ക്ലാവു പിടിച്ച സിംഹാസനങ്ങളൊക്കെയും
തകര്‍ന്നുടഞ്ഞു.
സ്വയം ഛര്‍ദ്ദിച്ചു തുപ്പിയ ആശയങ്ങളില്‍
പഴയ വേദക്കരൊക്കെയും അഴുകിത്തീര്‍ന്നു.
പല്ലുകൊഴിഞ്ഞ കിഴട്ടു സിംഹങ്ങളുടെ
ദിശയറ്റ പ്രത്യയശാസ്ത്രങ്ങള്‍,
ഉള്‍പ്പോരിന്റെ കുരുതിത്തറകളില്‍ ചത്തുമലച്ചു.
മട്ടുപ്പാവുകളിലേക്ക് വിപ്ലവം പറിച്ചു നടാന്‍
തീസീസ് എഴുതിത്തളര്‍ന്ന കുട്ടി സഖാക്കള്‍,
പേനകളേക്കാള്‍ ശക്തി വടിവാളുകള്‍ക്കാണെന്ന്
പടിച്ചും പടിപ്പിച്ചുമിറങ്ങുന്ന കുരുന്നുകള്‍,
'ഇസ'-ങ്ങളുടെ അതിര്‍വരമ്പുകളിലിന്നും
മുട്ടിലിഴഞ്ഞു പടിക്കുന്ന വിപ്ലവാചാര്യന്മാര്‍.
മരണം സുനിശ്ചിതം.
കപട രാഷ്ട്രിയത്തിന്റെ തൂലികകള്‍ക്ക് തിരുത്തിയെഴുതാന്‍
ചരിത്രങ്ങള്‍ ബാക്കിയുണ്ടാവില്ല്ല.
അശരണന്റേയും, ചൂഷിതന്റേയും
വേട്ടയാടപ്പെട്ട പ്രതീക്ഷകളില്‍ വെളിച്ചം വിതറാന്‍
മാനിഫെസ്റ്റോയുടെ ആശയ'സമ്പനത'ക്കിനിയുമാവുമോ?
ചെഞ്ചുകപ്പിന്റെ തീജ്വാലകള്‍ക്ക് ചുട്ടെരിക്കാന്‍
ഒരു തരിത്തണലും ബാക്കിയില്ലല്ലോ?
ഇനി വേണ്ടത്,
നാലിഞ്ചു നീളത്തിലൊരിരുമ്പാണി.
തെമ്മാടിക്കുഴിയിലടക്കം ചെയ്യും മുന്നേ
കാലം തീര്‍ത്ത ശവപ്പെട്ടിയിലടിച്ചുറപ്പിക്കാന്‍
അവസാനത്തെ ഒരിരുമ്പാണി.
ഷഹീര്‍.കെ.കെ.യു.