീരും" -- എന്‍ . എന്‍. കക്കാട് ~~~~~~~~~~~~ "ഒരു കലാകാരന്‍ ജീവിതം പിഴിഞ്ഞുപിഴിഞ്ഞ് ഇത്തിരി കണ്ണീരും ഇത്തിരി കിനാവും ചേര്‍ത്ത് വാക്കിന്‍കൂടില്‍ വായനക്കാരന് നല്‍കുകയാണ്. വായനക്കാരന് ചെയ്യാനുള്ളത് ഇത്രമാത്രം. വൃഥയുടെ ഒരു കമ്പ് മനസ്സില്‍നിന്ന് ഊരിയെടുത്ത് ആ വാക്കിന്‍കൂടില്‍ നിന്ന് ഇത്തരി തീ കൊളുത്തുക" --പി.കെ.പാറക്കടവ് ~~~~~~~~~~~~"തോടുടഞ്ഞ്‌ ഒരു കോഴിക്കുഞ്ഞ്‌ പുറത്തു വരും പോലെ, വിത്തു പൊട്ടി ഈരില വിരിയും പോലെ, ഒരു കവിത പിറക്കുന്നു. അത്‌ ആത്മാവില്‍ നിന്ന്‌ താളിലേക്ക്‌ പറിച്ചുവെക്കുന്നതിന്റെ വേദന കവി മാത്രമറിയുന്നു. കവിത മനസ്സിലിരുന്നു മൂക്കുന്നു, വിങ്ങിപ്പൊട്ടുന്നു. സ്വന്തം രൂപം തേടുന്നു. പിറന്നു കഴിഞ്ഞാലുള്ള സുഖാലസ്യവും കവി മാത്രമറിയുന്നു. കവിത എന്റെ സ്വപ്നമാണ്‌. യാഥാര്‍ത്ഥ്യമേല്‍പ്പിക്കുന്ന മുറിവുകളുടെ വേദന ശമിപ്പിക്കുന്ന സ്വപ്നം.കവിത എന്റെ ഓര്‍മ്മയാണ്‌. മരണത്തെ വെല്ലുന്ന ഓര്‍മ്മ. കവിത സ്നേഹമാണ്‌. ഏതു ദുരന്തത്തേയും ഒഴിവാക്കാനുള്ള ഔഷധമായ സ്നേഹം. കവി സ്നേഹത്തെ സ്നേഹിക്കുന്നു" --ഒ.എന്‍.വി *****

"ഒരു കൊളാഷിയന്‍ സ്വപ്നം"



കാഴ്ചക്കപ്പുറത്തെ
നിഴല്‍ക്കൂട്ടങ്ങളിലെവിടൊക്കയോ
അവര്‍ പതിയിരിക്കുന്നുണ്ട്‌..
നഷ്ടസ്വപ്നങ്ങള്‍...
എന്റെ സന്തത സഹചാരികള്‍.
ജീവിതം മുന്നില്‍ തെളിച്ചിട്ട
വേനല്‍ വഴികളില്‍
എന്റെ കൈപിടിച്ചു
നടത്തം പഠിപ്പിച്ചവര്‍,
മഴച്ചാലോരങ്ങളില്‍
എന്നോടൊപ്പം കളിവഞ്ചി തുഴഞ്ഞവര്‍,
കണ്ണീരില്‍ പോലും
മഴവില്ല്‌ വിടര്‍ത്തി രസിക്കാന്‍ പഠിപ്പിച്ചവര്‍,
നഷ്ടസ്വപ്നങ്ങള്‍...
എന്റെ സന്തത സഹചാരികള്‍.
 
