സര്‍ക്കാരു മതിലെന്റെയീ കൊച്ചുകോണില്‍
ഭ്രാന്താ...നീ വരച്ചിടുന്നതെന്തിങ്ങനെ?
സമരനോട്ടീസുകാര്‍ പണ്ടേ നശിപ്പിച്ചതല്ലെ
കാവി പൂശിപ്പായലരിച്ചയീ ചുമരിനെ...?
നിന്റെ കൈവെള്ളയില്‍ ഞെരിഞ്ഞ പച്ചിലകള്‍
തീര്‍ക്കുന്നത് ഒരു യുഗത്തിന്റെ നഷ്‌ടഹരിതമോ?
കരിക്കട്ട തന്‍ മാറില്‍ തുപ്പലിട്ടു നീയുരക്കുന്നത്
വെള്ളമില്ലാത്തൊരു നാളെയുടെ നാഭിയിലോ?
ചോക്കിന്റെ ചുണ്ടിലെ ചുകപ്പിലുദിക്കുന്നത്
അക്ഷരമില്ലാത്ത നൂറു കുഞ്ഞു പുലരികളൊ?
കണ്ണിമക്കാതെ നോക്കി നില്‍ക്കുന്നു കാണികള്‍,
മാന്യന്മാര്‍-വെള്ളയുടുത്തവര്‍-ഭ്രാന്തില്ലാത്തവര്‍.
നിന്റെ കൈകളിലെ ചങ്ങല തേടുന്നൂ ചിലര്‍,
ചങ്ങലയിടാത്ത നിയമത്തെ പഴിക്കുന്നൂ ചിലര്‍.
ഒന്നുമുരിയാടാതെ നോക്കി നില്‍ക്കുന്നു ഞാനും
പുകയൊഴിഞ്ഞു കത്തുന്ന സിഗരറ്റുകുറ്റിയും.
തെല്ലുനേരം കൊണ്ടു പിറന്നതൊരുകൊച്ചു ചിത്രം
ഏഴുവര്‍ണ്ണങ്ങളും വിടര്‍ത്തി ചിരിക്കുന്ന ചിത്രം.
നിന്റെ ചിത്രത്തിലെ പുഴയിലെന്തേയിത്ര വെള്ളം?
നിന്റെ ചിത്രത്തിലെ കിളികള്‍ മാത്രമെങ്ങിനെ പാടുന്നു?
ആ മലയിടുക്കിലൊളിപ്പൊച്ചുവോ നീയാ ഭ്രാന്തന്‍ ചങ്ങല?
നട്ടുച്ചനേരത്തീ സര്‍ക്കാരു കാന്‍വാസില്‍
നീ പറിച്ചുവച്ചതെന്റെ നാടിന്റെയിന്നലെയൊ?
ഭ്രാന്തില്ലാത്തവര്‍ പട്ടയമിട്ടുമല്ലാതെയും പകുത്ത നാടിന്റെ
മരണം പോലുമന്യമാവുമിന്നലെയൊ?
ഭാണ്ഠമേറ്റി നീ നടക്കുന്നതെങ്ങോട്ടു സോദരാ..?
സ്വീകരിച്ചാലുമെന്റെയീ നാണയത്തുട്ടുകള്‍.
നിന്റെ കണ്ണില്‍ തെളിഞ്ഞതേതു വികാരമേ?
എന്റെ നെഞ്ചില്‍ പിടച്ചതേതു കാലന്‍കിളി?
നീ തട്ടിത്തെറിപ്പിച്ച നാണയത്തുട്ടുകള്‍
എന്റെ ബോധതന്ത്രികളെ പ്രകമ്പനം കൊള്ളിക്കുമ്പോള്‍
ഭ്രന്തനെന്നാരെ പിന്‍വിളിക്കുന്നു...
നിന്നെയോ..... അതോ എന്നെ തന്നെയോ....?
ഷഹീര്‍.കെ.കെ.യു.