ചെറുതിലെന്റെ സ്വപ്നങ്ങളില്‍
നിറയെ കളിപ്പാട്ടങ്ങളായിരുന്നു.
കൈകൊട്ടിച്ചിരിക്കുന്ന പാവയും,
പുകയൊഴിഞ്ഞോടുന്ന കുകു വണ്ടിയും,
മരക്കുടവും മരക്കണ്ണാടിയും,
പിന്നെ ചിരട്ടക്കുള്ളില്‍ വെന്തുരുളുന്ന മണ്ണപ്പങ്ങളും.
പിന്നെ കുറേക്കാലം തണ്ണീര്‍ത്തണ്ടുകള്‍,
അവ വിറ്റു നേടുന്ന പെന്‍സില്‍ കഷണങ്ങള്‍,
(ഒരു പക്ഷെ ജീവിതത്തിലാദ്യത്തെ സമ്പാദ്യം)
ചോന്ന സൂര്യനും കള്ളക്കാറും കാണാതെ
ഏടുകള്‍ക്കുള്ളിലൊളിക്കുന്ന മയില്‍പീലികള്‍,
ആഴ്ചതോറും പെറ്റുപെരുകുന്ന പീലിത്തുണ്ടുകള്‍,
വാടകക്കോടുന്ന സൈക്കിളുകള്‍,
മാനം കീഴടക്കാന്‍ കുതിക്കുന്ന പട്ടങ്ങള്‍,
പാട്ടു പാടിയൊഴുകുന്ന പുഴ,
പുഴയിലൊഴുകുന്ന മത്സ്യകന്യകകള്‍,
പൂത്തു നില്‍ക്കുന്ന കൊന്നമരങ്ങള്‍,
കണികണ്ടു തിരയുന്ന മത്താപ്പു കൊള്ളികള്‍.......!!
പിന്നെയെപ്പൊഴോ...
വട്ടത്തിലും അല്ലാതെയും ചുരുണ്ടുയരുന്ന പുക,
നുരഞ്ഞു പൊന്തുന്ന ഗ്ലാസ്സുകള്‍,
കാതില്‍ ജാക്സന്റെയും സ്പിയറിന്റെയും കൂവല്‍,
കണ്ണിലെപ്പൊഴും അണിഞ്ഞൊരിങ്ങിയ കിളികള്‍,
(രാത്രികള്‍ അവരുടെ മാദക നൃത്തങ്ങള്‍ക്കു സ്വന്തം...)
ചൂണ്ടുവിരലില്‍ മുന്നില്‍ തിരിയുന്ന ലോകം,
സൗഹൃദത്തിന്റാഴമളക്കാന്‍ സ്വിസ് പെണ്‍കൊടികള്‍,
അടുത്ത ചാറ്റിങ്ങിന്റെ സമയമന്വേഷിച്ച്
തമ്മില്‍ത്തല്ലിയോടുന്ന സൂചികളുടെ വേഗതക്കുറവ്,
പ്രകാശവേഗതയില്‍ കറങ്ങുന്ന വണ്ടിച്ചക്രങ്ങള്‍,
അണ്ണാക്കിലേക്കാഴ്‌ന്നിറങ്ങുന്ന കോലകള്‍,
അടിവയറ്റില്‍ സ്ഥിരതാമസക്കാരായ പിസ്സകള്‍,
അങ്ങിനെ കാലത്തിനൊത്ത കോലങ്ങളേറെ...
ഉണര്‍ന്നപ്പോള്‍,
എന്റെ നെഞ്ചു നിറയെ മണ്‍ചിരാതിന്റെ കൂടുകള്‍,
എന്റെ മസ്തിഷ്ക്കം കാര്‍ന്നു തിന്നു വളരുന്നതോ - തേരട്ടകളും,
എന്റെ കവിളിലൊച്ചിറങ്ങുന്നത്,
തണുത്തുറഞ്ഞ കണ്ണുനീര്‍ത്തുള്ളികള്‍,
എന്റെ പാദങ്ങള്‍ പുണര്‍ന്നലയുന്നതോ കനല്‍ക്കട്ടയുടെ മെതിയടികള്‍.......
എന്റെ നെഞ്ചത്തണഞ്ഞുറങ്ങുന്നതോ
ഗതികിട്ടാതെയലയുന്നൊരാത്മാവും..............!!!!!
--->> ഷഹീര്‍ കെ.കെ.യു <<---