മുലപ്പാലിന്‌ വേണ്ടി ഒഴുക്കിയ കണ്ണുനീരിനെ
അമ്മയുടെ പട്ടട കൊണ്ടു തുടച്ചു തന്നവര്‍,
വിശന്നുപൊരിഞ്ഞ വയറിലേക്കാറ്റിയ വിഷത്തുള്ളികളെ
തൊണ്ടക്കുഴിയില്‍ വെച്ചു തന്നെ പുറന്തള്ളാന്‍
കരുക്കള്‍ നീക്കിയവര്‍,
ഗണിച്ചെടുത്ത്‌ നിരത്തിയ ജന്‍മസത്യങ്ങളില്‍
ഒരു പൊള്ളലായ്‌ രമിച്ചവര്‍,
പിടിവിട്ടു ചിതറിയ കളിപ്പാട്ടച്ചില്ലില്‍
കിടന്നെന്നെനോക്കി ചിരിച്ചവര്‍,
പാപച്ചിതയിലെന്റെ കര്‍മഫലങ്ങള്‍
എരിഞ്ഞു തീരും മുന്‍പേ
നെഞ്ചെല്ലിന്‍ കഷണങ്ങള്‍ക്കായ്‌ പരതിയവര്‍,
നഷ്ടസ്വപ്നങ്ങള്‍...
എന്റെ സന്തത സഹചാരികള്‍.

ഒരു പനിനീര്‍പൂവിനായ്‌
മുറിപ്പെട്ട വിരല്‍തുമ്പില്‍ നിന്നും
പ്രണയത്തിന്റെ അവസാന തുള്ളി രക്തവും
ഊറ്റിയെടുത്തവര്‍,
കരിവളക്കയ്യാല്‍ കരിമഷിയിട്ടു കറുപ്പിച്ച കണ്ണുകള്‍ക്ക്‌
എന്റെ മെയ്‌ കറുപ്പ്‌ അപ്രിയമായപ്പോള്‍
ആര്‍ത്തട്ടഹസിച്ചവര്‍,
എന്റെ ശലഭച്ചിറകില്‍
ബാധ്യതകളുടെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട്‌
ഒരായിരം വ്യര്‍ത്ഥ കൊളാഷുകള്‍ തീര്‍ക്കാന്‍
പതിയിരിക്കുന്നവര്‍..
മടുത്തു മരവിച്ച മൌനത്തിണ്റ്റെ കടക്കല്‍
പതിയിരുന്നൊരം വെക്കുന്നവര്‍..
നഷ്ടസ്വപ്നങ്ങള്‍...
എന്റെ സന്തത സഹചാരികള്‍.

ഇല്ല,
അവര്‍ക്കും മുന്നേ പറക്കും ഞാന്‍..
എരിഞ്ഞു തീരാറായ
എന്റെയീ ശലഭച്ചിറകുകള്‍ വീശി,
ഒരു ഫീനിക്സ്‌ പക്ഷിയെപ്പോലെ
എന്നൊന്നും ഞാന്‍ പറയില്ല..
പക്ഷെ എന്റെ മോക്ഷം ഞാന്‍ തന്നെ നേടിയെടുക്കും
നഷ്ടങ്ങളുടെ ഈ പേമാരിയിലെ
അവസാന തുള്ളിയെങ്കിലും
മണ്ണിലലിഞ്ഞില്ലാതാവും മുന്‍പേ...
അതെനിക്കുറപ്പാണ്‌... !!!
ഷഹീര്‍.കെ.കെ. യു

"ചുവന്ന അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ പ്രയാസമുണ്ടാവില്ല"


ഇന്നു വീണ്ടും ഞാനെണ്റ്റെ പേനയെടുത്തു.
തുമ്പിലടിഞ്ഞു കൂടിയിരുന്ന പൊടിക്കൂട്ടങ്ങളിലുടക്കി
മഷിത്തുള്ളികള്‍ പുറത്തേക്കൊഴുകാതെയായിരിക്കുന്നു.
കാലം തീര്‍ത്ത തടവറക്കുള്ളിലിരുന്ന്‌
ആ നീലമഷിയും കട്ടപിടിച്ചിരിക്കണം...എണ്റ്റെ മനസ്സുപോലെ.
എനിക്കെഴുതണം...എല്ലാം..
എണ്റ്റെ വാക്കുകളെ പ്രണയിച്ചിരുന്ന ഒരാള്‍ക്കുവേണ്ടി എനിക്കെഴുതണം.

