"വീടാക്കടം പോലൊരു യാത്ര"
ഇന്നുവരെ:
എന്റെയൊരു യാത്രയും
തനിച്ചുള്ളതായിരുന്നില്ലല്ലോ?
ആത്മകഥകൾക്ക് പോലുമന്ന്യപ്പെട്ട്
താളക്രമമില്ലാതെ
ഹിതങ്ങൾക്ക് വഴിപ്പെട്ട
യാത്രകളോരോന്നും
ഹിതങ്ങൾക്ക് വഴിപ്പെട്ട
യാത്രകളോരോന്നും
നിയോത്തായിരുന്നുവല്ലോ എന്നും?
നമ്മൾ മാത്രമാവുന്ന
ഇടവഴികളിലെങ്കിലും
നിന്റെ കൈ കോർത്തു നടക്കുവാൻ
ഞാൻ കൊതിച്ചിരുന്നു.
അതൊരിക്കലും നീയറിഞ്ഞിരുന്നില്ലെന്നും
ഞാൻ വിശ്വസിച്ചു.
അതുകൊണ്ട് തന്നെ -
നിന്റെ വിരലിലെ മുറിപ്പാടുകൾ
ഞാൻ കണ്ടില്ലെന്നു നടിച്ചു.
നിന്നിലൂടെ ഒഴുകിയൊലിക്കുന്നത്
എന്റെ കൂടെ പാപങ്ങളായിരുന്നു.
എന്നും:
അഹന്ത മാത്രം ആവേശിക്കപ്പെടുന്ന
ആത്മകഥായനങ്ങളുടെ
സർപ്പക്കളങ്ങളൊന്നിൽ
മേൽവിലാസം മറന്നുവെക്കാൻ
ഓർമ്മിച്ചത്
നമ്മളിൽ ആരായിരുന്നു?
ചോദ്യങ്ങളേക്കാൾ മുന്നേ
ഓടിയൊളിക്കുന്ന ഉത്തരങ്ങളിൽ
നിന്റെ കണ്ണു നിറഞ്ഞൊഴുകുമ്പോൾ,
ഇടം കണ്ണിൽ
ഞാൻ കണ്ടയുത്തരങ്ങളെ
മറച്ച് വെച്ചത് മനഃപൂർവ്വമായിരുന്നു.
ഇനി:
ഒരിക്കലെങ്കിലും
കടംകൊണ്ട കാലത്തിൽ
വീടാക്കടം പോലൊരു
യാത്ര പോവേണമെനിക്ക്.
മേൽവിലാസം നെഞ്ചിൽ കോറിയിട്ട്,
ഇടവഴികൾ തിരയാതെയൊരു യാത്ര.
ചോദ്യങ്ങളും ഉത്തരങ്ങളും
നമ്മൾ തന്നെയാവുന്നൊരു യാത്ര.
കാതങ്ങൾ താണ്ടി
നിന്റെ ഗര്ഭമുഖത്തോടുങ്ങുന്നൊരു യാത്ര.
എന്നിട്ട്
നിന്റെ പൊക്കിൾക്കൊടിയിലൂടെ
നിന്റെ മടിയിൽ ഉയിരെടുക്കണം.
കടങ്കഥ പോലൊരു പുനർജന്മം....!!!
ഷഹീർ.കെ.കെ.യു.