രക്തം മണക്കുന്ന
നീർച്ചോലകൾക്കപ്പുറത്തു നിന്നും
കരിമ്പാറകെട്ടുകൾ പോലെ
ഉറച്ചു പോയ ശബ്ദങ്ങൾ
അധികാരമുഷ്ക്കിന്റെ കാടിറങ്ങി വരുമെന്ന
കാത്തിരിപ്പിലാവണം
പെണ്ണ് തോറ്റു പോയത്.
കാമത്തിന്റെ ചുരമിറങ്ങിയ
നപുംസകങ്ങൾ
അവളുടെ നാഭിക്കിരുവശമിരുന്ന്
ഇനിയേറെക്കാലം
പടയെടുക്കുമെന്ന സത്യം
തിരിച്ചറിയാതിരുന്നിടത്തവൾ
വീണ്ടും തോറ്റുപോയിരിക്കാം.
അധികാരമുകുരങ്ങളിലള്ളിപ്പിടിച്ചിരുന്ന്
ആയുസ്സൊടുങ്ങാറായ
‘ഷണ്ഠൻ ഭോഗി’ കളുടെ മുഖമറകൾ
വൈകിയെത്തുന്ന വെളിപ്പെടുത്തലുകളിൽ
ഉരിഞ്ഞു വീഴുമെന്നാശിച്ചയിടത്തും
അവൾ തോൽപ്പിക്കപ്പെട്ടിരിക്കാം.
ഒട്ടുപാലിന്റെ നാറ്റമുള്ള
ഒറ്റുകാരന്റെ വിയർപ്പിൽ മുക്കി
ദിവ്യസ്നാനം ചെയ്ത
അപ്പക്കഷണങ്ങളിലും,
വടിച്ചു കളഞ്ഞ താടിരോമത്തിലും,
പുഴുവരിക്കുന്ന തെളിവുകളിൽ
കടിച്ചു തൂങ്ങുമ്പോൾ
അവൾ വീണ്ടും വീണ്ടും തോൽപ്പിക്കപ്പെട്ടേക്കാം.
പക്ഷെ.....
ആണ്ടുകൾക്കിപ്പുറം
കപട നീതിയുടെ
സഹതാപങ്ങൾക്ക്
അവളുടെ പേരുപോലുമന്ന്യപ്പെട്ടിട്ടും,
നൂറു തവണയും തോറ്റയിടത്ത്,
ആത്മഹത്യയെന്ന തോൽവിയിൽ നിന്നും
പിന്തിരിഞ്ഞ്,
തളരാതെ ജീവിക്കുമ്പോൾ,
ജയിക്കുന്നത് അവൾ മാത്രമാണ്.
അവളുടെ മാത്രം വിജയം.
വേദനിപ്പിക്കുന്നതെങ്കിലും
ഉറപ്പുള്ള വിജയം!!!
ഷഹീർ.കെ.കെ.യു