എണ്റ്റെ നെഞ്ചിടിപ്പിനെണ്ണം കൂടുന്നുവോ?
ഒരു പേറ്റുനോവുകൂടെ ഞാനറിയുന്നുവോ ഈശ്വരാ?
എണ്റ്റെ വിരല്‍ത്തുമ്പുകള്‍ വിറക്കുന്നുവോ?
എനിക്കെല്ലാമെഴുതണം.
ചതിയുടെ ചതുപ്പുനിലങ്ങളില്‍ ഇടറി വീണുടഞ്ഞ ചിന്തകളെ കുറിച്ച്‌,
വിഷജ്വരം ബാധിച്ച്‌ തളര്‍ന്നു വീഴുന്നയെണ്റ്റെ നിഴലിനെ കുറിച്ച്‌,
ദൈര്‍ഘ്യമേറുന്ന ഭ്രാന്തന്‍ കനവുകളെ കുറിച്ച്‌,
നക്ഷത്രങ്ങളെന്നേക്കുമായന്ന്യമാവുന്ന രാത്രികളെ കുറിച്ച്‌,
എനിക്കെല്ലാമെഴുതണം.

എനിക്കൊരുപാടു ചോദിക്കാനുണ്ട്‌,
അതെ എണ്റ്റെ ഓരൊ വാക്കും ആ മനസ്സില്‍ തുളച്ചു കയറണം
വിരഹത്തിണ്റ്റെ വികൃതിക്കൈകളുടെ വേദനിപ്പിക്കുന്ന നഖപ്പാടുകള്‍
കണ്ണുകളില്‍ നനവു പടര്‍ത്തുന്നതെന്തേ?
കാലം പിഴുതെറിയുന്ന നിമിഷങ്ങളില്‍ കണ്ണീരിണ്റ്റെ നനവു പടരുമ്പോള്‍,
മനസ്സു വിങ്ങാറുണ്ടോ?

എനിക്കെല്ലാം പറയണം.
എന്നെ മുറിവേല്‍പ്പിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി.
നിണ്റ്റെ നിഴല്‍ പോലും എണ്റ്റെ കാഴ്ചയില്‍ നിന്നകന്ന്‌ പോവുമെന്നറിഞ്ഞിരുന്നെങ്കില്‍,
സത്യം....
നിന്നെ ഞാന്‍ കാണാതിരിക്കുമായിരുന്നു.
എണ്റ്റെ കേള്‍വിപ്പുറത്തു നിന്നും നിണ്റ്റെ മര്‍മരം പോലും അന്യമാവുമെന്നറിഞ്ഞിരുന്നെങ്കില്‍,
സത്യം....
നിന്നെ ഞാന്‍ കേള്‍ക്കാതിരിക്കുമായിരുന്നു.

എനിക്കെല്ലാമെഴുതണം..ചോദിക്കണം.. പറയണം
എല്ലാമെല്ലാം...
പക്ഷെ ഞാനെഴുതുന്നതെങ്ങനെ?
പണി മുടക്കിയ ഈ പേനയുടെ വയറില്‍ ഞാനെണ്റ്റെ രക്തതുള്ളികള്‍ നിറക്കട്ടെ?
അവസാന തുള്ളി വരേക്കും ഞാനെഴുതാം.
ചുവന്ന അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ പ്രയാസമുണ്ടാവില്ല.

പൊടിപിടിച്ച ഓറ്‍മ്മകള്‍ക്കു നടുവില്‍,
മൌനമൃതി കടമെടുത്ത വാക്കുകള്‍ക്കിടയിലിരുന്ന്,
വിറയാറ്‍ന്ന വിരലുകള്‍ കൊണ്ടു ഞാന്‍ തുന്നിയെടുത്ത ശവക്കച്ചയില്‍ പൊതിഞ്ഞ്‌,
ഞാനെണ്റ്റെയീ ജന്‍മത്തിനെ ഒഴുക്കാം.
പുനറ്‍ജനിക്കാതിരിക്കാന്‍ തിരകളെ കൂട്ടു പിടിക്കാം,
നക്ഷത്രങ്ങളെ കാവലിരുത്താം.
നീയുണ്ടാവണം ഈ തീരത്തു തന്നെ.
അസ്തമയത്തിണ്റ്റെ തീ ചുവപ്പില്‍ വെന്തു നീറി
എണ്റ്റെ നിഴലെങ്കിലും ഇല്ലാതാവും വരെ.
നീയുണ്ടാവണം ഈ തീരത്തു തന്നെ........

ഷഹീര്‍.കെ.കെ.യു