പ്രണയ പറുദീസകളിൽ
അടയാളപ്പെട്ടിട്ടില്ലാത്ത
മൗനങ്ങളുടെ തുരുത്തൊന്നിൽ
തിരകളെണ്ണി
ഞാനും റൂമിയുമിരിക്കുന്നു.
കൂട്ടിന്,
മറന്ന പ്രണയത്തിന്റെ
ചിലന്തി വലക്കുള്ളിലകപ്പെട്ട
കുറേ സ്മൃതികുംഭങ്ങളും
പിന്നെ,
വെറുതെയെന്റെ കാലിൽ
നക്കിയിരിക്കുന്ന
ഒരൊച്ചിൻ കുഞ്ഞും മാത്രം.
"നിന്നെ" തിരഞ്ഞില്ലാതായ
"എന്റെ" നീലാകാശങ്ങളിൽ
രാക്കുയിലുകൾ പാടാതായിരിക്കുന്നു.
ചോരയൊലിക്കുന്ന ഞരമ്പുമായ്
കാലത്തിന്റെ സന്തൂറിലിപ്പോൾ
ആജീവനത്തിന്റെ ശ്രുതി മാത്രം.
നൂറ്റാണ്ടുകൾക്കപ്പുറത്തെ
നിദ്രയിൽ നിന്നുമുതിർന്ന്
റൂമിയുടെ മറ്റൊരീണം കൂടെ
"ഷഹബാസ് അമൻ" പാടി നിർത്തുമ്പോൾ
ഒരു തുടം കണ്ണീരു മാത്രം
ബാക്കിയാവുന്നു.
ഹേ..മൗലാനാ...
ഹേ..ജാലാലുദ്ധീൻ മൗലാനാ...
ആ കാണുന്ന നക്ഷത്രങ്ങളിലൊന്ന്
എനിക്കേറ്റവും പ്രിയപ്പെട്ടതാണ്.
സ്നേഹത്തിന്റെ അനുയാത്രയിൽ
എരിഞ്ഞടരും മുൻപ്,
നീ ഒരിക്കൽ...
ഒരിക്കലെങ്കിലും...
ഒറ്റപ്പെടലിന്റെ കഥ പറയുക.
കൂടണയാൻ മറന്ന
കടൽ പക്ഷികളിലൊന്ന്
ഉപ്പിച്ച കാറ്റിനോട് കൊക്കുരുമ്മി.
മൗനമെരിയുന്ന ഇരുട്ടിൽ
തിരസ്കാരത്തിന്റെ
മറ്റൊരു കഥ കൂടെ
റൂമി പറയുവാൻ തുടങ്ങവേ,
വേദനയുടെ പിൻവഴികളിലേക്ക്
ഞാൻ നടക്കാൻ തുടങ്ങി..
എന്റെ പിന്നിൽ
വഴിതെറ്റിയൊരു വാൽനക്ഷത്രം
റൂമിയുടെ കണ്ണിൽ വീണുടഞ്ഞു.
ഷഹീർ കുഞ്ഞാപ്പ