ഖബറടക്കാന്‍ ആറടിക്കുഴിയിലേക്കെടുക്കുന്നതിനും
വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ മരിച്ചിരുന്നു.
ഒരു പതിനാലിഞ്ചു ചതുരത്തിനുള്ളില്‍
ജീവനുള്ള 'ശവ'മായി ജീര്‍ണിച്ചഴുകിയിരുന്നു.
മയ്യത്തു കട്ടിലില്‍ വിറങ്ങലിച്ചു കിടന്നവന്
ഒരിക്കലീ പള്ളിത്തൊടിയും പുഴക്കരയും പരിചിതങ്ങളായിരുന്നു;
പരിചിതമല്ലാത്ത പരിചയങ്ങളിലേക്കാഴ്ന്നിറങ്ങും വരെ, പതിനാലിഞ്ചു ചതുരസ്ക്രീനിനുള്ളിലേക്ക്
ജീവിതത്തെ സ്വയം പറിച്ചുനടും വരെ.
നിസ്കാരത്തഴമ്പുള്ള പാഴ്‌വാക്കുകളുടെ മേച്ചില്‍പ്പുറങ്ങളില്‍
മരണം കൊണ്ടു ഞാന്‍ സനാഥനാക്കപ്പെടുന്നു.
തിരിച്ചറിവിണ്റ്റെ വിയര്‍പ്പുതുള്ളികള്‍ക്കൊപ്പം
ഒരായിരം മണ്‍തരികള്‍ നെഞ്ചിലേക്കടര്‍ന്നുവീഴുന്നു.
ഭ്രഷ്ട്ടു കല്‍പ്പിച്ചു നിര്‍ത്തിയ ഇന്നലെകള്
പുനര്‍ജന്‍മത്തിനായി വാവിട്ടലറുന്നു.
വിഷുപ്പുലരിയിലെ മത്താപ്പുകൊള്ളികളും,
ചെറിയപെരുന്നാളിണ്റ്റെ മയിലാഞ്ചി മണവും,
തെക്കേകോലായിലെ വെറ്റിലക്കറയുള്ള കോളാമ്പിക്കഥകളും,
കനകാമരച്ചോട്ടില്‍ ചിതറിവീണ കുസൃതിച്ചിരികളും
പതിനാലിഞ്ചു സ്ക്രീനിലൂടെ പുനര്‍ജനിച്ചിരുന്നില്ലല്ലോ, ഒരിക്കലും?
ഒരോ മരണവും തിരിച്ചറിവുകളാണ്.
മരണം കൊണ്ട് മാത്രം സനാഥനാക്കപ്പെടുന്നവണ്റ്റെ
അനാഥമായ ഇന്നലെകള്‍ക്കു വഴിപ്പെടുന്ന തിരിച്ചറിവുകള്‍
അതെ,
തിരിച്ചറിവില്ലാതാവുന്ന വെളിപാടുകള്‍ക്ക്
ഒരോ മരണവും തിരിച്ചറിവുകളാവണം.
പതിനാലിഞ്ചു സ്ക്രീനിനുള്ളിലെ പൊയ്ക്കാഴ്ച്ചകളില്
സ്വത്വം പോലുമന്യപ്പെടുത്തുന്ന നിണ്റ്റെ ഊഴമാണിനി.
അവസാനത്തെ മണ്‍തരിയും ഖബറിലമര്‍ന്നുകഴിയുമ്പോള്‍,
മൌനത്തിലലിയുന്ന അവസാനത്തെ ദിഖ്‌റും തീരുമ്പോള്
എണ്റ്റെ മരണം പൂര്‍ണമാവുന്നു.
ഇനി നിണ്റ്റെ ഊഴമാണ്.
--- ഷഹീര്‍.കെ.കെ.യു.