അധാർമികതയുടെ കൂട്ടിക്കൊടുപ്പിനായ്
ജനാധിപത്യത്തിന്റെ കാവല്പ്പുരകൾ തുറന്നിരിക്കുമ്പോൾ
സദാചാരത്തിന്റെ കാഹളമൂതുന്ന വിഡ്ഡികൾ
വേട്ടമൃഗത്തിന്റെ തൊലിപ്പുറത്തിരുന്ന്
നിന്നെയും എന്നെയും നോക്കി
കൊഞ്ഞനം കുത്തും.
അയലത്തെ കിടപ്പുമുറിയിലെ നിശ്വാസങ്ങളിൽ,
നിഷ്കാസിത സത്യങ്ങളുടെ ഉള്ളറകളിൽ,
ആജീവനത്തിന്റെ മുറവിളികളിൽ,
അരാഷ്ട്രിയതയുടെ ഒളിഞ്ഞുനോട്ടങ്ങളിൽ,
അസഹിഷ്ണുതയുടെ തിരയിളക്കങ്ങളിൽ,
അങ്ങനെയെല്ലായിടത്തും
സദാചാരത്തിന്റെ ക്യാമറക്കണ്ണുകൾ
‘വിബ്ജിയോർ’ ന്റെ കണക്കെടുപ്പു നടത്തും.
പിച്ചിചീന്തിയെറിയപ്പെട്ട യൌവനങ്ങളിൽ
മൂല്യച്ച്യുതിയുടെ ആറാം വിരലുടക്കും.
ആറാം വിരലില്ലാത്ത കൈകളിലൊന്ന്
ഗർഭം തുരന്ന ലോഹച്ചീളുകളിലെത്തിപ്പിടിക്കും.
ചിന്നിച്ചിതറാതെപോയ തലയോട്ടികളിലൊന്നിൽ
കാരുണ്യത്തിന്റെ വാടകചീട്ടുകൾ പതിയും.
അപ്പോഴും
ദാസിപ്പുരയിൽ വെയിൽകായുന്ന നീതിക്ക് കൂട്ടിരിക്കാൻ
തിരുത്തിയെഴുതപ്പെട്ട മരണമൊഴികളിൽ
ഒന്നെങ്കിലുമുണ്ടാവും.
നമുക്കു ചെയ്യാനൊന്നു മാത്രം.
ഇനിയെപ്പോഴും,
മുലപ്പാലിന്റെ ബന്ധം തെളിയിക്കാൻ
ജനന സർട്ടിഫിക്കറ്റു കരുതുക.
താലിയുടെ തണലിന്
കല്യാണ സർട്ടിഫിക്കറ്റും.
സദാചാരത്തിന്റെ കാവലാളുകൾ കാണാതെ മാത്രം
മകളുടെ നെറുകയിൽ ചുംബിക്കുക.
കാരണം
നമ്മൾ മലയാളികളാണ്.
ദൈവത്തിന്റെ സ്വന്തം മലയാളികൾ.
സദാചാരത്തിന്റെ കാവലാളുകൾ.
ഷഹീർ.കെ.കെ.യു